Connect with us

Business

നികുതി ചുമത്തിയതുകൊണ്ട് ക്രിപ്‌റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയെന്ന് കരുതേണ്ടെന്ന് ധനമന്ത്രി

നികുതി ഏര്‍പ്പെടുത്തിയതോടെ ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയെന്ന തരത്തില്‍ വ്യാപകമായി പ്രചാരം വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

Published

|

Last Updated

ന്യൂഡല്‍ഹി| ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കുന്ന വിഷയത്തില്‍ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതി ചുമത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളതെന്നും നിയമവിധേയമാക്കാനോ നിരോധിക്കാനോ നിയന്ത്രണം കൊണ്ടുവരാനോ ഇപ്പോള്‍ ആലോചിച്ചിട്ടില്ലന്നും ധനമന്ത്രി വ്യക്തമാക്കി. നിരോധിക്കണോ നിയമവിധേയമാക്കണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. തല്‍ക്കാലം ബജറ്റില്‍ നികുതി ചുമത്തുക മാത്രമാണ് ചെയ്തത്. നിയമവിധേയമാക്കിയെന്ന തരത്തില്‍ അതിനെ വ്യാഖ്യാനിക്കേണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നികുതി ഏര്‍പ്പെടുത്തിയതോടെ ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കിയെന്ന തരത്തില്‍ വ്യാപകമായി പ്രചാരം വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം റിസര്‍വ് ബേങ്ക് ഗവര്‍ണറുടെ മുന്നറിയിപ്പുകൂടി പുറത്തുവന്നതോടെയാണ് ധനമന്ത്രി നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് പണവായ്പാ അവലോകന സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ ബജറ്റില്‍ ക്രിപ്റ്റോകറന്‍സികളിലെ മൂലധനനേട്ടത്തിന് 30ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയത്. ക്രിപ്റ്റോ ഉള്‍പ്പെടയുള്ള ഡിജിറ്റല്‍ ആസ്തികളുടെ ഇടപാടില്‍ ഒരു ശതമാനം ടിഡിഎസും ചുമത്തി. ക്രിപ്റ്റോകറന്‍സി ആന്റ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്ല് സര്‍ക്കാര്‍ പരിഗണിക്കാനിരിക്കെയാണ് ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയത്. ബജറ്റ് സമ്മേളനത്തില്‍ പരിഗണിക്കുന്നവയുടെ പട്ടികയില്‍ ഈ ബില്ലിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല.

 

 

Latest