Kerala
സ്ത്രീധന പീഡനം; രാജസ്ഥാനിലെ ജോധ്പുരില്‍ സ്‌കൂള്‍ അധ്യാപിക മകള്‍ക്കൊപ്പം ജീവനൊടുക്കി
അധ്യാപിക സഞ്ജു ബിഷ്ണോയ് (32), മകള്‍ മൂന്നു വയസ്സുകാരി യശ്വസി എന്നിവരാണ് മരിച്ചത്. സഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് ബിഷ്ണോയി, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ജോധ്പുര്‍ | സ്ത്രീധ പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ അധ്യാപിക മകള്‍ക്കൊപ്പം തീകൊളുത്തി ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. അധ്യാപിക സഞ്ജു ബിഷ്ണോയ് (32), മകള്‍ മൂന്നു വയസ്സുകാരി യശ്വസി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ സഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് ബിഷ്ണോയി, ഭര്‍തൃമാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജുവിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. ആഗസ്റ്റ് 22-നുണ്ടായ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സഞ്ജു മരണപ്പെട്ടത്. സഞ്ജുവിന്റെ മകള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
12 വര്‍ഷം മുമ്പാണ് ദിലീപ് ബിഷ്‌ണോയിയും സഞ്ജുവും വിവാഹിതരായത്. സ്ത്രീധനമായി ഒരു കാറും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നല്‍കിയിരുന്നുവെന്നും എന്നിട്ടും മകള്‍ക്ക് നിരന്തരം പീഡനം നേരിടേണ്ടി വന്നുവെന്നും സഞ്ജുവിന്റെ പിതാവ് ആരോപിച്ചു.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ക്രൂരമായി പീഡിപ്പിച്ചതിന്റെ വിശദാംശങ്ങള്‍ സഞ്ജുവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നും ഇവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056)