agali jaleel murder
പ്രവാസിയെ മർദിച്ച് കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ
മുഖ്യപ്രതി മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹ്‌യ ഒളിവിലാണ്.

മലപ്പുറം | നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ പ്രവാസിയെ മർദിച്ച് കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അഗളി വാക്കിത്തോടിയിൽ അബ്ദുൽ ജലീൽ (42) ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു. അലിമോന്‍, അല്‍ത്വാഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി മേലാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹ്‌യ ഒളിവിലാണ്. ഇയാളാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പ്രതികൾക്ക് ഒളിച്ച് താമസിക്കാൻ സൗകര്യം ഒരുക്കിയവരും വാഹനം നൽകിയവരുമടക്കം കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
ശരീരമാസകലം കത്തിയും ബ്ലേഡും ഉപയോഗിച്ച് വെട്ടിയും മുറിച്ചും ക്രൂരമായ പീഡനം ഏറ്റനിലയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. സ്വർണക്കടത്ത് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്വാഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഊദിയിലെ ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവന്ന ജലീൽ ഈ മാസം 15ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം പെരിന്തൽമണ്ണ എത്തുമെന്ന് വിളിച്ചുപറഞ്ഞിരുന്നു. പെരിന്തൽമണ്ണക്ക് പുറപ്പെട്ട വീട്ടുകാരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ട ജലീലിനെ കാണാതായതോടെ വീട്ടുകാർ അഗളി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ ജലീൽ വീട്ടിലേക്ക് വിളിക്കുകയും അടുത്ത ദിവസം വീട്ടിലെത്തുമെന്നും പരാതി പിൻവലിക്കണമെന്നും പറഞ്ഞിരുന്നു. കീഴാറ്റൂർ ആക്കപ്പറന്പിനടുത്ത് വഴിയരികിൽ അവശനിലയിൽ കണ്ടുവെന്ന് അവകാശപ്പെട്ട് ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം ഒരു ഫോൺ നമ്പറും നൽകി മുങ്ങുകയായിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്.