Connect with us

National

ഡല്‍ഹിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘം പിടിയില്‍

പത്താം ക്ലാസ് മുതല്‍ പിഎച്ച്.ഡി വരെയുള്ള വ്യാജ മാര്‍ക്ക് ഷീറ്റിന് 20,000 രൂപ മുതല്‍ 2,20,000 രൂപ വരെയാണ് സംഘം ഈടാക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ പിടികൂടി ഡല്‍ഹി പോലീസ്. രാജ്യത്തെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകളുടെയും സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടെയും വ്യാജ ബിരുദങ്ങളും സര്‍ട്ടിഫിക്കറ്റുകളും തയാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്ന സംഘത്തെയാണ് പോലീസ് പിടികൂടിയത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പിതാംപുരയിലുള്ള എം.എച്ച് എഡ്യൂവേഴ്സിറ്റി, ഡിജിറ്റല്‍ സ്‌കൂള്‍ ഓഫ് ഇന്ത്യ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നാണ് ദല്‍ ചന്ദ് മെഹെറോലിയ എന്ന സംഘതലവനെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തത്.

ഷാങ്ഹായ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി, വില്യം കാരി യൂണിവേഴ്സിറ്റി, ഷില്ലോങ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, കലിംഗ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികള്‍ എന്നിവയുടെ പേരിലുള്ള 19 വ്യാജ മാര്‍ക്ക് ഷീറ്റുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും പോലീസ് കണ്ടെടുത്തു. 11 ലാപ്ടോപ്പുകള്‍, 14 മൊബൈല്‍ ഫോണുകള്‍, വ്യാജ സ്റ്റാമ്പുകള്‍ എന്നിവയും പിടിച്ചെടുത്തു.

അന്വേഷണത്തിനിടെ സഹപ്രതിയായ മഹാവീര്‍ കുമാറിനെ ബുരാരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. 2020 മുതല്‍ ഈ സ്ഥാപനം നടത്തുന്നുണ്ടെന്നും നിരവധി പെണ്‍കുട്ടികളെ ഇവിടെ ടെലികോളര്‍ ജോലിക്ക് നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യപ്രതി വെളിപ്പെടുത്തി. സര്‍വകലാശാലകളിലേക്കും കോളജുകളിലേക്കും പ്രവേശനം തേടാന്‍ ഇവര്‍ വിദ്യാര്‍ഥികളെ വിളിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ ഡാറ്റ തനിക്ക് നല്‍കിയിട്ടുണ്ടെന്നും പ്രതി പറഞ്ഞു.

പത്താം ക്ലാസ് മുതല്‍ പിഎച്ച്.ഡി വരെയുള്ള വ്യാജ മാര്‍ക്ക് ഷീറ്റിന് 20,000 രൂപ മുതല്‍ 2,20,000 രൂപ വരെയാണ് സംഘം ഈടാക്കുന്നത്. തുക കൈപ്പറ്റിയ ശേഷം ബിരുദം കൊറിയര്‍ വഴിയാണ് അയച്ചുകൊടുത്തിരുന്നത്. രണ്ടായിരത്തിലധികം വ്യാജ ബിരുദങ്ങള്‍ വിറ്റിട്ടുണ്ടെന്നും തങ്ങള്‍ നല്‍കിയ വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പലരും ജോലി നേടിയിട്ടുണ്ടെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.

 

 

 

 

Latest