Connect with us

Ongoing News

നിരവധി കവര്‍ച്ച കേസുകളിലെ പ്രതി പിടിയില്‍

മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്‌കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് തക്കം പാര്‍ത്തിരുന്ന് മാല പറിക്കുകയാണ് രീതി.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ് പിടിയില്‍. ആലപ്പുഴ രാമങ്കരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുട്ടാര്‍ വില്ലേജില്‍ മിത്രമഠം കോളനിയില്‍ ലതിന്‍ ബാബു (33) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പത്തനംതിട്ട ഡിവൈഎസ്പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ്  ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവല്ല കുറ്റൂര്‍ ചിറ്റിലപ്പടി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്‌കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് തക്കം പാര്‍ത്തിരുന്ന് മാല പറിക്കുകയാണ് രീതി. മോഷണമുതലുകള്‍ ഭാര്യയെക്കൊണ്ട് ജ്വല്ലറികളിലും സ്വര്‍ണ പണമിടപാട് സ്ഥാപനങ്ങളിലും വില്‍ക്കുകയാണ് ചെയ്യുന്നത്.

തിരുവല്ല, പുളിക്കീഴ് കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, രാമങ്കരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് എഴോളം കേസുകളും ഇരുചക്രവാഹനം മോഷ്ടിച്ചതിന് തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ട്. പ്രത്യേക അന്വേഷണസംഘം മൂന്നുമാസമായി സൈക്കിളില്‍ പണിക്കു പോകുന്നവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും വിവിധ സ്ഥലങ്ങളില്‍നിന്നും എത്തി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരെയും തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയായിരുന്നു. കൂടാതെ, രണ്ടു ജില്ലകളിലായി അഞ്ഞൂറോളം സി സി ടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വ്യാപക അന്വേഷണത്തിലൂടെയും ആസൂത്രിതമായ നീക്കങ്ങള്‍ക്കും ഒടുവിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ആലപ്പുഴ ജില്ലയില്‍ പോലീസിനെ ആക്രമിച്ച കേസിലും ചില ദേഹോപദ്രവ കേസുകളിലും ലതിന്‍ പ്രതിയാണ്. മറ്റ് ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പിടിച്ചുപറി കേസുകളുടെ അന്വേഷണത്തിനായി രൂപീകരിച്ച പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ എസ്‌സിപിഒ ജോബിന്‍ ജോണ്‍, സിപിഒമാരായ ഉമേഷ്, ശ്രീലാല്‍, ഷഫീക്, വിജീഷ്, സുജിത് കുമാര്‍ എന്നിവരാണുള്ളത്.