Connect with us

Fish died in Periyar

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിച്ചു

ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സമിതി രൂപീകരിച്ചു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും ഇറക്കി.

അക്വാകള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ബിനു വര്‍ഗീസ് ചെയര്‍മാനും രജിസ്ട്രാര്‍ ഡോ. ദിനേശ് കെ കണ്‍വീനറുമായ സമിതിയില്‍ ഡോ. അനു ഗോപിനാഥ്, ഡോ. എം കെ സജീവന്‍, ഡോ. ദേവിക പിള്ള, ഡോ. പ്രഭാകരന്‍ എം പി, എന്‍ എസ് സനീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. മെയ് 24 നകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്.

പെരിയാറില്‍ രാസമാലിന്യം കലര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ ചത്ത മീനുകളുമായി എത്തിയാണ് മത്സ്യക്കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഓഫീസിന്റെ പരിസരത്തേക്ക് ചീഞ്ഞ മത്സ്യം പ്രതിഷേധക്കാര്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. വലിയ കുട്ടകളിലാണ് ചത്ത മീനുകളുമായി പ്രതിഷേധക്കാരെത്തിയത്. കോടികളുടെ നാശനഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്ന് മത്സ്യക്കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാനപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

പെരിയാറില്‍ രാസമാലിന്യം ഒഴുക്കിയതിനെ തുടര്‍ന്ന് 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണമായി നശിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നായിരുന്നു മത്സ്യക്കര്‍ഷകര്‍ പറഞ്ഞത്. വരാപ്പുഴ, ചേരാനെല്ലൂര്‍, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്. ഈ സാഹചര്യത്തിലാണ് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇടപെട്ട് അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഏഴംഗ സമിതി രൂപീകരിച്ചത്.

 

Latest