National
കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത മുഖ്യമന്ത്രിയെ തല്ലണമെന്ന പരാമര്‍ശമാണ് അറസ്റ്റിന് കാരണം.
മുംബൈ | കേന്ദ്ര മന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് രത്‌നഗിരിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പരാമര്‍ശമാണ് കാരണം. രത്‌നഗിരി ജില്ലയിലെ സംഗമേശ്വറിലെ ഗോള്‍വാലി എന്ന സ്ഥലത്ത് വെച്ചാണ് കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തത്.
ബി ജെ പി നിയമസഭാംഗം പ്രസാദ് ലാദ്, എം എല്‍ എയും മകനുമായ നിതേഷ് റാണെ, മറ്റൊരു മകന്‍ നിലേഷ് റാണെ എന്നിവരോടൊപ്പമായിരുന്നു അദ്ദേഹം. എസ് പിയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഈയടുത്ത് നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ അംഗത്വം ലഭിച്ചയാളാണ് നാരായണ്‍ റാണെ. പുതിയ കേന്ദ്ര മന്ത്രിമാരെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന ബി ജെ പിയുടെ ജന്‍ ആശീര്‍വാദ് യാത്രയിലായിരുന്നു അദ്ദേഹം. കൊങ്കണ്‍ മേഖലയിലേക്ക് പോകുമ്പോഴാണ് അറസ്റ്റുണ്ടായത്. അതേസമയം, വാറന്റില്ലാതെ, രാഷ്ട്രീയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് റാണെയുടെ സഹായി പ്രമോദ് ജഠാര്‍ ആരോപിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം അറിയാത്ത മുഖ്യമന്ത്രിയെ തല്ലണമെന്നായിരുന്നു റാണെയുടെ പരാമര്‍ശം. ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയിലാണ് കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തത്. പരാമര്‍ശത്തിന് പിന്നാലെ മുംബൈ ജുഹുവിലെ വസതിയിലേക്ക് സേനാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ തന്നെ സംഘര്‍ഷം രൂപപ്പെട്ടു. മാര്‍ച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇരുപക്ഷത്തുനിന്നും കല്ലേറുണ്ടായി. സേനാ പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞ് റോഡില്‍ കുത്തിയിരുന്നു. നാഗ്പൂരിലെ ബി ജെ പി ഓഫീസിന് നേരെ സേനാ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. അറസ്റ്റോടെ സംഘർഷം രൂക്ഷമാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.




