Connect with us

Editorial

കര്‍ഷക ആത്മഹത്യ; കണക്കുകള്‍ ഞെട്ടിക്കും

ജനകീയ സ്പന്ദനങ്ങള്‍ തിരിച്ചറിയുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷക്കു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരെ മുഖവിലക്കെടുക്കുകയും ചെയ്യുന്ന സര്‍ക്കാറാണ് രാജ്യത്തിന് ആവശ്യം. അതില്ലാത്ത കാലത്തോളം കര്‍ഷക ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കും.

Published

|

Last Updated

കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണക്കുകളാണ് മഹാരാഷ്ട്രയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നത്. കടക്കെണി മൂലം ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് മഹാരാഷ്ട്ര നിയമസഭയില്‍ മന്ത്രി മകരന്ത് പാട്ടീല്‍ വെളിപ്പെടുത്തിയത്. വിദര്‍ഭ മേഖലയിലാണ് ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍. അമരാവതി, ബുല്‍ധാന, അകോള, വാസിം മേഖലകളിലും ധാരാളം കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 376 പേര്‍ മാത്രമാണ് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് സഹായത്തിന് അര്‍ഹര്‍. 200ഓളം പേരെ അര്‍ഹരുടെ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി.

മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്നതല്ല കര്‍ഷക ആത്മഹത്യയില്‍ വന്ന വന്‍വര്‍ധന. മഹാരാഷ്ട്രയോളമില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിലും കൂടി വരികയാണ് കര്‍ഷക ആത്മഹത്യ. നാഷനല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ (എന്‍ സി ബി ആര്‍) 2023 ഡിസംബര്‍ മൂന്നിന് പുറത്തു വിട്ട കണക്ക് പ്രകാരം 2014 മുതല്‍ 2022 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടെ ഒരു ലക്ഷം കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ദിനംപ്രതി 30 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. മഹാരാഷ്ട്ര 5,207, കര്‍ണാടക 2,241, ആന്ധ്ര 1,045, തെലങ്കാന 818, മധ്യപ്രദേശ് 352, പഞ്ചാബ് 345, ഛത്തീസ്ഗഢ് 298, അസം 163, തമിഴ്നാട് 130, ഉത്തര്‍പ്രദേശ് 100 എന്നിങ്ങനെയാണ് 2022ല്‍ ആത്മഹത്യ ചെയ്തവരുടെ സംസ്ഥാനം തിരിച്ചുള്ള കണക്ക്. ഏറ്റവും കുറവ് കേരളത്തിലാണ്. 91 പേര്‍.

കാലാവസ്ഥാ വ്യതിയാനമാണ് കര്‍ഷക ആത്മഹത്യാ വര്‍ധനവിന് അധികൃത കേന്ദ്രങ്ങള്‍ പറയുന്ന മുഖ്യകാരണം. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള കൃഷിയാണ് രാജ്യത്ത് കൂടുതലും. കൊടും വരള്‍ച്ച, അകാലത്തിലെ തുടര്‍ച്ചയായ പേമാരി, ഉരുള്‍പൊട്ടല്‍ തുടങ്ങി അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ സ്വാഭാവികമായും കാര്‍ഷിക മേഖലയില്‍ പ്രയാസം സൃഷ്ടിക്കും. ഇത്തരം അപ്രതീക്ഷിത സാഹചര്യം മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടവും പരിപാലന ചെലവുകളും കര്‍ഷകരുടെ സാമ്പത്തികാടിത്തറ തകര്‍ക്കും. കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ വിളകളിലെ രോഗബാധ, ജലലഭ്യതക്കുറവ്, ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉപയോഗം എന്നിവയും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചുവെന്ന് കര്‍ഷക ആത്മഹത്യയെക്കുറിച്ച് സര്‍ക്കാര്‍ ഇതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കാലിത്തീറ്റയുടെ ഗണ്യമായ വിലവര്‍ധന, കാലികളിലെ ചര്‍മരോഗ വര്‍ധന എന്നിവ കാലികര്‍ഷകരെയും പ്രയാസത്തിലാക്കി.

കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ വന്യജീവി ശല്യവും കര്‍ഷകര്‍ക്ക് വിനയാകുന്നു. കാട്ടുപന്നി, ആന തുടങ്ങിയ വന്യജീവികള്‍ കൂട്ടത്തോടെ ഇറങ്ങിവന്ന് കൃഷി നശിപ്പിക്കുന്നത് പതിവു സംഭവമാണ് പല പ്രദേശങ്ങളിലും. കേരളത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണിത്. 1990ന് ശേഷം രാജ്യത്ത് നടപ്പാക്കിയ ഉദാരനയങ്ങളും ആഗോളവത്കരണവും കാര്‍ഷിക മേഖലയുടെ അടിത്തറ തകര്‍ക്കുകയും കര്‍ഷക ജീവിതം ദുരിതപൂര്‍ണമാക്കുകയും ചെയ്തതാണ് ആത്മഹത്യാനിരക്കിലെ വര്‍ധനക്ക് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജയന്തിഘോഷ്, പ്രഭാത് പട്നായിക്, ഉത്സപട്നായിക് തുടങ്ങിയ സാമ്പത്തിക വിദഗ്ധരാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

കര്‍ഷകരെ സഹായിക്കാന്‍ സബ്സിഡി, ധനസഹായം തുടങ്ങി പല ആനുകൂല്യങ്ങളും നല്‍കുന്നുണ്ട് സര്‍ക്കാര്‍. ഇതില്‍ ബഹുഭൂരിഭാഗവും പക്ഷേ അര്‍ഹരായ കര്‍ഷകരിലേക്കല്ല എത്തുന്നത്. എന്‍ സി ആര്‍ ബിയുടെ റിപോര്‍ട്ട് പ്രകാരം 1993 മുതല്‍ 2018 വരെ സര്‍ക്കാര്‍ നല്‍കിയ കാര്‍ഷിക സബ്സിഡികള്‍ വിത്തുകളുടെയും വളങ്ങളുടെയും ഉത്പാദകര്‍ക്കും ഡീലര്‍മാര്‍ക്കുമാണ് ലഭിച്ചത്; കര്‍ഷകര്‍ക്കല്ല. 2017ല്‍ 35,000 കോടി കാര്‍ഷിക വായ്പകളും സബ്സിഡികളും കര്‍ഷകരില്ലാത്ത നഗരങ്ങളായ ന്യൂഡല്‍ഹി, ഛണ്ഡീഗഢ് തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് ലഭിച്ചത്. മഹാരാഷ്ട്രയിലെ കര്‍ഷക വായ്പയുടെയും സബ്സിഡിയുടെയും 60 ശതമാനം ലഭിച്ചത് മുംബൈയിലെ സ്ഥാപനങ്ങള്‍ക്കും കര്‍ഷകരല്ലാത്ത വ്യക്തികള്‍ക്കുമാണ്. രാഷ്ട്രീയം ഒരു ബിസിനസ്സായി കാണുന്ന രാഷ്ട്രീയ നേതാക്കളും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏജന്‍സികളും കോര്‍പറേഷനുകളും കൈകടത്തി പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കീശയിലാക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുളളത്. കാര്‍ഷിക മേഖലക്ക് ബജറ്റുകളില്‍ നീക്കിവെക്കുന്ന വന്‍തുകകള്‍ എത്തിപ്പെടുന്നത് അനര്‍ഹരുടെ കൈകളിലാണ്.

ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ നേരിട്ടോ അല്ലാതെയോ ഉപജീവനത്തിനായി ആശ്രയിക്കുന്ന സുപ്രധാന മേഖലയാണ് കൃഷി. വ്യവസായ മേഖലയും സാങ്കേതിക രംഗവും ഒട്ടേറെ വളര്‍ന്നെങ്കിലും കാര്‍ഷിക രംഗത്തെ പ്രാധാന്യം ഒട്ടും കുറച്ചു കാണാനാകില്ല. ജനങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് കൃഷിയും കര്‍ഷകരുമാണ്. കര്‍ഷകരെ ആശ്രയിച്ചിരിക്കുന്നു രാജ്യത്തെ ഭക്ഷ്യസുരക്ഷ. എന്നാല്‍ സര്‍ക്കാര്‍ ഈ മേഖലക്ക് വേണ്ടത്ര പ്രാധാന്യം കല്‍പ്പിക്കുന്നില്ല. മാത്രമല്ല, ഏത് കാലഘട്ടത്തിലും ചൂഷണത്തിന് വിധേയമാകുന്ന വിഭാഗമായി മാറുകയും ചെയ്തിരിക്കുന്നു കര്‍ഷകര്‍. അവര്‍ക്ക് വേണ്ടി ബജറ്റില്‍ നീക്കിവെക്കുന്ന തുക മറ്റുള്ളവര്‍ തട്ടിയെടുക്കുന്നു. അവര്‍ കഷ്ടപ്പെട്ട് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ലാഭം ഇടത്തട്ടുകാര്‍ കൈക്കലാക്കുന്നു. സര്‍ക്കാറാകട്ടെ, കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും ക്ഷേമത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ജനകീയ സ്പന്ദനങ്ങള്‍ തിരിച്ചറിയുകയും രാജ്യത്തെ ഭക്ഷ്യസുരക്ഷക്കു വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരെ മുഖവിലക്കെടുക്കുകയും ചെയ്യുന്ന സര്‍ക്കാറാണ് രാജ്യത്തിന് ആവശ്യം. അതില്ലാത്ത കാലത്തോളം കര്‍ഷക ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കും.

 

---- facebook comment plugin here -----

Latest