Connect with us

Kerala

അരിക്കൊമ്പനെ കണ്ടെത്താനായില്ല, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

Published

|

Last Updated

ഇടുക്കി| മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അരിക്കൊമ്പനെ കണ്ടെത്താനാവാതെ മയക്കു വെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം വനം വകുപ്പ് അവസാനിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. എന്നാല്‍ വനം വകുപ്പ് തിരഞ്ഞ അരിക്കൊമ്പന്‍ ശങ്കരപണ്ഡിയ മെട്ടില്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാളെ വീണ്ടും ദൗത്യം ആരംഭിക്കും.

ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് ആനയെ കണ്ടെത്താനാകാതിരുന്നതെന്നാണ് കരുതുന്നത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നുവെന്നും വനംമന്ത്രി വിശദീകരിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150ലേറെ പേരാണ് ചിന്നക്കനാലില്‍ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. വെയില്‍ ശക്തമായതിനാല്‍ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരികെ എത്തിച്ചിട്ടുണ്ട്.

 

 

Latest