Uae
മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു
ഇന്റർപോളിന്റെയും യൂറോപോളിന്റെയും "മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.

ദുബൈ|രാജ്യാന്തര കുറ്റകൃത്യങ്ങളിൽ പങ്കുള്ള മൂന്ന് ബെൽജിയൻ പൗരന്മാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്ത് ബെൽജിയത്തിലേക്ക് നാടുകടത്തി. മതിയാസ് അകിയാസിലി, ജോർജി ഫേസ്, ഉസ്്മാൻ അൽ ബല്ലൂതി എന്നിവരെയാണ് പിടികൂടിയത്. ഇന്റർപോളിന്റെയും യൂറോപോളിന്റെയും “മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ. ഈ മൂന്ന് പ്രതികളും കുപ്രസിദ്ധമായ ഒരു സംഘം രൂപീകരിച്ച് മയക്കുമരുന്നും മനഃശാസ്ത്രപരമായ വസ്തുക്കളും കടത്തുക, കവർച്ച നടത്തുക, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് അധികൃതർ അറിയിച്ചു.
ദുബൈ പോലീസും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ വലയിലാക്കാനായത്. ബെൽജിയൻ അധികൃതർ യു എ ഇ നീതിന്യായ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗത്തിന് നൽകിയ വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നാടുകടത്തുന്നതിന് മുമ്പായി എല്ലാ നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും പോലീസ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കാനും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ പോലീസ് അറിയിച്ചു.