Connect with us

presidential election

ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ വനിത; ചരിത്രം, അഭിനന്ദനപ്രവാഹം

ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപതി മുര്‍മു ചരിത്രമെഴുതി. ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്റെ 64.03 ശതമാനം എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുര്‍മു നേടി. യശ്വന്ത് സിന്‍ഹക്ക് 35.97 ശതമാനമാണ് നേടാനായത്. ജൂലൈ 25നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ തന്നെ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലായിരുന്നു. മൂന്നാം റൗണ്ട് എണ്ണയപ്പോൾ ജയം ഉറപ്പിച്ചു. ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റ് അംഗങ്ങളുടേയും രണ്ടാം റൗണ്ടില്‍ പത്ത് സംസ്ഥാനങ്ങളിലേയും അംഗങ്ങളുടെ വോട്ടാണ് എണ്ണിയത്.

4754 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 53 എണ്ണം അസാധുവായി. 5,28,491 വോട്ടുമൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. എന്നാല്‍ ദ്രൗപദിക്ക് 6,76,803 വോട്ടുമൂല്യം നേടാനായി. 2,824 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചതെന്ന് വോട്ടെണ്ണലിന് ശേഷം രാജ്യസഭാ സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 1,877 ഫസ്റ്റ് പ്രിഫറന്‍സ് വോട്ടുകളാണ് ലഭിച്ചത്. 3,80,177 വോട്ടുമൂല്യമാണ് അദ്ദേഹത്തിന് നേടാനായത്.

കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത്. ഒരു വോട്ട്. യുപിയില് നിന്ന് 287 വോട്ടുകളും മുർമു നേടി. യശ്വന്ത് സിൻഹയ്ക്ക് ആന്ധ്രാപ്രദേശ്, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിൽ നിന്ന് ഒരു വോട്ട് പോലും ലഭിച്ചില്ല. പശ്ചിമബംഗാളിൽ നിന്നാണ് ഏറ്റവും കൂടുതൽ 216 വോട്ടുകള് അദ്ദേഹം നേടിയത്. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിര്ള, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിപക്ഷ  സ്ഥാനാർഥി യശ്വന്ത് സിൻഹ തുടങ്ങിയവർ മുർമുവിനെ അഭിനന്ദിച്ചു.

ഇന്ത്യ ചരിത്രമെഴുതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോൾ, കിഴക്കൻ ഇന്ത്യയുടെ വിദൂര പ്രദേശത്ത് ജനിച്ച ഒരു ഗോത്ര സമൂഹത്തിന്റെ മകൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദ്രൗപദി മുര് മുവിന് അഭിനന്ദനങ്ങൾ – പ്രധാനമന്ത്രി കുറിച്ചു. 

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മുര്മുവിന് ആശംസകള് നേര്ന്നു. ഗ്രാമങ്ങളിലും ദരിദ്രരിലും നിരാലംബരിലും ചേരികളിലും ജനക്ഷേമത്തിനായി സജീവമായി പ്രവർത്തിച്ചയാളാണ് മുർമുവെന്നും ഇന്ന്, അവർ ഉയർന്ന ഭരണഘടനാ പദവിയിലേക്ക് വന്നുവെന്നും അതാണ് ഇന്ത്യന് ജനാധിപത്യത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. 

ദ്രൗപദി മുര്മുവിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ സ്ഥാനാര്ത്ഥി യശ്വന്ത് സിൻ പറഞ്ഞു. റിപ്പബ്ലിക്കിന്റെ 15-ാമത് പ്രസിഡന്റ് എന്ന നിലയിൽ യാതൊരു ഭയമോ ഔദാര്യമോ കൂടാതെ ഭരണഘടനയുടെ സൂക്ഷിപ്പുകാരനായി അവർ പ്രവർത്തിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 

മുർമുവിന്റെ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ പഹാർപൂർ ഗ്രാമത്തിൽ ഉത്സവാന്തരീക്ഷമാണ്. ആളുകൾ ഡ്രംസ് മുഴക്കി പടക്കം പൊട്ടിക്കുകയും ലഡ്ഡൂകൾ നൽകി പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തു. അതേ സമയം ബിജെപിയുടെ ഡൽഹി ഓഫീസിൽ ത്രിവർണ പതാക വീശി പ്രവർത്തകർ സന്തോഷം പ്രകടിപ്പിച്ചു.

 

 

Latest