Connect with us

prathivaram health

വേനലിൽ കണ്ണുകൾ വാടരുതേ...

ചെങ്കണ്ണ്, കണ്ണിലെ മറ്റു തരത്തിലുള്ള അലർജികൾ, വരണ്ടുണങ്ങിയതോ നിർജലീകരണം ബാധിച്ചതുമായ കണ്ണുകൾ എന്നിവയെല്ലാം വേനൽക്കാലത്ത് സാധാരണയായി കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാണ്.

Published

|

Last Updated

വേനൽക്കാലത്ത് കണ്ണിനെ രോഗങ്ങൾ വരാതെ കടുത്ത ചൂടിൽ നിന്നു സംരക്ഷിച്ചു നിർത്തുന്നതിന് അതീവ ശ്രദ്ധ ആവശ്യമാണ്. സൂര്യരശ്മികൾ നേരിട്ട് കണ്ണിൽ പതിക്കുന്നതും പൊടിയും മലിനവുമായ വെള്ളമേൽക്കുന്നതും വേനൽക്കാലത്ത് കണ്ണിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. വേനൽക്കാലത്ത് ക്ലോറിൻ അമിതമായി കലർ‌ന്ന ജലാശയങ്ങളിൽ നീന്തുന്നതും കണ്ണിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ചെങ്കണ്ണ്, കണ്ണിലെ മറ്റു തരത്തിലുള്ള അലർജികൾ, വരണ്ടുണങ്ങിയതോ നിർജലീകരണം ബാധിച്ചതുമായ കണ്ണുകൾ എന്നിവയെല്ലാം വേനൽക്കാലത്ത് സാധാരണയായി കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാണ്.

പ്രശ്നങ്ങൾ

ചെങ്കണ്ണ്

അമിതമായ ചൂട് കാരണം കണ്ണിൽ ചുവപ്പ് നിറം ബാധിക്കുക, കണ്ണ് ചീയൽ, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം പുറത്തേക്ക് വരൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചെങ്കണ്ണ് രോഗം പടരാതിരിക്കാൻ വളരെ പെട്ടെന്നുള്ള ചികിത്സ ആവശ്യമാണ്. ചെങ്കണ്ണ് രോഗികൾ ശുചിത്വം പാലിക്കേണ്ടതും കണ്ണുകളും കൈകളും ശുദ്ധമായ ജലം ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്.

വരണ്ട കണ്ണുകൾ

ചൂടിന് കാഠിന്യമേറുമ്പോൾ കണ്ണുകൾ വരണ്ടുണങ്ങുന്നതും കണ്ണുനീർ ബാഷ്പീകരിച്ച് പോകുന്നതും സാധാരണമാണ്. കണ്ണുകൾ വരണ്ടുണങ്ങിയ അവസ്ഥ ബാധിക്കുന്നവർ ടി വി കാണുന്നതും കന്പ്യൂട്ടറിൽ ദീർഘനേരം ജോലി ചെയ്യുന്നതും രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ഇടക്കിടെ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയും നേത്രരോഗ വിദഗ്ധന്റെ നിർദേശപ്രകാരം തുള്ളിമരുന്നുകൾ ഉപയോഗിക്കുകയും ചെയ്യുക.

അലർജി

കാലാവസ്ഥയിലെ മാറ്റം സാധാരണയായി വസന്തകാലത്തും വേനൽക്കാലത്തും എല്ലാത്തരം അലർജികളും വർധിപ്പിക്കുന്നു. താപനില വ്യതിയാനം, പൊടി, പൂമ്പൊടി, കണിക, കണിക ഇതര മലിനീകരണം എന്നിവ കാരണം ഈ അലർജി പ്രതിപ്രവർത്തനങ്ങളിൽ ചിലത് കണ്ണുകളേയും ബാധിക്കുന്നു. അലർജിയുള്ള കണ്ണുകളിൽ സാധാരണയായി ചുവപ്പ്, ചൊറിച്ചിൽ, തടസ്സം, കണ്ണുകൾ കത്തുന്ന സംവേദനം എന്നിവ കാണാറുണ്ട്.

കൺകുരു

കൺപോളകളുടെ പുറം അറ്റത്ത് ചുവന്നതും വേദന ഉണ്ടാക്കുന്നതുമായ വീക്കമാണ് കൺകുരു. കുട്ടികളിൽ ഇത് വളരെ സാധാരണമാണ്. കൺപോളകളിൽ കാണപ്പെടുന്ന ഗ്രന്ഥികളിലെ ബാക്ടീരിയ അണുബാധ മൂലമാണ് പ്രധാനമായും ഇത് ഉണ്ടാകുന്നത്.

പരിഹാരങ്ങൾ:

സൺഗ്ലാസുകൾ ഉപയോഗിക്കുക ദീർഘനേരം വെയിലത്തും മറ്റും ചെലവഴിക്കുന്നവരാണെങ്കിൽ നിർബന്ധമായും സൺ ഗ്ലാസുകൾ ഉപയോഗിക്കുക. 100 ശതമാനം അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള സൺഗ്ലാസുകൾ തിരഞ്ഞെടുക്കുക. നീന്തൽ കുളങ്ങളിൽ ക്ലോറിൻ ഉപയോഗം മൂലമുണ്ടാകുന്ന അലർജികൾ തടയുന്നതിനായി സ്വിമ്മിംഗ് ഗ്ലാസുകൾ ഉപയോഗിക്കുക.

വ്യക്തി ശുചിത്വം
വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൈകളും മുഖവും ഇടയ്ക്കിടെ കഴുകുക. വൃത്തിഹീനമായ കൈ കൊണ്ട് കണ്ണുകളിൽ തിരുമ്മുന്നത് കണ്ണുകളിൽ അലർജിക്കും കൺകുരുവിനും കാരണമാകും.

തുള്ളിമരുന്ന്

കണ്ണുനീർ ഉത്പാദനത്തെ നേരിട്ട് ബാധിക്കുന്ന കണ്ണിലെ നിർജലീകരണം തടയുന്നതിനായി നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകൾ ഉപയോഗിക്കുക.

ഉറക്കം

ഏഴ് മുതൽ എട്ട് മണിക്കൂർ വരെ കണ്ണുകൾക്ക് വിശ്രമവും ഉറക്കവും നൽകണം. ഇത് കണ്ണുകൾക്ക് പ്രകൃതിദത്തമായ രീതിയിലുള്ള ഉന്മേഷം ഉണ്ടാക്കും. ഇതോടൊപ്പം വീതിയേറിയ തൊപ്പികൾ ധരിക്കുക. സൺ ഗ്ലാസുകൾ ഉപയോഗപ്രദമാണെങ്കിലും വലിയ സൺ തൊപ്പികൾ നിങ്ങൾക്ക് അധിക സംരക്ഷണം നൽകും.

ഭക്ഷണം

നന്നായി വെള്ളം കുടിക്കുക. കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഇത് നിങ്ങളുടെ ചർമത്തെയും കണ്ണിനെയും നിർജലീകരണം ചെയ്യുന്നത് തടയും. വിറ്റാമിൻ എ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പ്രധാനമായും കഴിക്കുക. കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ക്യാരറ്റ് നല്ലതാണ് . വിറ്റാമിൻ എക്ക് പുറമെ ബീറ്റാ കരോട്ടിൻ അവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ പ്രധാന നേത്രരോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. ബദാം കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിൻ ശരീരകലകളെ നശിപ്പിക്കുന്ന അനിയന്ത്രിതമായ പദാർഥങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നു. മുട്ട, പച്ച ഇലക്കറികളായ ചീര, ബ്രോക്കോളി, കടല എന്നിവ കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്ന പോഷകങ്ങളാണ്. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ കഴിക്കുന്നതും കണ്ണിന് നല്ലതാണ്.