Connect with us

socialist

മുസ്‌ലിം പ്രാതിനിധ്യം ഒരമിത ഭാരമായാണോ അനുഭവപ്പെടുന്നത്?

ഓരോ സമുദായങ്ങളുടെയും ജനസംഖ്യാപരമായ നില, വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന സാമുദായികമായ ആഭിമുഖ്യം, ഓരോ മണ്ഡലത്തിലും സമുദായങ്ങൾ പുലർത്തുന്ന ജനസംഖ്യാപരമായ മേൽക്കൈ എന്നിവ സവിശേഷമായ രീതിയിൽ കെട്ടുപിണഞ്ഞു കിടന്നാണ് ജാതി/മതത്തെ കുറിച്ചുള്ള പരിഗണനകൾ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രധാനമായും പ്രവർത്തിക്കുന്നത് എന്നാണ് നാം പൊതുവെ കരുതിപ്പോരുന്നത്. എന്നാൽ ഈ പരിഗണനകളെല്ലാം ജാതിയിലും/സമുദായങ്ങളിലും തുല്യമായ അളവിലല്ല പ്രവർത്തിക്കുന്നത് എന്നതാണ് നമ്മുടെ അനുഭവം. ഈ വസ്തുതക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സ്ഥാനാർഥി പട്ടികയും.

Published

|

Last Updated

വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിക്കെതിരെ, തൃണമൂൽ കോൺഗ്രസ് ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം യൂസുഫ് പത്താനെ സ്ഥാനാർത്ഥിയാക്കിയ വാർത്ത സ്വൽപം കൗതുകത്തോടെയാണ് വായിച്ചത്. വർഷങ്ങളോളമായി അധീർ ചൗധരിയാണ് ഈ മണ്ഡലത്തിൽ ജയിച്ചു പോരുന്നത്. 52 ശതമാനത്തിലധികം മുസ്‌ലിംകൾ ഉള്ള ഒരു മണ്ഡലമാണ് ബെർഹാംപൂർ എന്നോർക്കണം. പകുതിയിലേറെ മുസ്‌ലിംകൾ ഉള്ള ആ മണ്ഡലത്തിലേക്കാണ് ഗുജറാത്തിൽ നിന്നുള്ള ഒരു മുസ്‌ലിം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി എത്തുന്നത്. ഉൾക്കൊള്ളലിന്റെയും (inclusive mode) പ്രതിനിധാനത്തിന്റെയും (representational mode) രാഷ്ട്രീയത്തെ കുറിച്ചുള്ള ഗൗരവതരമായ ചില ആലോചനകൾക്ക് ഇതു വഴിതുറക്കുന്നുണ്ട്.

ഉൾക്കൊള്ളലിന്റെ (inclusive mode) രാഷ്ട്രീയത്തെ ഓരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെയായിരിക്കും അവരുടെ സ്ഥാനാർഥി നിർണ്ണയകാര്യത്തിൽ നടപ്പിലാക്കുക എന്നതിലായിരിക്കും ഒരുപക്ഷെ കേരളീയ മാതൃകയുടെ രാഷ്ട്രീയ ഭാവി കുടികൊള്ളുന്നത് എന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇതേ പ്ലാറ്റ്ഫോമിൽ ഞാൻ എഴുതിയിരുന്നു. ഈ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ വിവിധ രാഷ്ട്രീയ പാർട്ടികൾ/ മുന്നണികൾ തീരുമാനിച്ച പശ്ചാത്തലത്തിൽ മേൽ ചോദ്യം ഒരിക്കൽ കൂടി സൂക്ഷ്മമായി ചോദിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. കേരളത്തിന്റെ സാമൂഹിക ഘടനയെ ശരിയാം വിധത്തിൽ പ്രതിഫലിപ്പിക്കാൻ പര്യാപ്തമാണോ ഈ സ്ഥാനാർത്ഥി പട്ടിക എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഓരോ രാഷ്ട്രീയ പാർട്ടികളും, ഓരോ പ്രദേശങ്ങളിൽ ഏതേതു സാമൂഹിക സാമുദായിക വിഭാഗങ്ങളിൽ പെട്ടവരെയാണ് സ്ഥാനാർഥികളായി പരിഗണിച്ചിരിക്കുന്നത് എന്നു പരിശോധിക്കുമ്പോൾ ഈ അപര്യാപ്തതയുടെ ചിത്രം കുറച്ചു കൂടെ വ്യക്തമായി തെളിഞ്ഞു വരികയും ചെയ്യും.

ഓരോ സമുദായങ്ങളുടെയും ജനസംഖ്യാപരമായ നില, വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന സാമുദായികമായ ആഭിമുഖ്യം, ഓരോ മണ്ഡലത്തിലും സമുദായങ്ങൾ പുലർത്തുന്ന ജനസംഖ്യാപരമായ മേൽക്കൈ എന്നിവ സവിശേഷമായ രീതിയിൽ കെട്ടുപിണഞ്ഞു കിടന്നാണ് ജാതി/മതത്തെ കുറിച്ചുള്ള പരിഗണനകൾ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രധാനമായും പ്രവർത്തിക്കുന്നത് എന്നാണ് നാം പൊതുവെ കരുതിപ്പോരുന്നത്. എന്നാൽ ഈ പരിഗണനകളെല്ലാം ജാതിയിലും/സമുദായങ്ങളിലും തുല്യമായ അളവിലല്ല പ്രവർത്തിക്കുന്നത് എന്നതാണ് നമ്മുടെ അനുഭവം. ഈ വസ്തുതക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സ്ഥാനാർഥി പട്ടികയും. മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾ പുലർത്തുന്ന സമീപനം ഉദാഹരണമായെടുക്കുക. 30 ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോൾ തന്നെ കേരളത്തിൽ ഏറ്റവും കുറഞ്ഞത് ആറു സീറ്റുകൾ ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇടതു മുന്നണി നാലും യു ഡി എഫ് മൂന്നും സീറ്റുകളാണ് മുസ്‌ലിം സ്ഥാനാർഥികൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ യു ഡി എഫിന്റെ രണ്ടു സീറ്റുകളും മുസ്‌ലിം ലീഗിന്റേതാണ്. മുസ്‌ലിം പ്രാതിനിധ്യത്തിന്റെ ഉത്തരവാദിത്തം ലീഗിനെയും മലബാറിലെ ചില പ്രദേശങ്ങളെയും ഏൽപ്പിച്ചു കയ്യൊഴിയാനാണോ കോൺഗ്രസ് ശ്രമിക്കുന്നത്? കോൺഗ്രസിന്റെ ഏക മുസ്‌ലിം സ്ഥാനാർഥി മത്സരിക്കുന്നത് വടകരയിൽ ആണ്. ഇടതുപക്ഷത്തിന്റെ മൂന്നു സ്ഥാനാർഥികളും മലബാറിൽ നിന്നുള്ളവരാണ്. ഒരാൾ ആലപ്പുഴയിലും. മലബാറിന് പുറത്ത് മുസ്‌ലിം പ്രാതിനിധ്യത്തെ ഉൾക്കൊള്ളാൻ എന്താണ് രാഷ്ട്രീയ പാർട്ടികൾക്ക് തടസ്സം? എന്നാൽ മറ്റു സാമൂഹിക, സാമുദായിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ ഈ തടസ്സങ്ങളൊന്നും രാഷ്ട്രീയ പാർട്ടികൾക്ക് ബാധകമല്ല താനും. അക്കാര്യം സ്ഥാനാർഥി പട്ടികയിലൂടെ ഒന്നു കണ്ണോടിച്ചാൽ ആർക്കും ബോധ്യപ്പെടുകയും ചെയ്യും.

തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപിംഗ് സൊസൈറ്റീസ് 2016-ൽ നടത്തിയ ഗവേഷണ പഠനത്തിലെ കണക്കുകൾ പ്രകാരം 11.9 ശതമാനം വരുന്ന നായർ വിഭാഗം, 21.6 ശതമാനമുള്ള ഈഴവർ, 9.6 ശതമാനമുള്ള കീഴാളർ, 2.8 ശതമാനം വരുന്ന ക്രിസ്ത്യൻ കത്തോലിക്ക, 1.5 ശതമാനമുള്ള ഓർത്തഡോക്സ്, 1.4 ശതമാനം വരുന്ന യാക്കോബായ, 0.5 ശതമാനം മാത്രമുള്ള ദളിത് ക്രിസ്ത്യൻ തുടങ്ങിയവർക്കെല്ലാം ഓരോ സ്ഥാനാർത്ഥിയെ വീതം അനുവദിക്കപ്പെടുമ്പോൾ കേരളത്തിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന് എല്ലാവർക്കും കൂടി ഒരു സ്ഥാനാർഥിയെയാണ് ലഭിക്കുന്നത്. ഈ പഠനത്തിലെ കണ്ടെത്തലുകളെ അടിവരയിടുന്നതാണ് ഇത്തവണത്തേയും സ്ഥാനാർഥി പട്ടിക. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പോകട്ടെ, മുസ്‌ലിംകളെ കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകളെ അടിസ്ഥാനമാക്കി കൊണ്ടുള്ള സാങ്കേതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നിടത്തേക്ക് പോലും രാഷ്ട്രീയ പാർട്ടികൾക്കു കഴിയുന്നില്ല എന്നതിനെ ഖേദകരം എന്നല്ല വിശേഷിപ്പിക്കേണ്ടത്. രാഷ്ട്രീയ ദുരന്തം എന്നാണ്. ഇന്ത്യയിലെ മുസ്‌ലിം ചോദ്യങ്ങളെ മുൻ നിർത്തിയാണ് ഈ തിരഞ്ഞെടുപ്പിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നേരിടുന്നത് എന്നതാണ് വസ്തുത. അത്തരമൊരു തിരഞ്ഞെടുപ്പിൽ പോലും കേരളം പോലൊരു സംസ്ഥാനത്ത് മുസ്‌ലിം പ്രാതിനിധ്യത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒരധികപ്പറ്റോ ഒരമിത ഭാരം തലയിൽ ഏറ്റലോ ആയാണ് രാഷ്ട്രീയ പാർട്ടികൾക്ക് തോന്നുന്നത് എങ്കിൽ തിരഞ്ഞെടുപ്പിനും മുന്നേ തന്നെ രാഷ്ട്രീയമായി അവർ പരാജയപ്പെട്ടു എന്നേ മനസ്സിലാക്കേണ്ടതുള്ളൂ.

Latest