Connect with us

UAE

ദുബൈ; നോൾ പാസ് പുതുക്കുന്നവർക്ക് ബോണസ് പോയിന്റുകളുമായി ആർടിഎ

യാത്രക്കാർ തിരഞ്ഞെടുക്കുന്ന സോണുകളുടെ എണ്ണത്തിന് അനുസരിച്ചാണ് ബോണസ് പോയിന്റുകൾ നിശ്ചയിച്ചിട്ടുള്ളത്.

Published

|

Last Updated

ദുബൈ|മെട്രോ, ബസ്, ട്രാം യാത്രക്കാർക്കായി ആകർഷകമായ ബോണസ് പോയിന്റ് ആനുകൂല്യങ്ങളുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). നിശ്ചിത കാലാവധിക്കുള്ളിൽ 30 ദിവസത്തെ നോൾ ട്രാവൽ പാസ് പുതുക്കുന്നവർക്കോ പുതുതായി ആക്ടിവേറ്റ് ചെയ്യുന്നവർക്കോ ആണ് നോൾ പ്ലസ് പദ്ധതിയിലൂടെ വൻതോതിൽ ബോണസ് പോയിന്റുകൾ സമ്മാനിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള പതിവ് യാത്രക്കാർക്ക് വലിയ സാമ്പത്തിക ലാഭവും ഒപ്പം സമ്മാനങ്ങളും ഉറപ്പാക്കുന്നതാണ് പുതിയ കാമ്പയിൻ.
യാത്രക്കാർ തിരഞ്ഞെടുക്കുന്ന സോണുകളുടെ എണ്ണത്തിന് അനുസരിച്ചാണ് ബോണസ് പോയിന്റുകൾ നിശ്ചയിച്ചിട്ടുള്ളത്. ഒരു സോൺ പാസ് പുതുക്കുന്നവർക്ക് 1,000 ബോണസ് പോയിന്റുകളും, രണ്ട് സോൺ പാസ് പുതുക്കുന്നവർക്ക് 2,000 ബോണസ് പോയിന്റുകളും, എല്ലാ സോണുകളുമുള്ള പാസ് പുതുക്കുന്നവർക്ക് 3,000 ബോണസ് പോയിന്റുകളും ഇക്കാലയളവിൽ ലഭിക്കും.
ആർടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് നോൾ പാസുകൾ എളുപ്പത്തിൽ പുതുക്കാവുന്നതാണ്. വെബ്‌സൈറ്റിലെ നോൾ സർവീസസ് വഴി റീന്യൂ ട്രാവൽ പാസ് തിരഞ്ഞെടുത്ത് കാർഡിന് പിന്നിലെ ടാഗ് ഐഡി. നൽകി ഓൺലൈനായി പണമടയ്ക്കണം. ഇതിനുശേഷം ഏതെങ്കിലും മെട്രോ ഗേറ്റിൽ കാർഡ് ടാപ്പ് ഇൻ ചെയ്ത് ടാഗ് ഔട്ട് ചെയ്യുന്നതോടെ പാസ് പ്രവർത്തനസജ്ജമാകും. ഈ മാസം  26 വരെയാണ് ഓഫറിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഓഫർ കാലാവധി പൂർത്തിയായി 10 ദിവസത്തിനകം ബോണസ് പോയിന്റുകൾ അർഹരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ആർടിഎ വെബ്‌സൈറ്റ് സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.
Content Highlights:
Dubai Roads and Transport Authority announced bonus points rewards for commuters who renew or activate their 30-day nol travel passes before June 26. Passengers can get up to 3000 points depending on the zones chosen. The accumulated points will be credited within 10 days after the campaign ends.

Latest