Malappuram
മൂവർ സംഘത്തിന് മദ്റസയിലേക്കുള്ള വഴിയിൽ കാവലായി നായ
പല നാടുകളിലും വിദ്യാർഥികളുൾപ്പെടെയുള്ളവരെ തെരുവ് നായകൾ കടിച്ചുകീറുന്ന സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി കൽപകഞ്ചേരിയിലാണ് മദ്റസ കുട്ടികൾക്ക് കാവലായ നായയുള്ളത്.
കൽപകഞ്ചേരി | സഹോദരങ്ങളായ മൂവർ സംഘത്തെ മദ്റസയിലേക്ക് വഴി നടത്താൻ നായ കാവലുണ്ട്. പല നാടുകളിലും വിദ്യാർഥികളുൾപ്പെടെയുള്ളവരെ തെരുവ് നായകൾ കടിച്ചുകീറുന്ന സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി കൽപകഞ്ചേരിയിലാണ് മദ്റസ കുട്ടികൾക്ക് കാവലായ നായയുള്ളത്. അഞ്ച് വർഷം മുമ്പാണ് തവളംചിന നൊട്ടപ്പുറത്ത് കാട് നിറഞ്ഞ പ്രദേശത്ത് വരമ്പൻ ഹംസയുടെ കുടുംബം വീടുണ്ടാക്കി താമസം തുടങ്ങിയത്. ഗ്യഹപ്രവേശം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഈ നായ അതിഥിയെ പോലെ വീട്ടിലെത്തിയതാണ്. ആദ്യം ശല്യമാകുമെന്ന് കരുതി ആട്ടിയോടിച്ചെങ്കിലും നായ വീട് വിട്ട് പോകാൻ തയ്യാറായില്ല. മുറ്റത്തുണ്ടാകുന്ന നായ വീട്ടുകാരുമായി ഏറെ ഇണങ്ങി.
അന്ന് മുതൽ തുടങ്ങിയതാണ് കുട്ടികളുമായി നായയുടെ യാത്രാ ചങ്ങാത്തം. ഒന്പതാം ക്ലാസ്സ് വിദ്യാർഥിയായ അജാസും ആറാം ക്ലാസ്സിൽ പഠിക്കുന്ന അഫ്നയും രണ്ടാം ക്ലാസ്സുകാരിയായ അംനയും രാവിലെ വസ്ത്രം മാറി വീട്ടിൽ നിന്ന് ഇറങ്ങി ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മദ്റസയിലേക്ക് നടക്കുമ്പോൾ അവർക്ക് മുന്നിലോ പിന്നിലോ ആയി നായയും ഉണ്ടാകും.
കുട്ടികൾ മദസയിലേക്ക് കയറിയാൽ തിരികെ വീട്ടിലെത്തും. വഴിയിൽ വെച്ച് മാറ്റാരെങ്കിലും ഇവരോട് സംസാരിച്ചാലും മറ്റു നായകളെ കണ്ടാലും നായ വട്ടമിട്ട് നടന്ന് കുരക്കുകയും ചെയ്യും.
വിദ്യാർഥികൾക്കൊപ്പം എത്തുന്ന നായ കൗതുക കാഴ്ചയാണെന്ന് കാവപ്പുര ചിന്നംപടി തഅലീമുൽ അത്ഫാൽ മദ്റസ സ്വദർ മുഅല്ലിം മുനീർ സഖാഫി കാരക്കുന്ന് പറഞ്ഞു.





