Connect with us

National

പണം ആവശ്യപ്പെട്ടു, ബന്ദിയാക്കി പീഡിപ്പിച്ചു;യുപിയില്‍ പോലീസുകാര്‍ക്കെതിരെ പരാതിയുമായി 22കാരി

പോലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും പേരറിയാത്ത മറ്റൊരു പോലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ പോലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വെച്ച് രണ്ട് പോലീസുകാര്‍ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി.

സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പോലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് പോലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍ എന്നിവര്‍ക്കെതിരെയും പേരറിയാത്ത മറ്റൊരു പോലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.

പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ പോലീസുകാരോട് പണം ഇല്ലെന്ന് പറയുകയും കാലില്‍ വീണ് കേണപേക്ഷിച്ചിട്ടും പോലീസുകാര്‍ വിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെ ജയിലില്‍ അടയ്ക്കുമെന്നായിരുന്നു പോലീസുകാരുടെ ഭീഷണി. തുടര്‍ന്ന് പേടിഎം വഴി പ്രതിശ്രുത വരന്‍ പോലീസുകാര്‍ക്ക് ആയിരം രൂപ നല്‍കി. വിട്ടയയ്ക്കുന്നതിന് മുന്‍പ് തന്നെയും പ്രതിശ്രുത വരനെയും ബന്ദിയാക്കി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി.

വിട്ടയച്ച ശേഷവും പോലീസുകാരുടെ ശല്യം അവസാനിച്ചിരുന്നില്ല. സെപ്തംബര്‍ 19ന് പോലീസുകാരില്‍ ഒരാളായ രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് യുവതി പോലീസുകാര്‍ക്കെതിരെ കേസ് കൊടുത്തത്.