Connect with us

Uae

ദുബൈ; 2025 - 2026 സ്‌കൂൾ വർഷത്തേക്കുള്ള ഔദ്യോഗിക അക്കാദമിക് കലണ്ടർ പുറത്തിറക്കി

വേനൽക്കാല അവധിക്ക് ശേഷം 2025 ആഗസ്റ്റ് 25ന് ക്ലാസുകൾ പുനരാരംഭിക്കും

Published

|

Last Updated

ദുബൈ | സ്വകാര്യ സ്‌കൂളുകളുടെ പ്രധാന ടേം തീയതികളും അവധി ദിനങ്ങളും വിശദീകരിച്ചുകൊണ്ട് ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) 2025 – 2026 സ്‌കൂൾ വർഷത്തേക്കുള്ള ഔദ്യോഗിക അക്കാദമിക് കലണ്ടർ പുറത്തിറക്കി.

രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം 2025 ആഗസ്റ്റ് 25ന് ക്ലാസുകൾ പുനരാരംഭിക്കും. ഡിസംബർ 15ന് ശൈത്യകാല അവധി ആരംഭിക്കും. മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം 2026 ജനുവരി അഞ്ചിന് വിദ്യാർഥികൾ സ്‌കൂളിലേക്ക് മടങ്ങും. മാർച്ച് 23ന് വസന്തകാല അവധി ആരംഭിക്കും. മിക്ക സ്‌കൂളുകളും ഏപ്രിൽ ആറിന് ക്ലാസുകൾ പുനരാരംഭിക്കും. എന്നിരുന്നാലും വിദ്യാഭ്യാസ മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകൾ ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 13ന് തിരിച്ചെത്തും.

പാഠ്യപദ്ധതി അനുസരിച്ച് വർഷാവസാന തീയതികൾ വ്യത്യാസപ്പെടും. അന്താരാഷ്ട്ര പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്ന സ്‌കൂളുകൾ കുറഞ്ഞത് 2026 ജൂൺ 26 വരെ തുറന്നിരിക്കണം. അതേസമയം, ഏപ്രിലിൽ അക്കാദമിക് സെഷൻ ആരംഭിക്കുന്ന ഇന്ത്യൻ പാഠ്യപദ്ധതി സ്‌കൂളുകൾ 2026 മാർച്ച് 31ന് സ്‌കൂൾ വർഷം അവസാനിക്കണം. മൊത്തത്തിൽ, അധ്യയന വർഷത്തിൽ കുറഞ്ഞത് 182 സ്‌കൂൾ ദിവസങ്ങൾ ഉൾപ്പെടും. ഇത് പഠന നിലവാരം നിലനിർത്തുന്നതിനും വിദ്യാർഥികൾക്ക് മതിയായ പഠന സമയം ഉറപ്പാക്കുന്നതിനുമുള്ള കെ എച്ച് ഡി എയുടെ തുടർച്ചയായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

ആഗസ്റ്റിൽ അക്കാദമിക് വർഷം ആരംഭിക്കുന്ന എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പുതുക്കിയ കലണ്ടർ ബാധകമാണ്. സ്‌കൂളുകൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവർ വരും വർഷത്തേക്ക് കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ സഹായിക്കുക എന്നതും കലണ്ടറിന്റെ ലക്ഷ്യമാണ്.

Latest