Kerala
സേവനങ്ങള്‍ വൈകുന്നുവെന്ന് പരാതി; പരീക്ഷാ ഭവനില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി എന്‍ ഷംസുദ്ദീന്‍
തിരുവനന്തപുരം| എസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും കാലതാമസം നേരിടുന്നതായ പരാതിയില്‍ പരീക്ഷാ ഭവനില്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ മിന്നല്‍ പരിശോധന നടത്തി. പരീക്ഷാ ഭവനിലെത്തിയ അപേക്ഷകരുടെ പരാതികള്‍ നേരിട്ട് കേട്ട മന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
സര്‍ട്ടിഫിക്കറ്റുകളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും രണ്ട് മുതല്‍ മൂന്ന് മാസം വരെ കാലതാമസം നേരിടുന്നതായാണ് അപേക്ഷകര്‍ പരാതിപ്പെട്ടത്. അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും പരമാവധി 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ സ്‌കൂളുകളില്‍ പോയി തിരുത്തി തിരിച്ചെത്തിക്കുന്നതിലെ കാലതാമസമാണ് നടപടികള്‍ വൈകുന്നതിന് കാരണമെന്ന് ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. നിലവിലെ സംവിധാനം കാലാനുസൃതമായി മാറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിനായി പരീക്ഷാ ഭവനില്‍ അടിയന്തരമായി 60 ലാപ്‌ടോപ്പുകള്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകള്‍ എടുക്കുന്നില്ലെന്ന പരാതിയും പരിശോധനയ്ക്കിടെ മന്ത്രിക്ക് നേരിട്ട് ബോധ്യപ്പെട്ടു. അപേക്ഷകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി റിസപ്ഷനിലും സൂപ്രണ്ടുമാര്‍ക്കും മൊബൈല്‍ ഫോണ്‍ സൗകര്യം ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
കൗണ്ടറുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള ചുമതല പരീക്ഷാ ഭവന്‍ സെക്രട്ടറിക്കാണ്. നടപടികള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ജോയിന്റ് കമ്മീഷണര്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
Content Highlights:
General Education Minister N Shamsudheen made a surprise visit to Pareeksha Bhavan due to delays in SSLC certificate corrections. He ordered officials to issue certificates within 15 days and allocated 60 laptops to speed up work. Measures to improve telephone enquiry services were also directed.



