editorial
സന്നദ്ധ- ജീവകാരുണ്യ സംഘടനകള്‍ക്ക് മരണമണി
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. അത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമന്നതില്‍ സംശയമില്ല. ഇപ്പേരില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന എല്ലാ സംഘടനകളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തരുത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ഇത്തരം സംഘടനകളില്‍ നല്ലൊരു വിഭാഗവും.
സന്നദ്ധ- ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ് ലോക്‌സഭയില്‍ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി അവതരിപ്പിച്ച വിദേശ സംഭാവനാ നിയന്ത്രണ നിയമ (എഫ് സി ആര്‍ ഐ) ഭേദഗതി ബില്ല്. സാങ്കേതിക പിഴവുകള്‍ കാരണം രജിസ്‌ട്രേഷന്‍ പുതുക്കുന്നതില്‍ കാലതാമസം നേരിടുകയോ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഒരു സംഘടനയുടെ ലൈസന്‍സ് സ്വമേധയാ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ ആസ്തികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രത്യേക അതോറിറ്റിക്ക് ഏറ്റെടുക്കാമെന്ന ബില്ലിലെ വ്യവസ്ഥയാണ് ഏറ്റവും മാരകം. ഇതൊരു സാധാരണ ഭരണ പരിഷ്‌കാരമല്ല, സന്നദ്ധ- ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറേതര സംഘടനകളുടെ (എന്‍ ജി ഒ) സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെയും ബാധിക്കുന്ന കരിനിയമമാണ്.
ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ പങ്കാണ് പല എന്‍ ജി ഒകളും നടത്തി വരുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ പലപ്പോഴും നഗര കേന്ദ്രീകൃതമായിരിക്കും. അതിന്റെ ഗുണഫലങ്ങള്‍ ഉള്‍നാടുകളിലും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും എത്തിപ്പെടാറില്ല. എന്‍ ജി ഒകള്‍ ഇത്തരം ജനസഞ്ചയങ്ങളിലേക്ക് കടന്നുചെന്ന് ദാരിദ്ര്യനിര്‍മാര്‍ജന, ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ, ദുരിതാശ്വാസ മേഖലകളില്‍ മികച്ച സേവനങ്ങള്‍ നടത്തിവരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതി മൂല്യം ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കാതെ പോകുന്ന ജനവിഭാഗങ്ങള്‍ക്ക് എന്‍ ജി ഒകള്‍ ചെയ്യുന്ന സേവനങ്ങള്‍ നിസ്സാരമല്ല. മഹാപ്രളയ കാലത്തും കൊവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ചപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് എന്‍ ജി ഒകള്‍ നടത്തിയ സേവന പ്രവര്‍ത്തനം അവിസ്മരണീയമായിരുന്നു.
വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ദേശീയ സുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കേണ്ടത് അനിവാര്യം തന്നെ. ഇതുപക്ഷേ നല്ല നിലയില്‍, ജനോപകാര പ്രവര്‍ത്തനം നടത്തുന്ന സിവില്‍ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് കത്തിവെക്കുന്ന തരത്തിലാകരുത്. ഏത് കുറ്റത്തിനും നല്‍കുന്ന ശിക്ഷ ആനുപാതികമായിരിക്കണം. ലൈസന്‍സ് പുതുക്കുന്നതിലെ കാലതാമസം, രേഖകളിലെ പിഴവുകള്‍ തുടങ്ങിയ നിസ്സാര കുറ്റങ്ങള്‍ക്ക് വര്‍ഷങ്ങളായി അധ്വാനിച്ചുണ്ടാക്കിയ കെട്ടിടങ്ങളും ആസ്തികളും കണ്ടുകെട്ടി അത് വിറ്റുകിട്ടുന്ന പണം സര്‍ക്കാറിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റുന്നത് ആനുപാതിക ശിക്ഷയാണോ? അതിരുകടന്നതായിപ്പോയി ഈ വ്യവസ്ഥ. ഭരണഘടനാ താത്പര്യവുമായി ഇത് പൊരുത്തപ്പെടുമോ? ഭരണപരിഷ്‌കാരമല്ല, ഭരണകൂട ഭീകരതയായി വേണം ഇതിനെ വിലയിരുത്താന്‍. സ്വത്തവകാശം സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 300-എക്ക് വിരുദ്ധവുമാണിത്. ആര്‍ട്ടിക്കിള്‍ 300-എ പ്രകാരം മതിയായ നഷ്ടപരിഹാരമോ നിയമപരമായ നടപടികളോ സ്വീകരിക്കാതെ ഒരാളുടെയോ സംഘടനയുടെയോ സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാറിന് അവകാശമില്ല. ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സര്‍ക്കാറിന് ഈ കടമ്പ കടക്കാനാകുകയുള്ളൂ.
ആശുപത്രികള്‍, ഡയാലിസിസ് സെന്ററുകള്‍, സ്‌കൂളുകള്‍ തുടങ്ങി നിര്‍ധന വിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും ലക്ഷ്യമാക്കി എന്‍ ജി ഒകള്‍ പടുത്തുയര്‍ത്തിയ നിരവധി സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. ലൈസന്‍സ് പുതുക്കാന്‍ അല്‍പ്പമൊന്നു വൈകിയതിനു സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന പാവപ്പെട്ടവരുടെ ഗതി കഷ്ടത്തിലാകും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇവ കാര്യക്ഷമതയോടെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുമോ? കൃത്യമായ അന്വേഷണമോ സംഘടനാ ഭാരവാഹികള്‍ക്ക് തങ്ങളുടെ ഭാഗം വിശദമാക്കാനുള്ള അവസരമോ നല്‍കി മാത്രമേ ഇത്തരം നടപടികള്‍ സ്വീകരിക്കാവൂ. നിയമ ഭേദഗതിയില്‍ സ്വത്ത് കണ്ടുകെട്ടുന്നതിന് അതോറിറ്റിക്ക് നല്‍കിയ വിപുലമായ അധികാരം സ്വാഭാവിക നീതിയുടെ ലംഘനമാണ്.
വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരുണ്ടാകാം. അത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമന്നതില്‍ സംശയമില്ല. ഇപ്പേരില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന എല്ലാ സംഘടനകളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തരുത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ഇത്തരം സംഘടനകളില്‍ നല്ലൊരു വിഭാഗവും. അവരെ ഒന്നടങ്കം നിയമത്തിന്റെ കഠിനവും ദുഷ്‌കരവുമായ ചട്ടക്കൂട്ടിലേക്ക് തള്ളിയിടുന്നത് അവരുടെ ആത്മാഭിമാനത്തിനു നേരെയുള്ള കൈയേറ്റം മാത്രമല്ല, രാജ്യ താത്പര്യത്തിനു തന്നെ വിരുദ്ധവുമാണ്. ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാറിനോടൊപ്പം തുല്യപങ്കാളികളാണ് സിവില്‍ സമൂഹവുമെന്ന കാര്യം വിസ്മരിക്കരുത്.
നിയമത്തിന്റെ രാഷ്ട്രീയ ദുരുപയോഗമാണ് ഭേദഗതി നിയമത്തിന്റെ ഏറ്റവും അപകടകരമായ വശം. ഭരണകൂടത്തിന്റെ നയങ്ങളോടും നിലപാടുകളോടും വിയോജിപ്പുള്ള സാമൂഹിക- സാംസ്‌കാരിക സംഘടനകളെ നിശബ്ദമാക്കുന്നതിന് നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യത പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതാണ്. പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശബ്ദമുയര്‍ത്തുന്ന സംഘടനകള്‍ സര്‍ക്കാറിന് തലവേദനയാകാറുണ്ട്. നിര്‍ദിഷ്ട നിയമം വഴി അത്തരം സംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് അടക്കാനും നിലനില്‍പ്പ് അപകടത്തിലാക്കാനും സര്‍ക്കാറിന് സാധിക്കും. നിയമം സുതാര്യതക്കു വേണ്ടിയാകണം. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ആയുധങ്ങളാകരുത്. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് രാജ്യദ്രോഹമല്ല. വിയോജിപ്പുള്ളവരെ സാമ്പത്തികമായി തളര്‍ത്തുന്ന വിധം നിയമത്തെ മാറ്റുന്നതാണ് ദേശവിരുദ്ധം.



