Kerala
സര്‍വീസ് നികുതി നല്‍കേണ്ട; ടാങ്കര്‍ ലോറി ഉടമകള്‍ സമരം പിന്‍വലിച്ചു
സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
കൊച്ചി | സംസ്ഥാനത്ത് ഒരു വിഭാഗം ടാങ്കര്‍ ലോറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. എറണാകുളം കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ കലക്ടര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ടാങ്കര്‍ ഉടമകള്‍ സര്‍വീസ് നികുതി നല്‍കേണ്ടെന്ന് ജില്ലാ കലക്ടര്‍ രേഖാമൂലം അറിയിച്ചു. ഇതോടെ സമരം അവസാനിപ്പിക്കുന്നതായി ഉടമകള്‍ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്തെ ടാങ്കര്‍ ലോറി ഉടമകളുടെ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നിരുന്നു. ബിപിസിഎല്‍ എച്ച്പിസിഎല്‍ കമ്പനികളിലെ 600 സര്‍വീസുകളാണ് സമരത്തിന്റെ ഭാഗമായി നിര്‍ത്തി വെച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ധന വിതരണം ഭാഗികമായി മുടങ്ങുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്ബന്ധിതരായ സാഹചര്യത്തില്‍ ആണ് ലോറി ഉടമകള്‍ സമരം ആരംഭിച്ചത്. കരാര്‍ പ്രകാരം എണ്ണ കമ്പനികളാണ് സര്‍വീസ് ടാക്സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ലോറി ഉടമകളുടെ നിലപാട്. തുടര്‍ന്ന് ജില്ലാ കലക്ടറുമായി ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു.



