Alappuzha
ആലപ്പുഴ നഗരത്തില്‍ വയറിളക്കം പടരുന്നു; കുട്ടികളടക്കം 25പേര്‍ ചികിത്സതേടി
കുടിവെള്ളത്തിലെ മാലിന്യമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ആലപ്പുഴ| ആലപ്പുഴ നഗരത്തില്‍ വയറിളക്കം പടരുന്നു. കുട്ടികളടക്കം 25പേര്‍ ആശുപത്രിയില്‍ ചികിത്സതേടി. പുതുവര്‍ഷാഘോഷ ഭാഗമായി ആലപ്പുഴ ബീച്ചിലെ ഫെസ്റ്റിവലില്‍ കുടുംബസമേതം പങ്കെടുത്ത് വടയും ശീതളപാനീയങ്ങളും കഴിച്ചവരാണ് ചികിത്സ തേടിയവരില്‍ അധികപേരും. ആലപ്പുഴ ജനറല്‍ ആശുപത്രി, കടപ്പുറം-വനിത ശിശു ആശുപത്രി എന്നിവിടങ്ങളില്‍ 10 പേര്‍ വീതമാണ് ചികിത്സ തേടിയത്. അഞ്ചുപേരെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. ബീച്ചിലെ മാത്രമല്ല ആഘോഷവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലെ കടകളില്‍നിന്ന് ശീതളപാനീയങ്ങള്‍ കുടിച്ചവരും ചികിത്സതേടിയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ കുടിവെള്ളത്തിലെ മാലിന്യമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആരോഗ്യവിഭാഗം പരിശോധന കര്‍ശനമാക്കിയാണ് നിയന്ത്രണവിധേയമാക്കിയത്. അന്ന് ആര്‍.ഒ പ്ലാന്റുകളിലടക്കം വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കൂടിയതോതില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലെ കടകളില്‍ പരിശോധന നടത്തി. ആലപ്പുഴ ബീച്ചില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന രണ്ട് കട പൂട്ടിച്ചിരുന്നു.