Connect with us

Uae

ഡിജിറ്റല്‍ കാര്യക്ഷമത; യു എ ഇ വിമാനത്താവളങ്ങള്‍ ലോകോത്തര നിലവാരത്തില്‍

ഈ സംവിധാനം തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൈകാര്യം ചെയ്യാന്‍ വിമാനത്താവള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Published

|

Last Updated

അബൂദബി | യു എ ഇയിലെ, പ്രത്യേകിച്ച് ദുബൈയിലെയും അബൂദബിയിലെയും വിമാനത്താവളങ്ങള്‍ നവീകരണത്തിലും കാര്യക്ഷമതയിലും യാത്രക്കാരുടെ അനുഭവത്തിലും പുതിയ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. ഡിജിറ്റലൈസേഷനോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതും വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിച്ചിട്ടുണ്ട്.

വ്യോമഗതാഗത ഐ ടി, കമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ ആഗോള നേതാവായ സിറ്റയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക (എം ഇ എ) പ്രസിഡന്റ് സെലിം ബൗറി എമിറേറ്റ്സ് ന്യൂസ് ഏജന്‍സി-വാമിന് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബൂദബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളം ബയോമെട്രിക് ഐഡന്റിറ്റി പ്രോസസ്സിംഗിനായുള്ള സംയോജിത പ്ലാറ്റ്‌ഫോമായ സ്മാര്‍ട്ട് ട്രാവല്‍ സിസ്റ്റം നടപ്പിലാക്കി. ഈ സംവിധാനം തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനൊപ്പം വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൈകാര്യം ചെയ്യാന്‍ വിമാനത്താവള ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2023 നവംബറില്‍ പുതിയ ടെര്‍മിനല്‍ തുറന്നതിനു ശേഷം, വിമാനത്താവളം ഒരു ദശലക്ഷത്തിലധികം യാത്രക്കാരെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രോസസ്സ് ചെയ്തു. ചെക്ക്-ഇന്‍ മുതല്‍ പുറപ്പെടല്‍ വരെ പന്ത്രണ്ട് മിനുട്ടിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ഭാവിയില്‍ യു എ ഇ വിമാനത്താവളങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയും സൗകര്യവും നല്‍കുന്ന സ്മാര്‍ട്ട് സൊല്യൂഷനുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. വിമാനത്താവള ചെക്ക്‌പോസ്റ്റുകളില്‍ ബയോമെട്രിക് പ്രോസസ്സിംഗ് വ്യാപിപ്പിക്കാനും പൂര്‍ണമായും സമ്പര്‍ക്കരഹിതമായ യാത്രാനുഭവം നല്‍കാനും പദ്ധതികളുണ്ട്.