Connect with us

Editorial

അന്വേഷണ ഏജന്‍സികളുടെ അമിതാധികാര പ്രയോഗം

അന്വേഷണ ഏജന്‍സികളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണമാണ്. സാഹചര്യം വിലയിരുത്താതെ സാമ്പത്തിക സുരക്ഷാ ഭീഷണി പോലുള്ള ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കും.

Published

|

Last Updated

യു എ പി എയുടെ ദുരുപയോഗത്തിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് വീണ്ടും കടുത്ത വിമര്‍ശം. പശ്ചിമ ബംഗാളിലെ ബല്‍ദംഗയില്‍ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളില്‍ കൃത്യമായ അന്വേഷണം നടത്താതെയും കേസുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതെയും യു എ പി എ ചുമത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്. ബംഗാള്‍ സര്‍ക്കാര്‍ കേസിന്റെ ഫയലുകള്‍ എന്‍ ഐ എക്ക് കൈമാറുന്നതിനു മുമ്പേയാണ,് അക്രമസംഭവം സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണെന്നാരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ യു എ പി എ ചുമത്തിയത്. എല്ലാ പ്രതിഷേധ സമരങ്ങളെയും സാമ്പത്തിക സുരക്ഷക്ക് ഭീഷണിയായി കാണരുതെന്നും കേസുകളില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തുന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍വിധി പാടില്ലെന്നും കോടതി ഉണര്‍ത്തി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതും അതീവ പ്രാധാന്യമര്‍ഹിക്കുന്നതുമാണ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ. അതിന് ഭീഷണി ഉയര്‍ത്തുന്ന ഏത് നീക്കത്തെയും പ്രതിരോധിക്കേണ്ടതു തന്നെ. അതേസമയം ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി സ്വത്തുവകകള്‍ നശിപ്പിക്കപ്പെടുന്നത് സാമ്പത്തിക ഭീകരവാദവും രാജ്യസുരക്ഷക്ക് ഭീഷണിയുമായി കാണാനാകുമോ എന്നതാണ് പ്രശ്നം. സമരത്തിനിടെ വാഹനങ്ങള്‍ തകര്‍ക്കുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും കുറ്റകരമാണെന്നതില്‍ സംശയമില്ല. ഇതിനെതിരെ പ്രയോഗിക്കാന്‍ ‘പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമം-84’ പോലുള്ളവ നിലവിലുണ്ട്. യു എ പി എയിലെ ഭീകരവാദ നിര്‍വചനവുമായി ഇതിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

യു എ പി എയിലെ സാമ്പത്തിക സുരക്ഷ എന്ന പദം കള്ളനോട്ട്, വിദേശത്തെ കള്ളപ്പണ നിക്ഷേപം, ഭീകര സംഘടനകളുടെ ധനസഹായം തുടങ്ങി രാജ്യസുരക്ഷക്കും രാജ്യത്തിന്റെ സമ്പദ്ഘടനക്കും ഭീഷണി ഉയര്‍ത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. സമരങ്ങളിലെ നാശനഷ്ടങ്ങളെ അതിന്റെ പരിധിയില്‍പ്പെടുത്തുന്നത് ജനാധിപത്യപരമായ വിയോജിപ്പുകള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തുകയും ചെറിയ കുറ്റകൃത്യങ്ങളില്‍ എന്‍ ഐ എ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ഇടപെടാന്‍ അവസരമൊരുക്കുകയും ചെയ്യും. ജനാധിപത്യ രാജ്യങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ സ്വാഭാവികമാണ്. സമരങ്ങള്‍ അക്രമാസക്തമായാല്‍ സാധാരണ ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് നേരിടുകയാണ് വേണ്ടത്. അതിനെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമായി വ്യാഖ്യാനിക്കുന്നത് നിയമത്തിന്റെ അമിതപ്രയോഗമാണ്. ഒരു വ്യക്തിയോ സംഘമോ പൊതുമുതല്‍ നശിപ്പിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനുള്ള ലക്ഷ്യത്തിലാണോ, അതോ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടാകുന്ന വൈകാരികതയാണോ എന്ന് തിരിച്ചറിഞ്ഞു വേണം വകുപ്പുകള്‍ ചുമത്താനെന്നാണ് സുപ്രീം കോടതി അന്വേഷണ ഏജന്‍സികളെ ഉപദേശിക്കുന്നത്.

ഇതുസംബന്ധിച്ച് 2021 ജൂണില്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ക്ക് അടിവരയിടേണ്ടതാണ്. ‘ഭരണഘടന നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുപോകുന്നുണ്ട് പലപ്പോഴും അധികാരികളുടെ കണ്ണില്‍. ഇത് ജനാധിപത്യത്തിന് നിരക്കാത്തതും അത്യന്തം അപകടകരവുമാണെ’ന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രമേ യു എ പി എ പ്രയോഗിക്കാവൂ. നമ്മുടെ ജനാധിപത്യത്തില്‍ പ്രതിഷേധങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും സ്ഥാനമുണ്ട്. ഒരു പ്രതിഷേധം അക്രമാസക്തമായി എന്നത് കൊണ്ട് മാത്രം രാജ്യസുരക്ഷയെ അട്ടിമറിക്കാനുള്ള ശ്രമമായി കാണരുതെന്ന് കോടതി ഉണര്‍ത്തി. വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ യു എ പി എ ചുമത്തി ജയിലില്‍ അടച്ച വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണങ്ങള്‍.

എന്‍ ഐ എ പോലുള്ള അന്വേഷണ ഏജന്‍സികളില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണമാണ്. സാഹചര്യം വിലയിരുത്താതെ സാമ്പത്തിക സുരക്ഷാ ഭീഷണി പോലുള്ള ആരോപണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കും. പശ്ചിമ ബംഗാളില്‍ സംസ്ഥാന ഭരണകൂടത്തില്‍ നിന്ന് കേസിന്റെ റെക്കോര്‍ഡുകള്‍ ലഭിക്കുന്നതിനു മുന്നേ സാമ്പത്തിക കുറ്റകൃത്യത്തെ ഭീകരവാദമാക്കി മുദ്രയടിച്ച് യു എ പി എ ചുമത്തിയത് ഒട്ടും നീതീകരിക്കാനാകില്ല. യഥാര്‍ഥ ഭീകരവാദികളെ പിടികൂടുന്നതിനേക്കാളുപരി നിരപരാധികളെ വേട്ടയാടാനാണ് യു എ പി എ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ ആ നിയമത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാകും. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് യു എ പി എ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചു വരികയാണ്. അതേസമയം കേസില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുലോം കുറവും. അന്വേഷണ ഏജന്‍സികള്‍ ശക്തമായ തെളിവില്ലാതെ ദുര്‍ബല തെളിവുകളുടെ അടിസ്ഥാനത്തിലും മുന്‍വിധിയോടെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം.

ദേശീയ സുരക്ഷയുടെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന അനുവദിച്ച ജനാധിപത്യപരമായ അവകാശങ്ങളുടെയും വ്യാപ്തി ചുരുങ്ങുന്നുവെങ്കില്‍ ദേശസുരക്ഷയെ ബലപ്പെടുത്തുകയല്ല ദുര്‍ബലപ്പെടുത്തുകയായിരിക്കും പരിണതി. നിയമത്തിന്റെ ശക്തി ജനാധിപത്യത്തിന് കരുത്തായി മാറണം. ഭീതിയുടെ നിഴലായി മാറരുത്. എന്‍ ഐ എ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് ആത്മപരിശോധന നടത്താന്‍ പ്രേരകമാകേണ്ടതാണ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും നിരീക്ഷണങ്ങള്‍.