Connect with us

editorial

കടലിൽ തകർന്നടിഞ്ഞ വിശ്വാസ്യത

ചരിത്രത്തിലും വർത്തമാനത്തിലുമുടനീളം സുഹൃത്തായ ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകുന്നത് തികച്ചും വഞ്ചനാപരമാണ്. താരിഫിലും വ്യാപാര കരാറിലുമെല്ലാം ഇന്ത്യയെ പിന്നിൽ നിന്ന് കുത്തിയ അമേരിക്കക്ക് വേണ്ടി സ്വന്തം ദേശീയ താത്പര്യങ്ങളും ബന്ധങ്ങളും ഇന്ത്യ ബലികഴിക്കരുത്.

Published

|

Last Updated

യു എസ്- ഇസ്‌റാഈൽ സംയുക്ത ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും പശ്ചിമേഷ്യയിൽ മാത്രമല്ല ലോകത്താകെ പ്രകമ്പനങ്ങൾ സൃഷ്ടിക്കുകയാണ്. വലിയ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിൽ നഷ്ടത്തിനും ദീർഘകാല പ്രത്യാഘാതങ്ങൾക്കും വഴിവെക്കുന്ന കൂട്ടക്കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. ഇറാനെ ആക്രമിച്ചതിന് കൃത്യമായ കാരണം മുന്നോട്ടുവെക്കാൻ യു എസിനോ ഇസ്‌റാഈലിനോ സാധിച്ചിട്ടില്ല. ഇറാന്റെ ആണവ പരിപാടി അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന യു എസിന്റെ യഥാർഥ ലാക്ക് ആ രാജ്യത്തിന്റെ ഭരണം അട്ടിമറിക്കലാണ്.

ഇസ്‌റാഈലിന്റെ താത്പര്യത്തിലാണ് യു എസ് ഈ അതിക്രമം തുടങ്ങിയതെന്നും വ്യക്തം. ആഗോള സംഘടനയായ യു എന്നും മാനവരാശിയുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ള ദേശരാഷ്ട്രങ്ങളും സംഘർഷം അവസാനിപ്പിക്കാനായി ശക്തമായ നിലപാടെടുക്കേണ്ട ഘട്ടമാണിത്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇക്കാര്യത്തിൽ നിർണായക ഉത്തരവാദിത്വമുണ്ട്. ചേരിചേരാ നയം ഉയർത്തിപ്പിടിച്ച പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ കൃത്യമായ നിലപാടെടുക്കാനാകാത്ത, തികച്ചും ദുർബലമായ നിലയിലാണ് ഇന്ത്യ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ അപലപിക്കാൻ പോലും സാധിച്ചില്ല. ദീർഘകാല സുഹൃദ് രാജ്യമായ ഇറാനിലെ സ്‌കൂൾ തകർത്ത് കുഞ്ഞുങ്ങളെ വകവരുത്തിയപ്പോഴും മൗനം തുടർന്നു. ഒടുവിൽ ഖാംനഈ വധത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും ദിവസങ്ങളെടുത്തു. ഈ നിലപാടില്ലായ്മ പരോക്ഷമായി സാമ്രാജ്യത്വ, സയണിസ്റ്റ് ശക്തികളെ പിന്തുണക്കലാണെന്ന് പറഞ്ഞാൽ അത് നിഷേധിക്കാനാകില്ല.

മോദി സർക്കാറിന്റെ നിസ്സഹായാവസ്ഥയും ദൗർബല്യവും നിലപാടില്ലായ്മയും ഏറ്റവും കൃത്യമായി വെളിപ്പെട്ടത് ഇറാനിയൻ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെട്ട സംഭവത്തിലാണ്. ഇന്ത്യൻ നാവികസേന വിശാഖപട്ടണത്ത് സംഘടിപ്പിച്ച മിലൻ രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും നാവികാഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഐ ആർ ഐ എസ് ദെന എന്ന ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കൻ തുറമുഖനഗരമായ ഗോളിൽ നിന്ന് 74 കിലോമീറ്റർ അകലെവെച്ച് അമേരിക്കൻ അന്തർവാഹിനി തകർത്തത്. 87 നാവികർ മരിച്ചു. ആണവ അന്തർവാഹിനിയിൽ നിന്ന് ടോർപിഡോ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇന്ത്യ ക്ഷണിച്ചിട്ടാണ് ഇറാനിയൻ കപ്പൽ വ്യൂഹം വന്നത്. സ്വാഭാവികമായും ആ സംഘത്തിന് ഇന്ത്യയുടെ സുരക്ഷാവലയമുണ്ടാകുമെന്ന് പ്രതീക്ഷിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക സുരക്ഷാസംവിധാനത്തിൽ ഇന്ത്യക്ക് നിയന്ത്രണമുണ്ടാകുമെന്നും ആരും വിലയിരുത്തും. ഏത് യുദ്ധാന്തരീക്ഷത്തിലും ഇന്ത്യയുടെ അതിഥിയായെത്തിയവരെ അമേരിക്ക ആക്രമിക്കില്ലെന്നും കരുതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം അത്രമേൽ ഊഷ്മളമാണല്ലോ. സംഭവം നടന്നത് ഇന്ത്യക്ക് സമുദ്രാതിർത്തിക്ക് പുറത്താണ് എന്ന കാരണമുയർത്തി കൈകഴുകാൻ ഇന്ത്യൻ സാധിക്കില്ല. ഇക്കാര്യത്തിൽ തുടരുന്ന മൗനം തികച്ചും നിരാശാജനകമാണ്. ഇന്ത്യയിലേക്ക് അതിഥിയായെത്താൻ ആരും രണ്ടാമതൊന്ന് ചിന്തിക്കുന്ന സ്ഥിതിയാണ് ആ ആക്രമണമുണ്ടാക്കിയത്. ഇന്ത്യയുടെ വിശ്വാസ്യതയും പരമാധികാരവുമാണ് ഇടിഞ്ഞിരിക്കുന്നത്. അതിഥി ദേവോ ഭവഃ എന്ന മന്ത്രം നിരർഥകമായിരിക്കുന്നു.

ഇന്ത്യയെ കണക്കിലെടുക്കാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് സംഘർഷം വ്യാപിപ്പിക്കുകയാണ് യു എസ് ചെയ്തത്. ഒരു സാമന്ത രാജ്യത്തെപ്പോലെയാണ് ഇന്ത്യയെ യു എസ് കാണുന്നത് എന്നതിന് ഇതിനേക്കാൾ വലിയ തെളിവ് വേണോ? കൂടുതൽ ഗുരുതരമായ പ്രശ്‌നം ഇന്ത്യ സംശയനിഴലിലായി എന്നതാണ്. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി അമേരിക്ക ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന് യു എസ് മുൻ ആർമി കേണൽ ഡഗ്ലസ് മാക്ഗ്രെഗർ അമേരിക്ക വൺ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിക്കുകയുണ്ടായി. ഗൾഫ് മേഖലയിൽ തുറമുഖങ്ങളും നാവികതാവളങ്ങളും ഇറാന്റെ ആക്രമണങ്ങളിൽ നശിപ്പിക്കപ്പെട്ടതിനാൽ യു എസ് നേവിക്ക് ഇന്ത്യൻ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരുന്നുവെന്നായിരുന്നു മാക്ഗ്രെഗർ പറഞ്ഞത്. ഈ പ്രസ്താവന വിദേശകാര്യ മന്ത്രാലയം നിഷേധിച്ചെങ്കിലും ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞുപോയിട്ടില്ല.

പ്രധാനമന്ത്രിയുടെ ഇസ്‌റാഈൽ സന്ദർശനവുമായി കൂട്ടിവായിച്ചും ചില സന്ദേഹങ്ങളുയരുന്നുണ്ട്. 2016ൽ ഇന്ത്യയും യു എസും ഒപ്പുവെച്ച ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എൽ ഇ എം ഒ എ) പുതിയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ കരാർ അവസരമാക്കി ഇന്ത്യൻ തുറമുഖങ്ങളും നാവിക താവളങ്ങളും യു എസ് ഉപയോഗിച്ചേക്കാമെന്നാണ് ആശങ്ക. ഇന്ധനം നിറക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക്കൽ പിന്തുണ, സപ്ലൈസ്, സേവനങ്ങൾ എന്നിവ സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൽ ഇ എം ഒ എ കരാർ. ഇത് പരസ്പരം സൈനിക സൗകര്യങ്ങളിലേക്ക് സുഗമമായ പ്രവേശനം സാധ്യമാക്കുന്നു. സമാധാന കാലത്തെ സഹകരണത്തിന് രൂപവത്കരിച്ച ഏത് കരാറിനും യുദ്ധകാലത്ത് മറ്റൊരു പ്രയോഗമാകുമുണ്ടാകുക. ചരിത്രത്തിലും വർത്തമാനത്തിലുമുടനീളം സുഹൃത്തായ ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകുന്നത് തികച്ചും വഞ്ചനാപരമാണ്.

താരിഫിലും വ്യാപാര കരാറിലും കുടിേയേറ്റത്തിലും അതിർത്തി പ്രശ്‌നങ്ങളിലുമെല്ലാം ഇന്ത്യയെ പിന്നിൽ നിന്ന് കുത്തിയ അമേരിക്കക്കു വേണ്ടി സ്വന്തം ദേശീയ താത്പര്യങ്ങളും ബന്ധങ്ങളും ഇന്ത്യ ബലികഴിക്കരുത്. രൂപവത്കരണം മുതൽ ഇസ്‌റാഈലിന്റെ അധിനിവേശ മോഹങ്ങളെ എതിർത്ത പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന നയങ്ങളും തീരുമാനങ്ങളുമുണ്ടാകണം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ 30 ദിവസത്തെ ഇളവ് അനുവദിച്ചിരിക്കുകയാണ് ട്രംപ്. ഈ മഹത്തായ രാജ്യം ഇങ്ങനെയൊരാളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ട അവസ്ഥ, അത് ഏത് നയതന്ത്രത്തിന്റെ ഭാഗമായാലും, ലജ്ജാകരമാണ്.