Connect with us

aathmeeyam

വൈധവ്യത്തിലെ വൈമനസ്യം

ഒരു സ്ത്രീ വിധവയാകുന്നതോടെ അതുവരെ ചിരിച്ചുകളിച്ച് കൂടെ ഉണ്ടായിരുന്ന പലരും പിന്മാറുന്നു. ചേർത്തുപിടിക്കേണ്ടവർ പോലും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. പൊതുസമൂഹത്തിൽ നിന്ന് കിട്ടുന്ന വിമർശനങ്ങളെക്കാൾ കൂടുതൽ സ്വന്തക്കാരിൽ നിന്നുതന്നെയാകുമ്പോൾ മനം പൊട്ടി തകർന്നുപോകുന്നു. പങ്കാളി മരണപ്പെടുമ്പോൾ വിധവയാകുന്ന സ്ത്രീയെ അവളുടെ ഭർത്താവിന്റെ ചിതയിൽ ചുട്ടുകൊല്ലുകയോ അവന്റെ ശവകുടീരത്തിൽ ജീവനോടെ അടക്കം നടത്തുകയോ ചെയ്യുന്ന സതി സമ്പ്രദായം നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. വിധവകളെ ശാപമായി കാണുന്ന സമൂഹം ഇന്നുമുണ്ട്.

Published

|

Last Updated

വ്യത്യസ്ത ജീവിത സാഹചര്യങ്ങളാൽ ദാമ്പത്യ ബന്ധങ്ങൾ വേർപിരിയേണ്ടിവരികയും പിന്നീട് നൈരാശ്യത്തിലേക്കും മാനസിക വിഭ്രാന്തിയിലേക്കും ജീവിതം അവസാനിപ്പിക്കലിലേക്കുമെല്ലാം ചിന്തിക്കുന്ന അനേകം വിധവകൾ നമ്മുടെ നാട്ടിലുണ്ട്. ആഗോള തലത്തിൽ തന്നെ വിവാഹമോചനനിരക്ക് അനുദിനം വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യയിൽ ജനസംഖ്യാപരമായി പരിഗണിക്കുമ്പോൾ ഏറ്റവും കൂടുതൽ വിവാഹമോചനം റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും കേരളവും കർണാടകയുമാണ്.

ഒരു രാത്രി മാത്രം കഴിഞ്ഞ് പിരിയുന്നവരും ഏതാനും മാസങ്ങൾക്കു ശേഷവും അനേകം വർഷങ്ങൾക്കുശേഷവും വേർപിരിയുന്നവരുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ അത്രമേൽ പതിയാത്ത വിഭാഗമാണ് വിധവകളും അവരുടെ മക്കളും. ജീവിതത്തിന്റെ പാതിവഴിയിൽ ഒറ്റപ്പെടാൻ വിധിക്കപ്പെടുന്ന ഇക്കൂട്ടർ അനുഭവിക്കുന്ന യാതനകളും വേദനകളും അപമാനങ്ങളും അപവാദങ്ങളും വിമർശനങ്ങളും ധാരാളമാണ്. വലിയ പാതകം ചെയ്ത വിധത്തിലാണ് ഇവരോട് പലരും പെരുമാറുന്നത്. അതോടെ സ്വന്തത്തിലേക്ക് ഉൾവലിയാനും ഒതുങ്ങിയ ജീവിതം നയിക്കാനും അവർ നിർബന്ധിതരാവുന്നു. പറക്കമുറ്റാത്ത മക്കളുടെ ക്ഷുത്തകറ്റുന്നതും അവരുടെ വസ്ത്രവും വിദ്യാഭ്യാസവും മറ്റുമുള്ള കാര്യങ്ങളുമോർത്ത് പ്രയാസങ്ങളും വെല്ലുവിളികളും സഹിച്ച് ജീവിതത്തിന്റെ ശിഷ്ടകാലമത്രയും ഉരുകിത്തീരാനും വിധിക്കപ്പെടുന്നു. താത്കാലിക ആശ്വാസം പകരാൻ ചിലർക്ക് വാർധക്യത്തിലേക്ക് കാലെടുത്തുവെച്ച മാതാപിതാക്കളോ സഹോദരങ്ങളോ കുറച്ചുകാലമുണ്ടായേക്കാം. എന്നാൽ അവർക്ക് രോഗമോ മരണമോ സംഭവിക്കുന്നതോടെ പൂർണ അരക്ഷിതാവസ്ഥയിലാകുന്നു. എന്നെ സ്നേഹിക്കാനും പരിഗണിക്കാനും ആരും ഇല്ല എന്ന തോന്നല്‍ വല്ലാതെ പിടികൂടുകയും ചെയ്യും.

ഒരു സ്ത്രീ വിധവയാകുന്നതോടെ അതുവരെ ചിരിച്ചുകളിച്ച് കൂടെ ഉണ്ടായിരുന്ന പലരും പിന്മാറുന്നു. ചേർത്തുപിടിക്കേണ്ടവർ പോലും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നു. പൊതുസമൂഹത്തിൽ നിന്ന് കിട്ടുന്ന വിമർശനങ്ങളെക്കാൾ കൂടുതൽ സ്വന്തക്കാരിൽ നിന്നുതന്നെയാകുമ്പോൾ മനം പൊട്ടി തകർന്നുപോകുന്നു. പങ്കാളി മരണപ്പെടുമ്പോൾ വിധവയാകുന്ന സ്ത്രീയെ അവളുടെ ഭർത്താവിന്റെ ചിതയിൽ ചുട്ടുകൊല്ലുകയോ അവന്റെ ശവകുടീരത്തിൽ ജീവനോടെ അടക്കം നടത്തുകയോ ചെയ്യുന്ന സതി സമ്പ്രദായം നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. വിധവകളെ ശാപമായി കാണുന്ന സമൂഹം ഇന്നുമുണ്ട്.

വിധവകളുടെ അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി സർക്കാറുകളും സ്വകാര്യ സംരംഭങ്ങളും പല പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. എങ്കിലും അവർ തൊഴിൽപരമായും സാമ്പത്തികമായും പുനർവിവാഹത്തിനും മറ്റു പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. ഭാര്യ മരണപ്പെടുന്നതോടെ പുരുഷൻ സാധാരണ ഗതിയിൽ കുറച്ച് കഴിയുമ്പോഴേക്കും മറ്റൊരു ഇണയെ കണ്ടെത്തുകയും പുതിയ വൈവാഹിക ജീവിതം ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ ഭർത്താവ് മരണപ്പെട്ട സ്ത്രീകളിൽ പലരും മരണം വരെ വൈധവ്യത്തിൽ തുടരുന്നു. വിധവയുടെ പുനർവിവാഹവും സംരക്ഷണവും സംബന്ധമായി വിവിധ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത വീക്ഷണങ്ങളാണ് നിലനിൽക്കുന്നത്. ചില മതങ്ങൾ പുനർ വിവാഹത്തെ അനുവദിക്കുന്നില്ല. മറ്റു ചില മതങ്ങൾ നിയന്ത്രണ വിധേയമായി അനുവദിക്കുന്നു. ഇസ്‌ലാം വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു.

സാമൂഹികവും സാമ്പത്തികവും മാനസികവുമായി പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിടുന്ന വിധവകളെ സംരക്ഷിക്കലും സഹായിക്കലും സാമൂഹികബാധ്യതയാണ്.

വിശുദ്ധ ഇസ്‌ലാം വിധവകൾക്ക് അർഹമായ പരിഗണനയും അവകാശങ്ങളുമാണ് നൽകുന്നത്. പ്രവാചക പത്നിമാരില്‍ ആയിശബീവി(റ) ഒഴിയെയുള്ളവരെല്ലാം വിധവകളോ വിവാഹ മേചിതരോ ആയിരുന്നു. വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രപഞ്ച സ്രഷ്ടാവിൽ നിന്നുള്ള ഉന്നതമായ പ്രതിഫലമുണ്ടെന്ന് തിരുനബി(സ) പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം. നബി(സ) പറഞ്ഞു: വിധവകളുടെയും അഗതികളുടെയും കാര്യത്തിനുവേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാർഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്‌. അല്ലെങ്കില്‍ രാത്രി നിസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെയാണ്. (ബുഖാരി)