Connect with us

pension

പങ്കാളിത്ത പെൻഷനെതിരെ സി പി ഐ സർവീസ് സംഘടന

സി പി എം അനുകൂല സംഘടനയായ എൻ ജി ഒ യൂനിയൻ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ശക്തമായി രംഗത്തു വരാത്ത സാഹചര്യത്തിലാണ് ജോയിന്റ് കൗൺസിൽ ഇക്കാര്യത്തിൽ നിലപാട് കർശനമാക്കുന്നത്

Published

|

Last Updated

കോഴിക്കോട് | പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സി പി ഐ അനുകൂല സർവീസ് സംഘടന ജോയിന്റ് കൗൺസിൽ. സി പി എം അനുകൂല സംഘടനയായ എൻ ജി ഒ യൂനിയൻ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ശക്തമായി രംഗത്തു വരാത്ത സാഹചര്യത്തിലാണ് ജോയിന്റ് കൗൺസിൽ ഇക്കാര്യത്തിൽ നിലപാട് കർശനമാക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ ഭരണകാലത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ അന്ന് എൻ ജി ഒ യൂനിയനും ജോയിന്റ് കൗൺസിലുമായിരുന്നു രംഗത്തുണ്ടായിരുന്നത്.

പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്നത് ജീവനക്കാർക്ക് ഗുണകരമാണെന്നായിരുന്നു യു ഡി എഫ് അനുകൂല സർവീസ് സംഘടനയായ എൻ ജി ഒ അസ്സോസിയേഷൻ അന്ന് ജീവനക്കാർക്കിടയിൽ പ്രചാരണം നടത്തിയത്. ഇടതു സർക്കാർ ഭരണത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ ഇടതുമുന്നണി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇടതു സർക്കാർ ഭരണത്തിലേറിയപ്പോൾ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ആക്ഷേപം. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ട് ലഭിച്ചാലുടൻ പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ താത്പര്യത്തിനനുസരിച്ച് അനുകൂല നിലപാട് സ്വീകരിക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ വാഗ്ദാനം. എന്നാൽ റിപ്പോർട്ട് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികളൊന്നുമുണ്ടാകാത്തതിനെ തുടർന്നാണ് ജോയിന്റ് കൗൺസിൽ നിലപാട് കടുപ്പിക്കുന്നത്. പുനഃപരിശോധനാ സമിതി റിപ്പോർട്ട് വിവരാവകാശ പ്രകാരം അപേക്ഷിച്ചിട്ടും ജോയിന്റ് കൗൺസിലിന് ലഭിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നത് കൊണ്ട് നിയമതടസ്സങ്ങളില്ലെന്നാണ് സമിതി റിപ്പോർട്ടിൽ ശിപാർശ ചെയ്തിരിക്കുന്നതെന്നാണറിയുന്നത്.

കേരളത്തിൽ 2013 ഏപ്രിൽ ഒന്നിന് ശേഷം സർക്കാർ സർവീസിൽ പ്രവേശിക്കുന്നവർക്കാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. ഇതുവരെ ഇടതു സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അടുത്ത മാസം ഒന്ന് മുതൽ കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ജോയിന്റ് കൗൺസിലിന്റെ തീരുമാനം.
പങ്കാളിത്ത പെൻഷൻ പിൻവലിക്കാതെ സർക്കാർ ഒളിച്ചു കളിക്കുന്നുവെന്നും സി പി എം സംഘടനയായ എൻ ജി ഒ യൂനിയൻ ഇക്കാര്യത്തിൽ നിർജീവമാണെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. സർക്കാർ സാമ്പത്തിക ബാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇപ്പോൾ തന്നെ സർക്കാർ വലിയ സാമ്പത്തിക ബാധ്യതയാണ് ഇക്കാര്യത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest