Editors Pick
ഇലക്ട്രിക് കാറുകളുടെ റേഞ്ച് കുറയുന്നുണ്ടോ? കാരണം ഇതാണ്...
നീണ്ട യാത്രയ്ക്ക് ശേഷം വാഹനം പാർക്ക് ചെയ്ത ഉടനെ ചാർജ് ചെയ്യാൻ പാടില്ല. യാത്രയ്ക്ക് ശേഷം ബാറ്ററിയും മോട്ടോറും ചൂടായിരിക്കും. ഈ സമയത്ത് ചാർജ് ചെയ്യുന്നത് താപനില വീണ്ടും വർദ്ധിപ്പിക്കാനും ബാറ്ററിയിലെ രാസപ്രവർത്തനങ്ങളെ ബാധിക്കാനും ഇടയാക്കും.
പെട്രോൾ ഡീസൽ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (Electric Vehicles) തിരിയുന്നവരുടെ എണ്ണം ഏറുകയാണ്. എന്നാൽ പുതിയ വാഹനം വാങ്ങി ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ വാഹനത്തിന്റെ മൈലേജ് അഥവാ റേഞ്ച് കുറയുന്നതായി പലരും പരാതിപ്പെടാറുണ്ട്. കമ്പനിയുടെ കുറ്റമായി ഇതിനെ കാണാറുണ്ടെങ്കിലും പലപ്പോഴും നമ്മുടെ തെറ്റായ ചാർജിങ് രീതികളാണ് ഇതിന് കാരണം.
ഉയർന്ന മൈലേജിനും ബാറ്ററിയുടെ ആരോഗ്യത്തിനും ഈ അബദ്ധങ്ങൾ ഒഴിവാക്കുക:
- സമയലാഭത്തിനായി എപ്പോഴും പബ്ലിക് ഡി സി ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിയെ ദോഷകരമായി ബാധിക്കും. ഫാസ്റ്റ് ചാർജിംഗ് സമയത്ത് ഉയർന്ന കറന്റ് കടന്നുപോകുന്നത് കൂടുതൽ ചൂട് ഉണ്ടാക്കാനും ലിഥിയം അയൺ സെല്ലുകളുടെ കരുത്ത് കുറയാനും കാരണമാകുന്നു.
- ബാറ്ററി എപ്പോഴും 100 ശതമാനം വരെ ചാർജ് ചെയ്യുന്നതും പൂജ്യം ശതമാനം ആകുമ്പോൾ മാത്രം വീണ്ടും ചാർജ് ചെയ്യുന്നതും ഒഴിവാക്കുക. വാഹന വിദഗ്ധരുടെ അഭിപ്രായത്തിൽ ഇ വി ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ 20-80 ശതമാനം എന്ന നിയമം പാലിക്കുന്നതാണ് നല്ലത്. അതായത് 20 ശതമാനം ആകുമ്പോൾ ചാർജ് ചെയ്യാനും 80 ശതമാനം എത്തുമ്പോൾ പ്ലഗ് ഊരാനും ശ്രദ്ധിക്കണം.
- നീണ്ട യാത്രയ്ക്ക് ശേഷം വാഹനം പാർക്ക് ചെയ്ത ഉടനെ ചാർജ് ചെയ്യാൻ പാടില്ല. യാത്രയ്ക്ക് ശേഷം ബാറ്ററിയും മോട്ടോറും ചൂടായിരിക്കും. ഈ സമയത്ത് ചാർജ് ചെയ്യുന്നത് താപനില വീണ്ടും വർദ്ധിപ്പിക്കാനും ബാറ്ററിയിലെ രാസപ്രവർത്തനങ്ങളെ ബാധിക്കാനും ഇടയാക്കും. യാത്ര കഴിഞ്ഞ് 30 മുതൽ 45 മിനിറ്റ് വരെ വാഹനം തണലിൽ നിർത്തിയ ശേഷം മാത്രം ചാർജ് ചെയ്യുക. ചാർജ് ചെയ്ത ഉടനെയും യാത്ര പുറപ്പെടരുത്.
- അതുപോലെ കടുത്ത വെയിലിൽ വാഹനം ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ലിഥിയം അയൺ ബാറ്ററികൾക്ക് ഉയർന്ന താപനില താങ്ങാൻ കഴിയില്ല. ഇത് തെർമൽ മാനേജ്മെന്റ് സിസ്റ്റത്തിന് ഇരട്ടി ഭാരം നൽകുന്നു. രാത്രിയിലോ തണലിലോ മാത്രം വാഹനം ചാർജ് ചെയ്യുക.
- ഒറിജിനൽ ചാർജിംഗ് കേബിളിന് നീളം കുറവാണെങ്കിൽ വിലകുറഞ്ഞ ലോക്കൽ എക്സ്റ്റൻഷൻ ബോർഡുകൾ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ലോക്കൽ ചാർജറുകൾ ശരിയായ വോൾട്ടേജ് നൽകില്ല. ഇത് ബാറ്ററി സെല്ലുകളെ നശിപ്പിക്കുക മാത്രമല്ല ഷോർട്ട് സർക്യൂട്ടിന് കാരണമാകുകയും ചെയ്യും. അതിനാൽ കമ്പനി നൽകുന്ന ഒറിജിനൽ ചാർജറും പവർ സോക്കറ്റും മാത്രം ഉപയോഗിക്കുക.
Content Highlights
Avoid EV battery degradation by stopping frequent DC fast charging. Follow the 20-80% rule, don’t charge hot batteries, avoid direct sunlight, and always use original chargers for optimal EV range.




