Kerala
ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന; യുവതി പിടിയില്‍
വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പോലീസാണ് അറസ്റ്റു ചെയ്തത്.
തൃശൂര്‍|ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പോലീസാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍, മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപ, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.
തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പോലീസ്-എക്സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍.




