Connect with us

Oxygen Crisis

രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ ക്ഷാമം മൂലം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണമുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി

ഡിസംബര്‍ മൂന്നിന് പാര്‍ലിമെന്റില്‍ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നല്‍കിയ മറുപടി പ്രകാരം രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം പഞ്ചാബ് മാത്രമേ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ

Published

|

Last Updated

ലക്‌നോ | കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്‌സിജന്‍ ക്ഷാമം മൂലം സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന നിയമനിര്‍മ്മാണ കൗണ്‍സിലില്‍ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവില്‍ മരിച്ച 22,915 കൊവിഡ് മരണങ്ങളില്‍ ഒരാളുടേത് പോലും ഓക്‌സിജന്‍ കിട്ടാത്തതിനെത്തുടര്‍ന്നാണെന്ന് മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് സര്‍ക്കാര്‍ തെളിവായി ഉന്നയിക്കുന്ന വാദം.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിക്കരയില്‍ മറവ് ചെയ്യുകയും മഴക്കാലത്ത് നദിയില്‍ വെള്ളം കയറിയതോടെ ഇത് ഒഴുകി നടന്ന സംഭവങ്ങളും വലിയ വിവാദമായിരുന്നു. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പരീക്ഷണത്തിന്റെ ഭാഗമായി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 16 കൊവിഡ് രോഗികള്‍ മരിച്ച സംഭവവുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വീഡിയോയില്‍, ഓക്‌സിജന്‍ കിട്ടാതായാല്‍ ആരൊക്കെ അതിജീവിക്കും എന്നറിയാനാണ് വിതരണം നിര്‍ത്തിവെച്ചതെന്ന് ആശുപത്രി ഉടമ പറയുന്നതായും കാണാമായിരുന്നു.

എന്നാല്‍, സര്‍ക്കാറിന്റെ ഇടപെടല്‍ മൂലം വലിയൊരളവ് മരണം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് ദിനേഷ് ശര്‍മ കൗണ്‍സിലിനെ അറിയിച്ചിരുന്നു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഡിസംബര്‍ മൂന്നിന് പാര്‍ലിമെന്റിന് നടത്തിയ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ മറുപടി പ്രകാരം രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം പഞ്ചാബ് മാത്രമേ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.