Connect with us

Uae

യു എ ഇ; ഇത്തിഹാദ് റെയിൽ യാത്രാ നിയമങ്ങൾ പുറത്തുവിട്ടു

ട്രെയിനിൽ കൊണ്ടുപോകാൻ അനുമതിയുള്ളതും നിരോധിച്ചതുമായ വസ്തുക്കൾ ഏതെന്നറിയാം

Published

|

Last Updated

യു എ ഇ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ പൂർണതോതിലുള്ള യാത്രാ സർവീസുകളിലേക്ക് കടക്കാനിരിക്കെ, യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ലഗേജ് നിയമങ്ങളും അടങ്ങുന്ന വിശദമായ യാത്രാ നയം പ്രഖ്യാപിച്ചു. അബൂദബിയിൽ നിന്ന് ഫുജൈറയിലേക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിൻ വെറും 105 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാനാണ് പുതിയ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കുട്ടികളുടെ യാത്ര

ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്  യാത്ര സൗജന്യമാണ്. എന്നാൽ ഇവർ ഒപ്പമുള്ള മുതിർന്ന ആളുടെ മടിയിൽ ഇരിക്കണം. ഒരു മുതിർന്ന യാത്രക്കാരന് ഒരു കുട്ടിയെ മാത്രമേ ഇങ്ങനെ സൗജന്യമായി കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ചൈൽഡ് ടിക്കറ്റ് എടുക്കണം.

14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തനിയെ യാത്ര ചെയ്യാൻ അനുമതിയില്ല. ഇവർക്കൊപ്പം പ്രായപൂർത്തിയായ ഒരാൾ ഉണ്ടായിരിക്കണം. 14 വയസ്സോ അതിൽ കൂടുതലോ ഉള്ളവർക്ക് തനിയെ യാത്ര ചെയ്യാം. കുട്ടികളുടെ മടക്കാവുന്ന സ്‌ട്രോളേഴ്സ് ട്രെയിനിൽ അനുവദിക്കും. എന്നാൽ കയറുന്നതിന് മുൻപ് ഇത് മടക്കിവെക്കണം.

വളർത്തുമൃഗങ്ങൾ

കൃത്യമായ അളവിലുള്ള പെറ്റ് കാരിയറുകളിൽ സുരക്ഷിതമായി സൂക്ഷിച്ച നിലയിൽ വളർത്തുമൃഗങ്ങളെ യാത്രക്കാർക്ക് ഒപ്പം കൂട്ടാം. ഒരാൾക്ക് ഒരു കാരിയർ മാത്രമേ അനുവദിക്കൂ. ഇത് യാത്രക്കാരന്റെ കൈവശമുള്ള ലഗേജിന്റെ പരിധിയിലാണ് കണക്കാക്കുക.

നിരോധിച്ച വസ്തുക്കൾ

എല്ലാത്തരം ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, കത്തുന്നതോ അപകടകരമായതോ ആയ രാസവസ്തുക്കൾ,  ലഹരിപദാർഥങ്ങൾ, മദ്യപാനീയങ്ങൾ, പുകവലി ഉപകരണങ്ങൾ, ഇലക്ട്രോ
ണിക് സിഗരറ്റുകൾ, വലിയ സൈസിലുള്ള ലഗേജുകൾ, സൈക്കിളുകൾ, സ്‌കൂട്ടറുകൾ, ഇ-സ്‌കൂട്ടറുകൾ, ഇ-ബൈക്കുകൾ എന്നിവ ട്രെയിനിനകത്ത് അനുവദിക്കില്ല. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ കടുത്ത ഗന്ധമുള്ള വസ്തുക്കളും കൊണ്ടുവരരുത്.

യാത്രക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷണവും പാനീയങ്ങളും ട്രെയിനിൽ കരുതാം. എന്നാൽ കടുത്ത മണമുള്ളതോ, ട്രെയിനിൽ മറിഞ്ഞു വീണ് കറപുരളാൻ സാധ്യതയുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കണം. ട്രെയിനുകൾക്കുള്ളിലോ സ്റ്റേഷൻ പരിധിയിലോ പുകവലിക്കുന്നതും വാപെ ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

സുരക്ഷാ ഉപകരണങ്ങളിൽ തകരാർ വരുത്തുക, അമിത ശബ്ദത്തിൽ ഓഡിയോ കേൾക്കുക, വാതിലുകളിലും എമർജൻസി എക്‌സിറ്റുകളിലും തടസ്സം സൃഷ്ടിക്കുക, മോശം പെരുമാറ്റം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. എല്ലാ യാത്രക്കാരെയും ലഗേജുകളെയും സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധനക്ക് വിധേയമാക്കും.

ടിക്കറ്റിംഗ്

യാത്രക്ക് അഞ്ച് മിനിറ്റ് മുൻപ് വരെ ടിക്കറ്റുകൾ ലഭ്യമാണെങ്കിലും തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണം. ടിക്കറ്റിന്റെ തരം അനുസരിച്ച് മാത്രമേ മാറ്റങ്ങളോ റീഫണ്ടോ അനുവദിക്കൂ. ഫ്ലെക്‌സ് ടിക്കറ്റുകളിൽ മാത്രമേ റീഫണ്ടും യാത്ര മാറ്റിവെക്കലും സാധ്യമാകൂ.

ഒരിക്കൽ സുരക്ഷാ മേഖല പിന്നിട്ട് പുറത്തുകടന്നാൽ അതേ ടിക്കറ്റ് ഉപയോഗിച്ച് വീണ്ടും അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അതിനായി പുതിയ ടിക്കറ്റ് എടുക്കേണ്ടി വരും. ട്രെയിൻ പുറപ്പെടുന്നതിന് രണ്ട് മിനിറ്റ് മുമ്പ് സ്റ്റേഷൻ ഗേറ്റുകൾ അടയ്ക്കും. അതിനാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കാൻ യാത്രക്കാർ നേരത്തെ സ്റ്റേഷനുകളിൽ എത്തിച്ചേരണം.

Content Highlights:
Etihad Rail has announced comprehensive passenger guidelines and luggage rules ahead of its full-scale passenger operations. The policy includes strict regulations regarding children’s travel safety, pet carriers, and prohibited items on board. Passengers must comply with security screenings and arrive early as gates close two minutes before departure.

---- facebook comment plugin here -----

Latest