Connect with us

G20 summit

ജി 20 ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം; ലോക നേതാക്കള്‍ ഭാരത് മണ്ഡപത്തില്‍

ആഫ്രിക്കന്‍ യൂണിയന്‍ ജി20യില്‍ സ്ഥിരാംഗമായിരിക്കുമെന്നും മോഡി പ്രഖ്യാപിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ജി 20 ഉച്ചകോടിക്ക് ന്യൂഡല്‍ഹി രാവിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. ഉച്ചകോടിക്ക് എത്തിയ ലോക നേതാക്കളെയും വിദേശ പ്രതിനിധികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന നഗരിയില്‍ സ്വീകരിച്ചു. യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, യു കെ പ്രധാനമന്ത്രി ഋഷി സുനാക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, സഊദി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍, യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ രാവിലെ ഒമ്പതു മണിയോടെ സമ്മേളന നഗരിയിലെത്തി.

കോവിഡിനെ പരാജയപ്പെടുത്താന്‍ നമുക്ക് കഴിയുമെങ്കില്‍, യുദ്ധം മൂലമുണ്ടായ വിശ്വാസ രാഹിത്യത്തെ ഇല്ലാതാക്കാന്‍ വിജയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, എന്നീ ആശയങ്ങള്‍ ലോകത്തിന് വഴികാട്ടിയാകും. അദ്ദേഹം പറഞ്ഞു. മൊറോക്കോയിലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹം അനുശോചനം അറിയിച്ചു. ആഫ്രിക്കന്‍ യൂണിയന്‍ ജി20യില്‍ സ്ഥിരാംഗമായിരിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. ‘ഭാരത്’ എന്ന് രേഖപ്പെടുത്തിയ  നെയിം ബോര്‍ഡാണ് ജി20 സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കവെ പീഠത്തിൽ പ്രദര്‍ശിപ്പിച്ചത്.

ഉദ്ഘാടനത്തിന് ശേഷം ‘ഒരുഭൂമി’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഉച്ചയ്ക്കു ശേഷം ‘ഒരു കുടുംബം’ എന്ന വിഷയത്തിലും ചര്‍ച്ച നടക്കും. ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. റഷ്യ-യുക്രൈന്‍ യുദ്ധത്തെച്ചൊല്ലി അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഒരുഭാഗത്തും റഷ്യയും ചൈനയും മറുഭാഗത്തും ചേരിതിരിഞ്ഞ് നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടി എന്നതു ശ്രദ്ധേയമാണ്.

ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളെയും വിദേശ പ്രതിനിധികളെയും പ്രസിഡന്റ് ദ്രൗപതി മുര്‍മു ഇന്നലെ സ്വാഗതം ചെയ്തു. ഇന്ന് രാത്രി പ്രസിഡന്റ് അവര്‍ക്ക് അത്താഴവിരുന്നും ഒരുക്കുന്നുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന മുദ്രാവാക്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മാനുഷികവുമായ ഒരു ആഗോള റോഡ്മാപ്പാണ്. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ പങ്കാളികളായ രാജ്യങ്ങള്‍ ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു.

യുക്രെയിന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉച്ചകോടിക്കവസാനം സംയുക്ത പ്രഖ്യാപനത്തിന് സാധിക്കുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയില്‍ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാര്‍ക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് പങ്കെടുക്കുന്നത്. ജി 20 യോഗത്തിനിടെ വിവിധ രാജ്യ തലവന്മാര്‍ തമ്മില്‍ നയതന്ത്ര തല ചര്‍ച്ചയും നടക്കും.  വൈകുന്നേരം രാഷ്ട്ര തലവന്മാര്‍ക്കായി രാഷ്ട്രപതി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

ഉച്ചകോടി നടക്കുന്ന ഡല്‍ഹിയില്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സൈനികരും പോലീസുമാണു സുരക്ഷ ഒരുക്കിയിരിക്കുന്നത്. നിരീക്ഷണ ക്യാമറകളും ഡ്രോണുകളും സുരക്ഷക്കുണ്ട്. ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തേക്കുള്ള പാതകളെല്ലാം അടച്ചു.