Connect with us

dileep case

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗിൽ പരിഗണിക്കും

അവധി ദിനമാണെങ്കിലും കോടതി നേരിട്ട് വിശദ വാദം കേൾക്കും

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗിൽ പരിഗണിക്കും. ഇന്ന് രാവിലെ 10.15ന് ഹൈക്കോടതി നേരിട്ട് വിശദമായ വാദം കേൾക്കും.

നിലവിൽ ഓൺലൈനായാണ് കേസുകൾ പരിഗണിക്കുന്നത്. എന്നാൽ ദിലീപിന്റെ കേസ് ഇന്ന് നേരിട്ട് കേൾക്കുമെന്ന് കോടതി വ്യക്തമാക്കി. ശനിയാഴ്ച അവധി ദിനമാണെങ്കിലും ദിലീപിന്റെ കേസ് നേരിട്ട് പരിഗണിക്കുന്നതിന് വേണ്ടിയാണ് സിറ്റിംഗ് നടത്തുന്നത്. കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് പരിഗണിക്കുന്നതിനു തീരുമാനമെടുത്തത്. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ മറുപടി നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിശദമായ സത്യവാങ്മൂലം കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു.

ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്നാണ് ദിലീപിന്റെ നിലപാട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് വ്യക്തിവിരോധം തീർക്കുകയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest