Connect with us

National

കൊവിഡ് കേസുകൾ കുതിക്കുന്നു; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

കഴിഞ്ഞ  24 മണിക്കൂറിനിടെ 632 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 414 പേര്‍ രോഗമുക്തി നേടി.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ വീണ്ടും മാസ്ക് ഉൾപ്പെടെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി 500 രൂപ പിഴ അടയ്ക്കേണ്ടി വരും. ബുധനാഴ്ച ചേർന്ന ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സ്കൂളുകൾക്ക് പുതിയ സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പ്രൊസീജ്യർ – എസ് ഒ പി നൽകാനും തീരുമാനമായി. സ്കൂളുകൾ തത്കാലം അടക്കില്ല. ഇതോടൊപ്പം സാമൂഹിക അകലം, ആശുപത്രി ഒരുക്കങ്ങൾ എന്നിവയും യോഗത്തിൽ ചർച്ചയായി.വിപണികളിൽ വർദ്ധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഒരു ഇടവേളക്ക് ശേഷം രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്. കഴിഞ്ഞ  24 മണിക്കൂറിനിടെ 632 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 414 പേര്‍ രോഗമുക്തി നേടി. അതേസമയം ഒരു രോഗിയും മരിച്ചിട്ടില്ല.

ഏപ്രില്‍ 5 മുതലാണ് തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയത്. അതിനുശേഷം ആകെ 4099 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍, സജീവ രോഗികളുടെ എണ്ണം 1947 ആണ്. ഇതില്‍ 41 പേര്‍ ആശുപത്രിയിലാണ്. 1274 രോഗികള്‍ ഹോം ഐസൊലേഷനിലും കഴിയുന്നു. 625 കണ്ടയിൻമെന്റ് സോണുകളും ഉണ്ട്.

---- facebook comment plugin here -----

Latest