Editors Pick
'ഒരു തവണ ഞാൻ കോക്പിറ്റ് വാതിൽ തുറന്നു, പക്ഷേ അയാൾ അടച്ചു...'; ഫ്ലൈദുബൈ വിമാനത്തിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി സ്മിത് മച്ചാർ
ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിലാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്മിത് മച്ചാർ കോക്ക്പിറ്റിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്.
ന്യൂഡൽഹി | ദുബൈൽ നിന്ന് ഇസ്റാഈലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് (Flydubai Flight Attack) വിമാനത്തിൽ വച്ച് കോ പൈലറ്റ് നടത്തിയ ആക്രമണത്തിൽ നിന്ന് വിമാനവും യാത്രക്കാരെയും രക്ഷിച്ച സാഹസിക നിമിഷങ്ങൾ വിവരിച്ച് ഇൻഡ്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാർ. ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിലാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്മിത് മച്ചാർ കോക്ക്പിറ്റിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്.
സാധാരണ നിലയിലാണ് വിമാന സർവീസ് ആരംഭിച്ചതെന്ന് സ്മിത് മച്ചാർ പറഞ്ഞു. ഭൂരിഭാഗം ആളുകളും ചെയ്യാറുള്ളതുപോലെ സഹപൈലറ്റ് പ്രാർഥിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിൽ അസ്വാഭാവികമായി ഒന്നും തോന്നാതിരുന്നതിനാൽ, അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം താൻ മുന്നോട്ട് നോക്കിയിരിക്കുകയായിരുന്നു. എന്നാൽ നാലോ അഞ്ചോ മിനിറ്റിനുശേഷം തന്റെ തലയുടെ പിൻഭാഗത്ത് ശക്തമായ അടി ലഭിക്കുകയായിരുന്നുവെന്ന് മച്ചാർ വെളിപ്പെടുത്തി.

വിമാനത്തിന് ഗുരുതരമായ തകരാർ സംഭവിച്ചുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടർച്ചയായി മർദ്ദനം നേരിട്ടതോടെ കൂടെയുള്ളയാൾ തന്നെ ആക്രമിക്കുകയാണെന്ന് തിരിച്ചറിഞ്ഞു. പ്രഹരമേറ്റതിനെ തുടർന്ന് കാഴ്ച മങ്ങുകയും ബോധം ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തെങ്കിലും ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചു. ഇതിനിടയിൽ വിമാനം വേഗത്തിൽ താഴേക്ക് പതിക്കാൻ തുടങ്ങി.
ഒരു തവണ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചെങ്കിലും ആക്രമിച്ചയാൾ അത് വീണ്ടും അടച്ചുപൂട്ടി. ഈ സമയത്ത്, താൻ കോക്ക്പിറ്റ് തറയിൽ കിടക്കുകയായിരുന്നു. വിമാനത്തിന്റെ ശബ്ദവും ആളുകളുടെ നിലവിളിയും താൻ കേട്ടു. ഇതാണ് അവസാന അവസരമെന്ന് മനസ്സിലാക്കി. തന്നെക്കൊണ്ട് കഴിയുന്നത്ര ശക്തിയെടുത്ത് പോരാടി വാതിൽ തുറക്കുകയായിരുന്നു. പുറത്ത് കാത്തിരുന്ന യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ കീഴടക്കുകയും വിമാനത്തിന്റെ നിയന്ത്രണം തിരികെ പിടിക്കുകയും ചെയ്തു – സ്മിത് മച്ചാർ വിശദീകരിച്ചു.

ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരും 27 കുട്ടികളുമായി പറന്ന ഫ്ലൈദുബൈ എഫ് സെഡ് 1073 (FZ1073) ബോയിംഗ് 737 വിമാനത്തിലാണ് സംഭവം നടന്നത്. 34000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് 17000 അടി താഴേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് എയർപോർട്ടിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു.
മുംബൈയിലെ ഘാട്കോപ്പർ സ്വദേശിയായ സ്മിത് മച്ചാറിന് വാനോളം പുകഴ്ത്തലാണ് ലഭിക്കുന്നത്. സ്പൈസ് ജെറ്റിൽ ലൈൻ ട്രെയിനിംഗ് ക്യാപ്റ്റനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് 13 വർഷത്തിലേറെ പരിചയസമ്പത്തും 9500 ലധികം മണിക്കൂർ പറക്കൽ പരിചയവുമുണ്ട്. 2022 ജൂണിലാണ് അദ്ദേഹം ഫ്ലൈദുബൈയിൽ ചേർന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമടക്കം പ്രമുഖർ അദ്ദേഹത്തിന്റെ വീരസാഹസികതയെ പ്രശംസിച്ചു.
Also Read‘ആദരിക്കുന്നു ആ ധീരതയെ’; സ്മിത്ത് മച്ചാറിന് സ്നേഹ മുത്തം നല്‍കി ശൈഖ് ഹംദാന്‍ ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയാണ് ആക്രമണം നടത്തിയ സഹപൈലറ്റ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ ആശയങ്ങൾ വെച്ചുപുലർത്തിയതിന് ഇയാളെ മുൻപ് ഒമാനിൽ പറക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. വിമാനത്തിലെ അടിയന്തര ആവശ്യങ്ങൾക്കുള്ള കോക്പിറ്റ് കോടാലി (Crash Axe) ഉപയോഗിച്ചാണ് ഇയാൾ ക്യാപ്റ്റനെ ആക്രമിച്ചതെന്ന് യു എ ഇ (UAE) അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസി അറിയിച്ചു. ഭീകരാക്രമണ ശ്രമമാണ് (Terrorist Act) നടന്നതെന്നാണ് യു എ ഇ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ബി യു സി യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ഇയാൾ ഫ്ലൈദുബൈയിൽ എട്ടു മാസത്തോളമായി ജോലി ചെയ്തുവരികയായിരുന്നു.
Content Highlights
Heroic flydubai pilot Captain Smit Machchhar recounted the harrowing cockpit attack by his co-pilot to Israeli PM Netanyahu. Machchhar fought back despite severe injuries, opening the cockpit door so passengers could subdue the attacker and avert a catastrophe over Saudi Arabia.

