ksrtc stricke
കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍
രാഷ്ട്രീയ പ്രേരിതമായ പണിമുടക്കെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പണിമുടക്ക് കെ എസ് ആര്‍ ടി സിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും മന്ത്രി പറഞ്ഞു. പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പത്താം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സി ഐ ടി യു പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച പണിമുടക്ക് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സി പി ഐയുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി അറിയിച്ചു.
അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുന്നത്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റേ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പണിമുടക്ക്.
ശമ്പളം മുടക്കില്ലെന്ന് മന്ത്രി പലവട്ടം ഉറപ്പു തന്നതാണ്. എന്നാല്‍ ഇതുവരെ ആ വാക്ക് പാലിക്കാന്‍ ഗതാഗത മന്ത്രിക്കൊ, കെ എസ് ആര്‍ ടി സി മാനേജ്മെന്റിനോ കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.


