Connect with us

ആത്മായനം

സ്ഫടിക ഹൃദയങ്ങൾ പൊട്ടിക്കരുതേ...

കുഞ്ഞുങ്ങളാണ് നമ്മുടെ വീടിനെ വീടാക്കുന്നത്. നമ്മുടെ ജീവിതത്തിൽ പൂത്തിരി കത്തിക്കുന്നത്. പൂക്കളായിരം വിടർന്ന പൂവാടിയായി നമ്മുടെ ഹൃദയത്തിൽ മഞ്ഞും കുളിരും കോരിയിടുന്നത്. നിർമലരാണവർ.

Published

|

Last Updated

ത് വായിക്കും മുമ്പ് വീട്ടിലെ കുഞ്ഞുങ്ങളെ നെഞ്ചോടണച്ച് സ്നേഹാർദമായൊന്ന് ചുംബിച്ച് വരാമോ? അവരാണ് നമ്മുടെ വീടിനെ വീടാക്കുന്നത്. നമ്മുടെ ജീവിതത്തിൽ പൂത്തിരി കത്തിക്കുന്നത്. പൂക്കളായിരം വിടർന്ന പൂവാടിയായി നമ്മുടെ ഹൃദയത്തിൽ മഞ്ഞും കുളിരും കോരിയിടുന്നത്. നിർമലരാണവർ. ചില നേരങ്ങളിൽ അവരുടെ കുസൃതി കണ്ടാൽ ദേഷ്യം ഇരച്ചു വരും. വീട്ടിലെ വിലപിടിപ്പുള്ളതെന്തോ തട്ടി തകർത്തിട്ടുണ്ടാകും. കണക്കുപുസ്തകം കീറി വിമാനവും തോണിയുമാക്കിയിട്ടുണ്ടാകും, ചുവരിൽ നിറയെ ശിലായുഗ കാലത്തെ ചിത്രപ്പണികൾ ചെയ്തു വെച്ചിട്ടുണ്ടാകും, ചോറു കൊണ്ട് പൂക്കളം തീർത്തിട്ടുണ്ടാകും, മുറ്റത്തെ ചളി കിടക്കയിലേക്ക് എത്തിച്ചിട്ടുണ്ടാകും. ശരി തന്നെ, രണ്ടടി കിട്ടേണ്ടതു തന്നെ എന്ന് നമ്മുടെ മനസ്സ് പറഞ്ഞേക്കും. പക്ഷേ, അരുത് അവരുടെ ഹൃദയം ദുർബലമാണ്. നേർത്ത ചില്ലു പാത്രങ്ങൾ പോലെ. ശകാരങ്ങളും വേദനിപ്പിക്കലും അതിനെയുടച്ചുകളയും. പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ നന്നേ സാഹസപ്പെടേണ്ടിവരും.

അൻസ്വാരികളുടെ ഈത്തപ്പഴ മരത്തിന് സ്ഥിരമായി എറിയുന്ന ഒരു കുട്ടിയെ തിരുനബി(സ)യുടെ അരികിലെത്തിക്കപ്പെട്ടു ( കുട്ടി തന്നെ പറയുന്ന ദൃക്സാക്ഷ്യം തിർമുദിയിലുണ്ട്).
അവിടുന്ന് ചോദിച്ചു “മോനേ , നീ എന്തിനാണ് ഈത്തപ്പനയെ എറിയുന്നത്?’
“എനിക്ക് തിന്നാൻ’
” ഇനി നീ എറിയല്ലേ,ചോട്ടിൽ വീണത് നീ തിന്നോളൂ “ആ കുഞ്ഞുമോന്റെ തലതടവി മുത്ത്നബി (സ) പ്രാർഥിച്ചു “അല്ലാഹുവേ, ഈ മോന്റെ വിശപ്പ് നീയകറ്റണേ’.
റസൂലിന് കുഞ്ഞുങ്ങളോട് അതിയായ വാത്സല്യമായിരുന്നു. സ്നേഹത്തോടെ അവരെ തലോടുകയും ചുംബിക്കുകയും ഒപ്പം കളിക്കുകയും അവർക്കു വേണ്ടതെല്ലാം നിവർത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു അവിടുന്ന്. അഖ്റഅ്ബ്നു ഹാബിസ് (റ) ഒരിക്കൽ റസൂലിന്റെ ഭവനത്തിലെത്തി. തിരുദൂതർ(സ) കുട്ടികളെ ചുംബിക്കുന്നത് കാണാനിടയായ ആഗതൻ ” നിങ്ങൾ കുഞ്ഞുങ്ങളെ ചുംബിക്കുകയാണോ ഞങ്ങളാരും അങ്ങനെ ചെയ്യാറില്ല ?!’ എന്നാശ്ചര്യപ്പെട്ടു. “അല്ലാഹു നിന്റെ ഹൃദയത്തിൽ നിന്നും കാരുണ്യം നീക്കിക്കളഞ്ഞതിന് ഞാനെന്തു ചെയ്യാൻ…! എന്നായിരുന്നു റസൂലിന്റെ മറുപടി.പല അവസരങ്ങളിലും എല്ലാവർക്കും മുന്നേ റസൂൽ (സ) കുഞ്ഞുങ്ങളെ പരിഗണിച്ചു.

തിരുനബി (സ) യുടെ സദസ്സിലേക്ക് ഒരു പാത്രം പാനീയം കൊണ്ട് വന്നു. അവിടുന്ന് അതിൽ നിന്നും കുടിച്ച് ബാക്കി സദസ്സിലേക്ക് നീട്ടവെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ ചൂണ്ടി ചോദിച്ചു: “മോനേ ഞാനിത് മുതിർന്നവർക്ക് കൊടുത്തോട്ടെ, മോൻ സമ്മതിക്കുമോ?’
“നിങ്ങൾ കുടിച്ചതിന്റെ ബാക്കി നൽകാൻ മറ്റാരെയും ഞാൻ തിരഞ്ഞെടുക്കില്ല’. തിരുനബി (സ) ആ കുഞ്ഞുമോനേ പരിഗണിച്ച് അവനു നേരെ പാനപാത്രം നീട്ടി.

സ്വഹാബികൾ വീട്ടിൽ ആദ്യമായി കായ്്ച പഴങ്ങൾ മുത്ത്നബി (സ) യുടെ അരികിൽ കൊണ്ട് വരാറുണ്ടായിരുന്നു. അവയെ റസൂൽ തന്റെ തിരുനയനങ്ങളിലും ചുണ്ടിലും വെച്ച് ഇങ്ങനെ പ്രാർഥിക്കും:” അല്ലാഹുവേ… ഇതിന്റെ തുടക്കം ഞങ്ങൾക്ക് ദൃശ്യമായ പോലെ ഒടുക്കവും കാണിക്കണേ’ എന്നിട്ട് അടുത്തുള്ള കുഞ്ഞുങ്ങൾക്കത് വെച്ചു നീട്ടും ( ബൈഹഖി)
തെറ്റുകളെ മയത്തിൽ തിരുത്തി അവരിലൊരാളായി കൂടെ നിന്ന് കാരുണ്യവും വാത്സല്യവും ചൊരിഞ്ഞ് കുഞ്ഞു ഹൃദയങ്ങളെ തലോടുന്ന തിരുദൂതരെയാണ് നമ്മൾ ഇവിടെയൊക്കെയും കാണുന്നത്. ചെറിയവരോടാണെങ്കിലും കളവ് പറയുകയോ വഞ്ചിക്കുകയോ അരുത്. നന്മയുടെ ചേരുവകൾ അവരിലേക്ക് പതിയെ പകരണം. അതിന്റെ പോഷണത്തിൽ വേണം അവരുടെ ഹൃദയങ്ങൾ ബലം വെക്കാൻ. ശരികേടിന്റെ പശ്ചാത്തലങ്ങളിൽ നിന്നൊക്കെയും അവരെ രക്ഷപ്പെടുത്തിയെടുക്കണം.

 

 

---- facebook comment plugin here -----

Latest