Connect with us

National

ഡല്‍ഹി പോലീസ് ആസ്ഥാനത്ത് സേന അംഗങ്ങള്‍ യൂണിഫോമില്‍ സമരം സംഘടിപ്പിച്ചു

അഭിഭാഷകരുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെയാണ് സമരം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്ത് യൂണിഫോമില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സേനയില്‍ അത്യപൂര്‍വമായ സമരം ഭരണ സിരാ കേന്ദ്രത്തെ ഞെട്ടിച്ചു. രാജ്യ തലസ്ഥാനത്ത് നിരന്തരം സമരത്തെ നേരിടുന്ന പോലീസ് സേന തന്നെ സമരവുമായി രംഗത്തിറങ്ങിയത് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

അഭിഭാഷകരുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഒരു വിഭാഗം നേരത്തെ അറിയിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം തടയാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് (ഡി സി പി) തങ്ങള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും അവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉന്നതര്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 23 ന് ഷഹ്ദാര പോലീസ് സ്റ്റേഷനില്‍ നടന്ന സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ ലളിത് ബന്‍സലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആരോപിക്കപ്പെടുന്ന സംഭവമാണ് സമരത്തിലേക്കു നയിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ കോടതി അഭിഭാഷകര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഗാന്ധി നഗറില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായി നിയമിതനായ എ സി പി മാനസ്വി വസിഷ്ഠയെ ഒക്ടോബര്‍ 28 ന് ഡല്‍ഹി പോലീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പോലീസ് യൂണിറ്റിലേക്ക് സ്ഥലം മാറ്റി.

ഷഹ്ദാര പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ് എച്ച്ഒ ആയിരുന്ന ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിനെ സുരക്ഷാ യൂണിറ്റിലേക്ക് മാറ്റി. ബന്‍സാലിനെതിരായ ആക്രമണത്തിനും തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഉണ്ടായ ഏറ്റുമുട്ടലിനും ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന അഭിഭാഷകരുടെ ആവശ്യത്തിനിടയിലാണ് സ്ഥലംമാറ്റങ്ങള്‍. പോലീസും നിയമ സമൂഹവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സേനയെ പ്രതിസന്ധിയിലാക്കി.

Content Highlights: Delhi Police personnel staged a rare protest in uniform outside the police headquarters following action over a clash with lawyers. The protest erupted after an ACP and an Inspector were transferred over the Shahdara police station incident. The move comes amid an ongoing strike by district court lawyers.

Latest