Editorial
തീക്കാറ്റ് പോലെ വ്യാജ വാർത്തകൾ
വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ ആശ്രയിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാതെ യുദ്ധസംബന്ധമായ ഭീതിജനക വിവരങ്ങൾ പങ്കുവെക്കരുത്.
ആഗോളതലത്തില്‍ ഭീതിയുയര്‍ത്തി ഇസ്റാഈല്‍- ഇറാന്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കെ, ഡിജിറ്റല്‍ ലോകത്തും അരങ്ങേറിക്കൊ ണ്ടിരിക്കുന്നു ഒരു സമാന്തര ‘വിവര’യുദ്ധം. മിസൈലുകളേക്കാള്‍ വേഗത്തിലാണ് സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലൂടെ യുദ്ധത്തെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകളും വ്യാജ വീഡിയോകളും പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പഴയ യുദ്ധ ദൃശ്യങ്ങള്‍ പുതിയതെന്ന മട്ടിലും എ ഐ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ആക്രമണ വീഡിയോകളും വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയും ആഗോള സമൂഹത്തില്‍ ഇത് കടുത്ത ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കുകയുമാണ്.
‘ഇസ്റാഈലിന്റെ ഇറാന്‍ ആക്രമണം’ എന്ന തലക്കെട്ടില്‍ ബോംബ് വീണ് ഒരു നഗരത്തിലെ കെട്ടിടങ്ങള്‍ കത്തിച്ചാമ്പലാകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു എക്സ്(ട്വിറ്റര്‍), ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍. ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഇത് വര്‍ഷങ്ങളോളം പഴക്കമുള്ള ദൃശ്യങ്ങളാണെന്നും 2003ലെ ഇറാഖ് യുദ്ധകാലത്ത് ബഗ്ദാദില്‍ നടന്ന ബോംബാക്രമണത്തിന്റേതാണെന്നും വ്യക്തമായി. യുദ്ധ ഗെയിമുകളിലെ ദൃശ്യങ്ങളും പശ്ചിമേഷ്യന്‍ യുദ്ധദൃശ്യമെന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുന്നു. ‘ഇറാന്‍ മിസൈലാക്രമണം’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച ഒരു വീഡിയോ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ വീഡിയോ ഗെയിമിലെ ദൃശ്യങ്ങളാണെന്നു ബോധ്യമായി.
കൃത്രിമബുദ്ധി (എ ഐ) ഉപയോഗിച്ച് നിര്‍മിച്ച യുദ്ധദൃശ്യങ്ങളും ധാരാളം. ഈ മാര്‍ഗേണ നിര്‍മിച്ച തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെയും പേടിച്ചു വിറച്ച കുട്ടികളുടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയുണ്ടായി. സമൂഹത്തില്‍ വൈകാരിക പ്രതികരണം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇറാന്‍ നേതാക്കളുടെ പഴയ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്തും തെറ്റായ സബ്ടൈറ്റിലുകള്‍ നല്‍കിയും യുദ്ധപ്രഖ്യാപനമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.ബി ബി സി, സി എന്‍ എന്‍ തുടങ്ങിയ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ ലോഗോ ഉപയോഗിച്ചും പടച്ചുവിടുന്നു വ്യാജ യുദ്ധവാര്‍ത്തകള്‍. യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ അക്കൗണ്ടുകളുടെ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.
യുദ്ധഭൂമിയിലെ സംഭവങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതില്‍ ഒതുങ്ങുന്നില്ല വ്യാജ വാര്‍ത്താ സൃഷ്ടികള്‍. ഗള്‍ഫ് നാടുകളിലെ പ്രവാസികളുടെ സുരക്ഷയെക്കുറിച്ചും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. ‘യുദ്ധം ഗള്‍ഫ് നാടുകളിലേക്കും വ്യാപിക്കുന്നു, പ്രവാസി കളോട് രാജ്യം വിടാന്‍ നിര്‍ദേശം, യുദ്ധം കാരണം കമ്പനികള്‍ പൂട്ടുന്നു, പ്രവാസി തൊഴിലാളികളെ പിരിച്ചു വിടുന്നു, ഇന്ത്യന്‍ തൊഴിലാളികളെ കേന്ദ്രം ഒഴിപ്പിക്കുന്നു’ തുടങ്ങിയ വാര്‍ത്തകള്‍ ഈ ഗണത്തില്‍ പെട്ടതാണ്. ദുബൈ ആക്രമിക്കപ്പെട്ടു, ദോഹയില്‍ മിസൈല്‍ വീണു തുടങ്ങിയ തലക്കെട്ടോടെ ചില പഴയ യുദ്ധദൃശ്യങ്ങളും വ്യാപകമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഈ വ്യാജ സൃഷ്ടികള്‍. ഇതൊന്നും ഗള്‍ഫ് ഭരണകൂടങ്ങളോ ഇന്ത്യന്‍ സ്ഥാനപതിക ളോ ഡല്‍ഹി വൃത്തങ്ങളോ നല്‍കിയ സന്ദേശങ്ങളല്ല. യുദ്ധം യു എ ഇയിലെ പ്രവാസികളില്‍ ഒരു തരത്തിലുള്ള സുരക്ഷാഭീതിയും സൃഷ്ടിക്കുന്നില്ല, അവര്‍ പൂര്‍ണ സുരക്ഷിതരാണെന്ന് ചൊവ്വാഴ്ച അബൂദബിയില്‍ നടന്ന ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ യു എ ഇയുടെ അന്താരാഷ്ട്ര സഹകരണ മന്ത്രി ഇബ്‌റാഹീം ഹാശിമി വ്യക്തമാക്കിയതാണ്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ വഴി കടുത്ത നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെല്ലുവിളികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും മധ്യേയാണ് പ്രവാസികള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടെ പടച്ചുവിടുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ അവരുടെ മാനസിക സുരക്ഷയെയും ബാധിക്കുന്നു. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട് ഇത്തരം ഘട്ടങ്ങളില്‍. വിശ്വസനീയമായ വാര്‍ത്താ സ്രോതസ്സുകളെ ആശ്രയിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാതെ യുദ്ധസംബന്ധമായ ഭീതിജനക വിവരങ്ങള്‍ പങ്കുവെക്കരുത്. അത് വ്യാജ പ്രചാരകര്‍ക്ക് പ്രോത്സാഹനം നല്‍കും. പ്രവാസികളുടെയും അവരുടെ സ്വത്തിന്റെയും സംരക്ഷണത്തില്‍ അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സജ്ജമാണെന്നിരിക്കെ സോഷ്യല്‍ മീഡിയയിലെ ആശങ്കാജനകമായ ഇത്തരം പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്.
യുദ്ധകാലത്ത് വ്യാജ വാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളും പുതിയ പ്രതിഭാസമല്ല. ആയുധ പോരാട്ടത്തോടൊപ്പം വിവരങ്ങളുടെ പോരാട്ടവും നടന്നിട്ടുണ്ട് യുദ്ധവേളകളിലെല്ലാം തന്നെ. 1962ലെ ഇന്ത്യ- ചൈനാ യുദ്ധഘട്ടത്തിലും ഇന്ത്യ- പാക് യുദ്ധ കാലത്തും ഇറാഖ് യുദ്ധവേളയിലും വന്‍തോതില്‍ വ്യാജപ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഏതെങ്കിലുമൊരു കക്ഷി വന്‍വിജയം നേടിയെന്നു വരുത്തിത്തീര്‍ക്കുക, ശത്രുവിന്റെ ശക്തി കുറച്ചു കാണിക്കുക, മനോവീര്യം തകര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വ്യാജ പ്രചാരണത്തിനു പിന്നില്‍. മുന്‍കാലങ്ങളില്‍ പത്ര- റേഡിയോ വഴിയാണ് വ്യാജ പ്രചാരണങ്ങളെങ്കില്‍ ഇന്ന് വിരല്‍ത്തുമ്പിലെ സോഷ്യല്‍ മീഡിയയിലേക്ക് മാറി. അതോടെ അവയുടെ വ്യാപ്തിയും വേഗവും വര്‍ധിക്കുകയും ചെയ്തു. നിര്‍മിത ബുദ്ധി വന്നതോടെ ഇത് കുറേക്കൂടി അനായാസമായി. 1990കളിലെ ഇറാഖ് യുദ്ധവേളയില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഒരു പക്ഷം ചേര്‍ന്നുള്ള വാര്‍ത്തകള്‍ നല്‍കിയത് കടുത്ത വിമര്‍ശത്തിന് വിധേയമായതാണ്. ഇപ്പോള്‍ ഇസ്റാഈല്‍- ഇറാന്‍ യുദ്ധ റിപോര്‍ട്ടിംഗിലും പല അന്താരാഷ്ട്ര മാധ്യമങ്ങളും പക്ഷപാതിത്വം കാണിക്കുന്നുണ്ട്. യുദ്ധവാര്‍ത്തകളെ സമീപിക്കുമ്പോള്‍ അതീവ ജാഗ്രതയും വിമര്‍ശനാത്മക സമീപനവും ആവശ്യമായി വന്നിരിക്കുകയാണ്



