Connect with us

book review

ശക്തമായ കഥാപരിസരങ്ങളുടെ ആവിഷ്‌കാരം

വർണ വർഗ വിവേചനങ്ങൾക്കതീതമായ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ കാഴ്ചപ്പാടിന്റെ വിശാല സുന്ദരമായ സാംസ്‌കാരിക ഭൂമികയിൽ സ്വന്തം അസ്തിത്വം തേടുന്നവരുടെ നിസ്സഹായത കൊണ്ട് എഴുതിയതാണ് "ദളിതൻ'. കൃത്യമായി ഈ വാക്കുകൾ ചേർത്തുവെച്ച് അധിക്ഷേപം നടത്താൻ കഴിവുള്ള നമ്പീശൻ മാഷും ജാതി പാരമ്പര്യത്തിന്റെ വാലുകൊണ്ട് വലിയ ആളാകാൻ ശ്രമിക്കുന്ന പിള്ള മാഷും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് ദളിതൻ എന്ന കഥ പറയുന്നത്.

Published

|

Last Updated

മലയാളത്തിലെ കഥാകാരി ഷാഹിന ഇ കെ യുടെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് “കാറ്റും വെയിലും ഇലയും പൂവും പോലെ’ എന്നത്. 12 കഥകളടങ്ങിയതാണ് ഈ കഥാസമാഹാരം.
വാർത്തകളിലും ചർച്ചകളിലുമല്ലാതെ ഒരു ട്രാൻസ്‌ജെൻഡർ സ്വന്തം ജീവിതത്തിന്റെ ഇടവഴികളിലേക്ക് കടന്നുവരുമ്പോൾ ഒരു സ്ത്രീ നേരിടുന്ന മാനസിക സംഘർഷങ്ങളും വിഹ്വലതയുമാണ് “അവനവൾ’ എന്ന കഥയിലൂടെ കഥാകാരി പറയാൻ ശ്രമിക്കുന്നത്.

അധികാരത്തിന്റെ ഹുങ്ക് കൊണ്ട് ഭൂമിയിൽ പരസ്പരം അതിരുകൾ തിരിച്ച് ജനങ്ങളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ സംസാരിക്കുന്ന കഥയാണ് “പറുദീസാ നഷ്ടങ്ങൾ’.
വർണ വർഗ വിവേചനങ്ങൾക്കതീതമായ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ കാഴ്ചപ്പാടിന്റെ വിശാല സുന്ദരമായ സാംസ്‌കാരിക ഭൂമികയിൽ സ്വന്തം അസ്തിത്വം തേടുന്നവരുടെ നിസ്സഹായത കൊണ്ട് എഴുതിയതാണ് “ദളിതൻ’. കൃത്യമായി ഈ വാക്കുകൾ ചേർത്തുവെച്ച് അധിക്ഷേപം നടത്താൻ കഴിവുള്ള നമ്പീശൻ മാഷും ജാതി പാരമ്പര്യത്തിന്റെ വാലുകൊണ്ട് വലിയ ആളാകാൻ ശ്രമിക്കുന്ന പിള്ള മാഷും ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയാണ് ദളിതൻ എന്ന കഥ പറയുന്നത്.

നമ്മുടെ ലോകത്ത് സമീപ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ജലത്തിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റിയുള്ള മുന്നറിയിപ്പ് നൽകുന്നതാണ് “ജലം’. സ്വന്തം വീടുകളിലെ കിണറും മറ്റു നാട്ടിലെ മുഴുവൻ ജലസ്രോതസ്സുകളും അധികാരികളുടെ വലയത്തിൽ ആണെന്നും ആവശ്യത്തിനുവേണ്ട ജലം ദിനംപ്രതി നൽകുമെന്നും പറഞ്ഞ് എല്ലാ ജലസ്രോതസ്സുകളും ഗവൺമെന്റ് പിടിച്ചെടുക്കുന്നതും അതിനെതിരെ ചെറിയ രീതിയിലുള്ള പ്രതിഷേധം രൂപപ്പെടുന്നതുമാണ് ജലം എന്ന കഥയുടെ ഇതിവൃത്തം.
വീട്ടിനകത്തും പുറത്തും കുടുംബ ബന്ധത്തിലും പരിചയക്കാരിൽ സ്വന്തം ചോരയിൽ പോലും ഒരു പെണ്ണ് നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമത്തിന്റെയും അരാജകത്വത്തിന്റെയും കടുത്ത സമ്മർദത്തിനിടയിലും അതിജീവനത്തിന്റെ സാധ്യമായ വഴികൾ തേടുന്നതും അത് വിജയത്തിൽ എത്തുന്നതുമായ ശക്തമായ ഒരു കഥയാണ് കാറ്റും വെയിലും ഇലയും പൂവും പോലെ എന്നത്.

പ്രളയക്കെടുതിയിൽ വലയുന്ന മനുഷ്യന്റെ അവസ്ഥ വിവരിക്കുകയാണ് ചില കരച്ചിലുകൾ അകത്തുനിന്നോ പുറത്തുനിന്നോ എന്ന കഥ.
ഇങ്ങനെ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലായി 12 കഥകളാണ് കഥാസമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഉയ്യാല ലൂഗവയ്യ, ശവം, നഗരം പഴതാകുന്നു, കർത്താവിന്റെ തിരഞ്ഞെടുപ്പുകൾ, മുഹമ്മദ് ഇക്കോണമി, മെറ്റമോർഫോസിസ് എന്നിവയാണ് സമാഹാരത്തിലെ മറ്റു കഥകൾ.എല്ലാം ഒന്നിനൊന്നു മെച്ചം എന്ന് തന്നെ പറയാവുന്ന കഥകളാണ്.

സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളെ കൃത്യമായ ഭാഷയിൽ എഴുതിവെച്ചിട്ടുണ്ട് എഴുത്തുകാരി. വിമർശനങ്ങളുടെയും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും കഥകളും പുസ്തകത്തിൽ നമുക്ക് വായിക്കാനാകും.
മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. വില 190 രൂപ.

Latest