Connect with us

International

ഫ്ലൈദുബൈ സംഭവം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് തലയോട്ടിക്ക് ഗുരുതര പരുക്ക്; അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

വിദഗ്ധ ചികിത്സയ്ക്കായി സ്മിത്ത് മച്ചാറിനെ വ്യോമമാർഗം അബുദാബിയിലെ മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

റിയാദ് | ഫ്ലൈദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ക്രൂരമായ ആക്രമണത്തിനിരയായി തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സഊദി അറേബ്യയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ വ്യോമമാർഗം അബുദാബിയിലെ മിലിറ്ററി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് 170 ലധികം യാത്രക്കാരും ജീവനക്കാരുമായി പോവുകയായിരുന്ന എഫ് സെഡ് 1073 (FZ1073) വിമാനത്തിൽ വെച്ചാണ് പൈലറ്റിന് നേരെ ആക്രമണമുണ്ടായത്. വിമാനം 18,000 അടിയോളം പെട്ടെന്ന് താഴേക്ക് പതിക്കുകയും ഹൈജാക്കിംഗ് സൂചിപ്പിക്കുന്ന കോഡ് ക്വാക്ക് 7500 സന്ദേശം എയർ ട്രാഫിക് കൺട്രോളർമാർക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഒമാനി പൈലറ്റായ ഹമദ് അൽ ഹമ്മാമി കോക്ക്പിറ്റിനുള്ളിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് പൈലറ്റിനെ ആക്രമിച്ചതാണ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയത്..

ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് ഗുരുതരമായ ക്ഷതമേൽക്കുകയും വലിയ അളവിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. എന്നാൽ കടുത്ത വേദനയിലും പരിക്കിലും തളരാതെ അദ്ദേഹം അവസാന ശ്രമമെന്ന നിലയിൽ കോക്ക്പിറ്റ് വാതിൽ തുറന്നു നൽകുകയായിരുന്നു. ഇതോടെ വിമാനത്തിലെ മറ്റ് ജീവനക്കാരും യാത്രക്കാരും ഉള്ളിലേക്ക് കടന്നുവന്ന് അക്രമിയെ കീഴ്പ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണം സുരക്ഷിതമാക്കാൻ സഹായിച്ചു.

തുടർന്ന് വിമാനം സഊദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. തലയോട്ടി തകർന്ന് മസ്തിഷ്കത്തിലേക്ക് എല്ലിൻ കഷണങ്ങൾ അമർന്ന നിലയിലായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഊദിയിലെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി യു എ ഇ (UAE) യിലേക്ക് മാറ്റിയ അദ്ദേഹത്തിന് കുടുംബത്തെ കാണാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

Content Highlights

Captain Smit Machchhar suffered a depressed skull fracture after being attacked by his co-pilot aboard a flydubai flight. He underwent emergency surgery in Saudi Arabia and was later airlifted to Abu Dhabi.

---- facebook comment plugin here -----

Latest