Connect with us

ഫീച്ചർ

ഇശലുകൾ തേടി,രാജ്യങ്ങൾ താണ്ടി...

നമ്മുടെ നാട്ടിൽ നിന്ന് നഷ്ടപ്പെട്ട മാപ്പിളപ്പാട്ടുകളും മാപ്പിള കലകളും കണ്ടെത്താനുള്ള ദൗത്യത്തിലാണ്‌ ഈ യുവ അധ്യാപകൻ

Published

|

Last Updated

“അന്നിരുപത്തിയൊന്നിൽ നമ്മളീമലയാളത്തില് ..
ഒന്നുചേർന്നു വെള്ളയോടെതിർത്തു നല്ല മട്ടിലേ
ഏറനാട്ടിൻ ധീര മക്കൾ ചോര ചിന്തിയ നാട്ടിലെ
ചീറിടും പീരങ്കികൾക്ക് മാറുകാട്ടിയ നാട്ടില്…
ബ്രിട്ടീഷുകാർക്കെതിരെയുള്ള സമര പോരാട്ടവീര്യം നാട്ടിലെ ദേശസ്നേഹികളുടെ മനതാരിൽ കൊടുമ്പിരി കൊണ്ട ഘട്ടത്തിൽ സമര പോരാളികൾക്ക് വീര്യവും ധൈര്യവും പകർന്ന വരികളായിരുന്നു ഇത്.

കമ്പളത്തു ഗോവിന്ദൻ നായർ രചിച്ച ഈ പാട്ട് അന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചു. ഇത്തരത്തിൽ നിരവധി മാപ്പിളപ്പാട്ടുകൾ നിരോധിച്ചിട്ടുണ്ട്. ഇത്തരം മാപ്പിളപ്പാട്ടുകളും ഇതിന് മുമ്പും ശേഷവുമായി നൂറ് വർഷം മുമ്പ് നമ്മുടെ നാട്ടിൽ നിന്ന് നഷ്ടപ്പെട്ട മാപ്പിള കലകളെയും ലോകത്തെ വിവിധ രാജ്യങ്ങളിൽ കറങ്ങി തിരിച്ചെത്തിക്കുകയാണ് ഡോ. മുഹമ്മദ് ഹസീബ് എന്ന യുവ അധ്യാപകൻ. തിരൂരങ്ങാടി പി എസ് എം ഒ കോളജ് ചരിത്രവിഭാഗം അസിസ്റ്റന്റ്പ്രൊഫസറായ ഈ 36 കാരന്റെ അടുത്ത യാത്ര ലോസ് ആഞ്ചൽസ് യൂനിവേഴ്സിറ്റി ഓഫ് കാലിഫോണിയയിലേക്കാണ്.

പി എച്ച്ഡിക്ക് ശേഷം പോസ്റ്റ് ഡോക്ടറലിന് വേണ്ടി ഒരു വർഷത്തേക്കാണ് ഇദ്ദേഹം കാലിഫോണിയയിൽ പോകുന്നത്. യു എസ് ഐ ഇ എഫ് (യുനൈറ്റഡ് സ്റ്റേറ്റ് ഇന്ത്യ എജ്യുക്കേഷൻ ഫൗണ്ടേഷൻ) ന്റെ ഫുൾ ബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പിലൂടെയാണ് ഡോ. മുഹമ്മദ് ഹസീബ് ഗവേഷണം നടത്തുന്നത്. അമേരിക്കൻ ഗവൺമെന്റും ഇന്ത്യൻ ഗവൺമെന്റും ചേർന്ന് നൽകുന്ന ഫെലോഷിപ്പാണിത്. പല കാറ്റഗറിയുള്ള ഫെലോഷിപ്പുകളുണ്ട്. എന്നാൽ, ഇത് വളരെ ഉന്നത നിലവാരത്തിലുള്ള ഫെലോഷിപ്പാണ്. ഇതിനായുള്ള വിസ, യാത്രാ ചെലവ്, ഈ കാലയളവിലെ ഭക്ഷണം, താമസം എന്നിവക്ക് പുറമെ സ്റ്റൈപ്പന്റ്, പ്രൊഫഷണൽ അലവൻസ്, സെറ്റിൽമെന്റ് അലവൻസ്, ഫാമിലി ചെലവ് എന്നിവയെല്ലാം യൂനിവേഴ്സിറ്റിയാണ് വഹിക്കുക.

“ആർക്കൈവൽ പഠനം’ എന്ന അദ്ദേഹത്തിന്റെ പ്രോജക്ടിനെയാണ് ഇതിന് തിരഞ്ഞെടുത്തത്. മലബാറിലെ അപൂർവമായ ശബ്ദ-ദൃശ്യ രേഖകൾ (1930-39) വിവിധ യു എസ് സർവകലാശാലകളിൽ എങ്ങനെ സൂക്ഷിച്ചിരിക്കുന്നുവെന്നും നഷ്ടപ്പെട്ട ആ ഗാനങ്ങളുടെ ഓർമകൾ ഇപ്പോഴും നിലനിൽക്കുന്ന മലബാറിലേക്ക് എങ്ങനെ തിരികെ കൊണ്ടു വരാമെന്നും ഇദ്ദേഹത്തിന്റെ ഗവേഷണം പരിശോധിക്കുന്നു. “ഭാവിയിലേക്കുള്ള ആർക്കൈവ്’ എന്ന ആശയം നിലനിർത്തിക്കൊണ്ട് Restudy, Repatriation, Digitalisation എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഗവേഷണം.പ്രശസ്ത യൂനിവേഴ്സിറ്റിയായ കാലിഫോർണിയ ലോസ് ആഞ്ചൽസ് സർവകലാശാലയിലാണ് ഫെലോഷിപ്പ് നടത്തുക.

1930, 39 കളിൽ ഡച്ചുകാരനായ അർണോൾ ബാക്കെ എന്ന വ്യക്തി സംഗീതത്തെക്കുറിച്ചും പാട്ടുകളെക്കുറിച്ചും പoനം നടത്തുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്നിരുന്നു. കേരളത്തിലേയും വിശിഷ്യാ മലബാറിലേയും അന്നത്തെ പാട്ടുകാരെക്കൊണ്ട് പാടിച്ച് അതിന്റെ വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്ത് കൊണ്ടുപോയിരുന്നു. യഥാർഥത്തിൽ ഇന്ത്യയിൽ 1960 കളിലാണ് വീഡിയോ റെക്കോർഡ് വരുന്നത്. അതിന്റെയും എത്രയോ വർഷങ്ങൾക്ക് മുമ്പാണിത്.

കിസ്സപ്പാട്ടുകൾ, പടപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ, റാതീബ്, മൗലിദ് തുടങ്ങിയവയെല്ലാം അതിൽപ്പെടുന്നു. ഇദ്ദേഹം ഇതേ കുറിച്ച് വിശദമായ ഡയറിയും തയ്യാറാക്കി സൂക്ഷിച്ചിരുന്നു.
ഇത്തരം മാപ്പിളപ്പാട്ടുകളുടെയും മറ്റും ആദ്യകാല കൃതികൾ ലണ്ടൺ യൂനിവേഴ്സിറ്റി, കാലിഫോർണിയ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും വളരെയധികം സൂക്ഷിച്ചുവരുന്നുണ്ട് എന്നും ഇദ്ദേഹം തന്റെ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ അവയൊന്നും നമ്മുടെ നാട്ടിൽ ഇല്ല തന്നെ. 2019ൽ കാലിഫോർണിയ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ ആമികാത്തലിൻ എന്ന വനിതാ ഗവേഷകയാണ് ഇത്തരം രേഖകളെക്കുറിച്ച് മുഹമ്മദ് ഹസീബിന് വിവരം നൽകിയത്.

ഇതര രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽ നിന്ന് വിവരങ്ങൾ ലഭിച്ചത് കാരണം കൂടുതൽ പഠിക്കാനായിട്ടാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പല ഗവേഷകരും ചരിത്ര വിദ്യാർഥികളും നമ്മുടെ നാട്ടിൽ ഇടക്കിടെ വരുന്നത്. ഇത്തരം മാപ്പിളപ്പാട്ടുകളെല്ലാം ഒരു നാട്ടിന്റെ സംസ്കാരവും ധാർമികതയുമാണ് വരച്ചുകാട്ടുന്നത് എന്നും വ്യക്തമാണ്. മദ്യപാനം, പുകവലി തുടങ്ങിയ ദൂഷ്യ സ്വഭാവങ്ങൾക്കെതിരെയുള്ള ബോധവത്കരണങ്ങൾ അടക്കം ഈ പാട്ടുകളിൽ കാണാവുന്നതാണ്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്റെ ഓരോ ജോലികളും ചെയ്യുമ്പോൾ പാടാറുള്ള പാട്ടുകൾ, ബോട്ട് കരയടുപ്പിക്കുമ്പോൾ പാടാറുള്ളവ, കർഷകർ പാടാറുള്ള പാട്ടുകൾ, മറ്റു കൈത്തൊഴിലുകളുടെ പാട്ടുകൾ, വിവാഹ പാട്ടുകൾ, ബദ്ർ പാട്ടുകൾ ഇങ്ങനെ എല്ലാതരം പാട്ടുകളും ഇതിൽ പെടുന്നു. ഇവ ആര് രചിച്ചു എന്നോ ഏത് കാലത്ത് രചിച്ചതെന്നോ ഇവയിൽ കാണുകയില്ല. എങ്കിലും ഓരോ വരിയും ശ്രദ്ധിച്ച് അർഥം ഗ്രഹിച്ച് പാടുമ്പോൾ അതിൽ ഗോപ്യമായി അക്കാര്യവും ഉള്ളതായി കണ്ടെത്താം. അറബിയിലെ “അബ്ജദ്’ കണക്ക് പ്രകാരം ഇതിന്റെ രചയിതാവിന്റെ പേരും മറ്റും ഇതിൽ നിന്ന് മനസ്സിലാക്കാം.

ഇതിന്റെയെല്ലാം റെക്കേർഡുകൾ സഹിതമാണ് യൂനിവേഴ്സിറ്റികളിൽ സൂക്ഷിച്ചു വെച്ചിട്ടുള്ളത്. പലതും ഇരുപതും ഇരുപത്തിഅഞ്ചും മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോകളാണ്. ഗവേഷണത്തിന്റെ ഭാഗമായി ഇവ മുഹമ്മദ് ഹസീബിന് വിവിധ യൂനിവേഴ്സിറ്റി അധികൃതർ അയച്ചു കൊടുത്തിട്ടുണ്ട്.

2019 -2020കളിൽ അമേരിക്കയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ നിന്നും ചില അധ്യാപകരും വിദ്യാർഥികളും ഇവിടെ വന്നിരുന്നു. 2023ൽ യൂറോപ്പിലെ ബ്രിട്ടീഷ് ആൾക്കയിഡ് ലൈബ്രറിയിൽ നിന്ന് പഠനം നടത്താനായി റോൽഫ് കില്യൂസ് എന്ന ഗവേഷകൻ കേരളത്തിൽ വന്നപ്പോൾ മുഹമ്മദ് ഹസീബിനെയും കണ്ട് വിവരങ്ങൾ തേടിയിരുന്നു.

“മാപ്പിളപ്പാട്ട് മാപ്പിളമാരുടെ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു ചരിത്രസ്രോതസ്സ്’ എന്നതാണ് ഹസീബിന്റെ ഗവേഷണ വിഷയം. ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, യു എസ് വിദ്യാഭ്യാസ വകുപ്പ്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എന്നിവയും മറ്റ് പ്രധാന സ്ഥാപനങ്ങളും ചേർന്ന് സ്ഥാപിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന ഫുൾബ്രൈറ്റ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. അസാധാരണ ഗവേഷകർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിൽ വിപുലമായ ഗവേഷണം നടത്താൻ പ്രാപ്തരാക്കുന്ന ഏറ്റവും ആദരണീയവും ഉയർന്ന മത്സരക്ഷമതയുള്ളതുമായ അന്താരാഷ്ട്ര ഗവേഷണ അവാർഡുകളിൽ ഇത് ഉൾപ്പെടുന്നു. വളരെ മത്സരാധിഷ്ഠിതമായ ഒരു വർഷത്തെ ഫെലോഷിപ്പ്, “റീസ്റ്റഡി, റിപ്പാട്രിയേറ്റ്, ഡിജിറ്റലൈസ് : പാരമ്പരാഗത പാട്ടുകളുടെയും കലാരൂപങ്ങളുടെയും ആർക്കിവൽ പഠനം’ എന്ന അദ്ദേഹത്തിന്റെ പ്രോജക്ടിനെയാണ് ഇതിന് തിരഞ്ഞെടുത്തത്.

മലബാറിലെ അപൂർവമായ ശബ്ദ – ദൃശ്യ രേഖകൾ (1930-39) വിവിധ യു എസ് സർവകലാശാലകളിൽ എങ്ങനെ സൂക്ഷിച്ചിരിക്കുന്നുവെന്നും നഷ്ടപ്പെട്ട ആ ഗാനങ്ങളുടെ ഓർമകൾ ഇപ്പോഴും നിലനിൽക്കുന്ന മലബാറിലേക്ക് എങ്ങനെ തിരികെ കൊണ്ടു വരാമെന്നും ഇദ്ദേഹത്തിന്റെ ഗവേഷണം പരിശോധിക്കുന്നു. “ഭാവിയിലേക്കുള്ള ആർക്കൈവ്’ എന്ന ആശയം നിലനിർത്തിക്കൊണ്ട് Restudy, Repatriation, Digitalisation എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഗവേഷണം.പ്രശസ്ത യൂനിവേഴ്സിറ്റി ആയ ലോസ് ആഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലാണ് ഫെലോഷിപ്പ് നടത്തുക.

പ്രൊഫ. കെ എം ലോകേഷിന്റെ മേൽനോട്ടത്തിൽ 2025ൽ മംഗലാപുരം സർവകലാശാലയിൽ നിന്ന് “മാപ്പിളപ്പാട്ട്: മലബാറിലെ മാപ്പിളമാരുടെ ജീവിതത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു ഉറവിടം’ എന്ന വിഷയത്തിൽ ഡോ. ഹസീബ് പി എച്ച്ഡി പൂർത്തിയാക്കിയിട്ടുണ്ട്. അഞ്ച് വർഷമായിരുന്നു അന്നത്തെ ഗവേഷണ കാലാവധി.

ഡോ. ഹസീബ് ഇതിനകം തന്നെ ലോകത്തിലെ പല സർവകലാശാലകളിലും അക്കാദമിക് പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ജൂനിയർ റിസർച്ച് ഫെലോ ആയിരുന്നതിനാൽ, അന്താരാഷ്ട്രതലത്തിൽ നിരവധി സമ്മേളനങ്ങളിൽ തന്റെ പ്രബന്ധം അവതരിപ്പിക്കുന്നതിനൊപ്പം ഡബ്ലിൻ സർവകലാശാല, ഇസ്താംബുൾ സർവകലാശാല, ഘാന സർവകലാശാല, കെലേനിയ സർവകലാശാല, കേംബ്രിഡ്ജ് സർവകലാശാല എന്നിവിടങ്ങളിൽ നടന്ന വിവിധ കോൺഫറൻസുകളിൽ പങ്കെടുത്തു.

ഇന്റർനാഷനൽ കൗൺസിൽ ഫോർ ട്രഡീഷണൽ മ്യൂസിക് ആൻഡ് ഡാൻസ് വേൾഡ് കോൺഫറൻസിലും സൊസൈറ്റി ഫോർ എത്‌നോമ്യൂസിക്കോളജി വാർഷിക സമ്മേളനത്തിലും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം കണ്ടെത്തിയ ഒരോ കാര്യങ്ങളും ക്രോഡീകരിച്ച് ജർമനി, ശ്രീലങ്ക, ബഗ്ലാദേശ്, കാനഡ, തുർക്കി, അയർലെന്റ്, സഊദി , ഖത്വർ, ദുബൈ, അബൂദബി തുടങ്ങിയ നിരവധി രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിലും മറ്റും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

പഴക്കം ചെന്ന മാപ്പിളപ്പാട്ടുകളുടെയും അറബി മലയാളത്തിലുള്ള വിലപ്പെട്ട രേഖകളുടെ സൂക്ഷിപ്പിനായി 2021 ൽ തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ ഇദ്ദേഹം മലബാർ ഹെറിറ്റേജ് ഡിജിറ്റൽ ആർകൈവ് എന്ന പേരിൽ ചരിത്ര ശേഖരം സ്ഥാപിച്ചിട്ടുണ്ട്. മാപ്പിള കലകളുമായി ബന്ധപ്പെട്ട അമുല്യമായ പല രേഖകളും ഇവിടെയുണ്ട്.

2018 മുതൽ 2021 വരെ മൂന്ന് വർഷം പി എസ് എം ഒ കോളജിൽ ഗസ്റ്റ് ലക്ചററായിരുന്നു. 2022 മുതൽ ഇവിടെ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.
തന്റെ ഇഷ്ടവിഷയമാണ് മാപ്പിളപ്പാട്ടുകൾ അടക്കമുള്ള മാപ്പിള കലകൾ എന്നും അതുകൊണ്ടാണ് ഇത് ഒരു ദൗത്യമായി ഏറ്റെടുത്തിട്ടുള്ളതെന്നും മുഹമ്മദ് ഹസീബ് പറയുന്നു. കുട്ടിക്കാലത്ത് മദ്റസയിൽ പഠിക്കുമ്പോൾ നബിദിന പരിപാടികളിൽ നന്നായി പാട്ടുപാടിയിരുന്നു. പാട്ട് പാടുക എന്നത് അന്ന് ഒരു ഹരമായിരുന്നു. തുടർന്ന് എസ് എസ് എഫ് സാഹിത്യോത്സവുകളിൽ സജീവമായി പങ്കെടുത്തു. 2006 ൽ തൃശൂരിൽ നടന്ന സംസ്ഥാന സാഹിത്യോത്സവിൽ സീനിയർ സംഘ ഗാനത്തിൽ മുഹമ്മദ് ഹസീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഫസ്റ്റ് നേടിയത്.

“വിളങ്ങിടും ഖുത്തുബടങ്കൽ ഫള്്ലുകൾ മികന്തിടും ഖുത്തുബായോരെ..’
തിളങ്കി ബഗ്ദാദിൽ വിളങ്ങി പുകൾപൊങ്ങി… പുകൈന്ത മൂഹിയിദ്ദീൻ ശൈഖോരേ…
യാഖുത്തുബല്ലാഹ്‌… യാ ഗൗസുലില്ല.. എന്ന് തുടങ്ങുന്ന പാട്ടായിരുന്നു പാടിയിരുന്നതെന്ന് ഇദ്ദേഹം ഓർക്കുന്നു. കാലിക്കറ്റ് യൂനിവേഴ്്സിറ്റി ഇന്റർസോൺ കലോത്സവുകളിലും പങ്കെടുത്തിരുന്നു. 2007 മുതൽ 12 വരേയുള്ള ഇന്റർസോൺ കലോത്സവുകളിൽ കോൽക്കളി, അറബനമുട്ട്, ദഫ്, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങിയവയിൽ പങ്കെടുക്കുകയും ഫസ്റ്റ് നേടുകയും ചെയ്തിട്ടുണ്ട്.
പരപ്പനങ്ങാടി അഞ്ചപ്പുര നെച്ചിയിൽ ഹംസയുടെയും ബാൽക്കീസിന്റെയും ​ മകനാണ് മുഹമ്മദ് ഹസീബ്. ഭാര്യ : തസ്നിം. മക്കൾ : ഹിസ ഫാത്തിമ, ദുആ ഫാത്തിമ.

പരപ്പനങ്ങാടി ബി ഇ എം എച്ച് സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാദ്യാസം പൂർത്തിയാക്കിയ മുഹമ്മദ് ഹസീബ് തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നിന്ന് ഡിഗ്രിയും പി ജിയും പൂർത്തിയാക്കിയ ശേഷം ഡൽഹിയിലെ സക്കാത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ സിവിൽ സർവീസ് പഠനത്തിന് ചേർന്നു. നാല് വർഷം അവിടെ പഠനം നടത്തിയ ശേഷം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ചിൽ യു ജി സി നെറ്റിൽ ജെ ആർ എഫ് എടുത്തു. ശേഷം 2017 മുതൽ 2019 വരെ മംഗലാപുരം യെനപ്പോയ യൂനിവേഴ്സിറ്റി സിവിൽ സർവീസ് അക്കാദമിയിൽ അസിസ്റ്റന്റ് ഡയറക്ടറായി. അതിന് ശേഷം മംഗളൂരു യൂനിവേഴ്സിറ്റിയിൽ പി എച്ച്ഡിക്ക് ചേർന്നു. നമ്മുടെ നാടിന്റെ മഹത്തായ സംസ്‌കാരമാണ് മാപ്പിള സാഹിത്യത്തിലൂടെ നിലനിന്നിരുന്നത്. അവ നഷ്‌ടപ്പെടുക എന്നത് നാടിന്റെ സംസ്കാരത്തെ തന്നെ നശിപ്പിക്കും. അവ തിരിച്ചു കൊണ്ടുവരാൻ എന്ത് ത്യാഗവും നാം സഹിക്കണമെന്നും മുഹമ്മദ് ഹസീബ് പറയുന്നു.

Content Highlights:
Dr. Mohammed Haseeb, an Assistant Professor at PSMO College, has been awarded the prestigious Fulbright-Nehru Post-Doctoral Fellowship to conduct research at the University of California, Los Angeles. His project focuses on the restudy, repatriation, and digitalization of rare audio-visual records of Mappila songs from Malabar recorded between 1930 and 1939. This highly competitive fellowship covers all expenses, including travel, stay, and professional allowances, recognizing his efforts to bring lost cultural heritage back to Kerala.

 

 

Latest