Connect with us

Editorial

ആശുപത്രികളിലെ മരുന്ന്ക്ഷാമം പരിഹരിക്കണം

സാധാരണക്കാരും നിർധനരുമാണ് സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരിൽ ബഹുഭൂരിഭാഗവും. ഇവർക്കാവശ്യമായ മരുന്നുകളും ടെസ്റ്റുകളും ഈ ആശുപത്രികളിൽ നിന്ന് ലഭ്യമാകേണ്ടതുണ്ട്.

Published

|

Last Updated

സംസ്ഥാനത്ത് വേനൽച്ചൂട് അസാധാരണമാം വിധം വർധിച്ച സാഹചര്യത്തിൽ നിർജലീകരണം മൂലമുള്ള ദേഹാസ്വാസ്ഥ്യം, വയറിളക്കം, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ കൂടുതലായി റിപോർട്ട് ചെയ്യപ്പെടുകയാണ്. സംസ്ഥാനത്ത് 146 എ എച്ച് 1 എൻ കേസുകൾ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിൽ പനി നിരീക്ഷണം ശക്തമാക്കാനും ഫീൽഡ്തല പ്രവർത്തനങ്ങളുടെ റിപോർട്ടിംഗ് കൃത്യമായി നടത്താനും ആരോഗ്യ ജാഗ്രതാ നിർദേശം പുറത്തിറക്കാനും കഴിഞ്ഞ ദിവസം ചേർന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഈ ഭീഷണ സാഹചര്യത്തെ നേരിടാൻ തക്ക വിധം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണോ? സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു മരുന്നില്ല. ആന്റിബയോട്ടിക്കുകൾ, കുട്ടികളുടെ സിറപ്പുകൾ, പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുടെ മരുന്നുകൾ, പരുക്കേറ്റവർക്ക് നൽകുന്ന ടി ടി ഇഞ്ചക്ഷൻ തുടങ്ങി നിരവധി മരുന്നുകളും നീഡിൽ, സിറിഞ്ച്, ഗ്ലൗസ് തുടങ്ങിയ ഉപകരണങ്ങളും സ്റ്റോക്കില്ല മിക്ക സർക്കാർ ആശുപത്രികളിലും. പനിക്കുള്ള പാരസിറ്റാമോൾ പോലും ഇല്ലാത്ത ആശുപത്രികളുമുണ്ട്. രോഗികൾ ഇവയെല്ലാം പുറത്തു നിന്ന് വാങ്ങിക്കേണ്ട അവസ്ഥയാണ്. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്നും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടിൽ നിന്നും പണം നൽകിയിട്ടും കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ എം എസ് സി എൽ) കൃത്യമായി മരുന്നുകൾ എത്തിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം നേരിടുമ്പോൾ രോഗികൾ ആശ്രയിക്കാറുള്ള കാരുണ്യ, മാവേലി മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവയിലും പല മരുന്നുകളും സ്റ്റോക്കില്ല.

2019-20, 2021-22 വർഷങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ഒ പിയിൽ എത്തുന്ന രോഗികൾ കുറവായിരുന്നു. അക്കാലത്തെ മരുന്നിന്റെ ഇൻഡന്റ് കണക്കാക്കിയാണ് ഇതുവരെയും മരുന്നു എത്തിച്ചിരുന്നത്. എന്നാൽ കൊവിഡാനന്തരം രോഗികളുടെ എണ്ണം പൂർവോപരി കൂടിയിട്ടുണ്ട്. ഇതാണ് മരുന്നു ക്ഷാമത്തിന് കാരണമെന്നാണ് സർക്കാർ ആശുപത്രികളിൽ മരുന്നു വിതരണം നടത്തുന്ന കെ എം എസ് സി എൽ അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം മരുന്നു വിതരണം നടത്തിയ വകയിൽ കെ എം എസ് സി എല്ലിന് അമ്പത് കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. ഈ മാസം 31നകം പണം നൽകണമെന്നാവശ്യപ്പെട്ടു ആരോഗ്യ ഡയറക്ടറേറ്റിന് അവർ കത്ത് നൽകിയിരിക്കുകയാണ്. മരുന്നു വിതരണം താളം തെറ്റാൻ ഇതും കാരണമെന്നാണ് അറിയുന്നത്.

മരുന്നു ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി ആദ്യത്തിൽ മന്ത്രി വീണാ ജോർജ് വിളിച്ചു ചേർത്ത യോഗത്തിൽ ഓരോ ആശുപത്രിയുടെയും വാർഷിക പരിധിയേക്കാൾ 25 ശതമാനം തുക അധികമായി നൽകാൻ തീരുമാനിക്കുകയുണ്ടായി. ഇതടിസ്ഥാനത്തിൽ വാർഷിക എസ്റ്റിമേറ്റിനേക്കാൾ 25 ശതമാനം കൂടുതൽ മരുന്നുകൾ അനുവദിക്കാൻ കെ എം എസ് സി എൽ സംഭരണ മാനേജർമാർക്ക് അനുമതി നൽകുകയും ആവശ്യത്തിൽ കൂടുതൽ മരുന്നുകൾ സ്റ്റോക്കുള്ള ആശുപത്രികൾ മരുന്നുക്ഷാമം അനുഭവിക്കുന്ന ആശുപത്രികൾക്കു മരുന്നു എത്തിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും മരുന്ന് ക്ഷാമം ഇപ്പോഴും തുടരുകയാണ്.

ഒരു വർഷത്തോളമായി സർക്കാർ ആശുപത്രികളിലേക്കുള്ള കെ എം എസ് സി എല്ലിന്റെ മരുന്നു വിതരണം താളം തെറ്റിയിട്ട്. സാധാരണഗതിയിൽ കെ എം എസ് സി എൽ ആശുപത്രികളിലേക്കാവശ്യമായ മരുന്നിന് ജനുവരിയിൽ പർച്ചേഴ്‌സ് നൽകി ഏപ്രിലിലാണ് കമ്പനികൾ മരുന്നു നൽകുന്നത്. എന്നാൽ 2022ൽ പതിവു തെറ്റിച്ചു ജൂൺ അവസാന വാരവും ജൂലൈ ആദ്യവാരവുമാണ് ഓർഡർ നൽകിയത്. അന്നു തുടങ്ങിയതാണീ താളപ്പിഴ. കഴിഞ്ഞ വർഷം ആരോഗ്യ വകുപ്പ് ഉന്നതതലയോഗം ചേർന്നു കെ എം എസ് സി എല്ലിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും വേണ്ടിവന്നാൽ അടിമുടി അഴിച്ചു പണിയാനും തീരുമാനമെടുത്തിരുന്നു. ഇതിനായി ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറെ ചുമതലപ്പെടുത്തി അടിയന്തര ഉത്തരവ് ഇറക്കുകയും ചെയ്തു. മാത്രമല്ല അവശ്യ മരുന്നുകളുടെ സ്റ്റോക്ക് എത്രയുണ്ടെന്ന് അതതു സമയം മനസ്സിലാക്കാൻ കഴിയുന്ന നിരീക്ഷണ സംവിധാനം ഒരുക്കുക, ഭാവിയിലേക്കുള്ള ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ഓർഡർ നൽകാനുള്ള സംവിധാനം നിർദേശിക്കുക, നിലവിലുള്ള മരുന്നു സംഭരണ സംവിധാനം പരിശോധിച്ചു ഭേദഗതികൾ നിർദേശിക്കുക, കാരുണ്യ, കെ എം എസ് സി എൽ വെയർ ഹൗസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശിപാർശകൾ തയ്യാറാക്കുക, കോർപറേഷനിലെ ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്തി ഭേദഗതികൾ നിർദേശിക്കുക തുടങ്ങിയ കാര്യങ്ങളും ഡയറക്ടറെ എൽപ്പിച്ചിരുന്നു. ഇതൊന്നും നടപ്പായിട്ടില്ല.

ആരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. ഇവിടുത്തെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഈ അവകാശവാദം സത്യസന്ധമാകണമെങ്കിൽ മരുന്നു വിതരണം ഉൾപ്പെടെ ആതുര ശുശ്രൂഷ മുച്ചൂടും കാര്യക്ഷമമാകേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ സാമ്പത്തികാടിത്തറയില്ലാത്ത സാധാരണക്കാരും നിർധനരുമാണ് സർക്കാർ ആശുപത്രികളെ സമീപിക്കുന്നവരിൽ ബഹുഭൂരിഭാഗവും. ഇവർക്കാവശ്യമായ മരുന്നുകളും ടെസ്റ്റുകളും ഈ ആശുപത്രികളിൽ നിന്ന് ലഭ്യമാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഇടക്കിടെ വീഴ്ചകൾ വരാൻ കാരണമെന്തെന്ന് സമഗ്രമായ അന്വേഷണം നടത്തി പരിഹാരം കാണേണ്ടതുണ്ട്. ആശുപത്രികളിൽ മരുന്നും ടെസ്റ്റിനുള്ള ഉപകരണങ്ങളും ഉണ്ടെങ്കിലും പുറത്തേക്ക് എഴുതിക്കൊടുക്കുന്ന ചില “കമ്മീഷൻ ഡോക്ടർ’മാരുണ്ട് സർക്കാർ ആശുപത്രികളിൽ. അവരുടെ അഴിമതിക്ക് അറുതി വരുത്താനുള്ള കർശന നടപടികളും അനിവാര്യമാണ്.

Latest