Connect with us

Kerala

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി; കേരളത്തിലെ 131 വില്ലേജുകള്‍ പട്ടികയില്‍

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി |  പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 131 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുക.

കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കരട് വിജ്ഞാപനം പ്രകാരം പരിസ്ഥിതിലോലമാകും. വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെയാണ് കരട് വിജ്ഞാപനം പുറത്തെത്തിയത്.ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തില്‍ 60 ദിവസത്തിനകം നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചിട്ടുണ്ട്. കേരളം കൂടാതെ തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങള്‍ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടില്‍ നിര്‍ദേശമുണ്ട്

മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നിങ്ങനെ വയനാട് ജില്ലയിലെ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്. കൂടാതെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, ഇടുക്കി താലൂക്കിലെ 9 വില്ലേജുകള്‍, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകള്‍, ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകള്‍ എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും. കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍, ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടു

Latest