Kerala
കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി പി ഐ
ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമാണ്. ബി ജെ പിയുടെ ചാനല്‍ അല്ല. ദൂരദര്‍ശന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദൂരദര്‍ശന്‍ പ്രചാരണ പരിപാടി ബഹിഷ്‌കരിച്ച് സി പി ഐ. കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കണമെന്നാണെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് താന്‍ അറിയിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമാണ്. ബി ജെ പിയുടെ ചാനല്‍ അല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. ബി ജെ പിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പരാമര്‍ശങ്ങളുള്ള അവസാനത്തെ രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കി പരിപാടി റെക്കോര്‍ഡ് ചെയ്യാമെന്നാണ് ദൂരദര്‍ശന്‍ അധികൃതര്‍ പറഞ്ഞത്. വെറ്റിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഭാഗങ്ങള്‍ ഒഴിവാക്കാന്‍ ദുരദര്‍ശന്‍ ആവശ്യപ്പെട്ടത്. വെട്ടിമാറ്റിയ ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യില്ലെന്ന് അറിയിച്ചു. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് മറുപടി നല്‍കിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദൂരദര്‍ശന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പൂര്‍ണമായും നിബന്ധനകള്‍ പാലിക്കുന്ന രീതിയില്‍ തയ്യാറാക്കിയ പരിപാടിയാണ് വെട്ടിമാറ്റിയത്. പരിപാടിയുടെ ടെക്സ്റ്റ് നേരത്തെ കൊടുത്തതാണ്. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പിക്ക് വേണ്ടിയാണ് അവര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ വെട്ടിമാറ്റിയതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ദൂരദര്‍ശനെയും ആകാശവാണിയെയും യജമാനന്റെ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രമായി മാറ്റുന്ന രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ മനസ്സില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.




