Connect with us

From the print

ഇ കെ വിഭാഗം ആദര്‍ശ സമ്മേളനത്തിനെതിരെ മുശാവറക്ക് കത്ത്; ഉലമാ സമ്മേളനം സംഘടിപ്പിക്കാന്‍ നേതൃത്വം

സമ്മേളനങ്ങളില്‍ മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നുവെന്നാണ് കത്തില്‍ പരാതിയായി ഉന്നയിച്ചിരിക്കുന്നതെന്നാണ് വിവരം.

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗം ആദര്‍ശ സമ്മേളനത്തിനെതിരെ മുശാവറക്ക് കത്ത്. ഇ കെ വിഭാഗത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിലുള്ളവര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമ്മേളനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബഹാഉദ്ദീന്‍ നദ്വിയുടെ നേതൃത്വത്തിലുള്ള എതിര്‍ വിഭാഗം കത്ത് നല്‍കിയിരിക്കുന്നത്.

സമ്മേളനങ്ങളില്‍ മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നുവെന്നാണ് കത്തില്‍ പരാതിയായി ഉന്നയിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ആദര്‍ശ സമ്മേളനത്തില്‍ ഇത്തരത്തിലുള്ള വിമര്‍ശം ഉണ്ടായിട്ടില്ലെന്നും പകരം നവീന ആശയക്കാരെ ശക്തമായി വിമര്‍ശിക്കുക മാത്രമാണ് ഉണ്ടായതെന്നുമാണ് അമ്പലക്കടവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇ കെ വിഭാഗം മുശാവറ യോഗം കത്ത് ചര്‍ച്ച ചെയ്യുകയും ജില്ലാ-മേഖലാ തലങ്ങളില്‍ ഉലമാ സമ്മേളനം എന്ന പേരില്‍ ആശയ പ്രചാരണ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ഉപസമിതിയെയും നിശ്ചയിച്ചു. അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശ പ്രചാരണത്തിന്റെ ഭാഗമായാണ് സമ്മേളനമെന്നാണ് പറയുന്നത്.

അതേസമയം, ഉലമാ സമ്മേളനങ്ങള്‍ നടത്താനുള്ള മുശാവറയുടെ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഇരു വിഭാഗവും അവകാശവാദമുന്നയിക്കുന്നുണ്ട്. അനൗദ്യോഗികമായി സൃഷ്ടിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ കീഴിലാണ് ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചിരുന്നതെങ്കില്‍ നിലവില്‍ മുശാവറ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തിയെന്നും ഔദ്യോഗിക രൂപത്തില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചുവെന്നുമാണ് അമ്പലക്കടവിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

എന്നാല്‍, മുശാവറക്ക് നല്‍കിയ കത്ത് പരിഗണിച്ച് സമ്മേളനം നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമാണുണ്ടായതെന്നും അത് തങ്ങളുടെ വിജയമാണെന്നുമാണ് മറുവിഭാഗത്തിന്റെ വാദം.