Connect with us

Editorial

ബംഗാളിലെ ചീഫ് സെക്രട്ടറി നിയമന വിവാദം

വ്യക്തികളുടെ കഴിവിനും യോഗ്യതക്കുമപ്പുറം, ഭരണകൂടവും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളും തമ്മിൽ കൃത്യമായൊരു നൈതിക ദൂരം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Published

|

Last Updated

ഭരണഘടനാ സ്ഥാപനങ്ങൾ പുലർത്തേണ്ട നിഷ്പക്ഷതയും സുതാര്യതയുമാണ് ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും നട്ടെല്ല്. അതിന് കടുത്ത ക്ഷതമേൽപ്പിക്കുന്നതാണ് പശ്ചിമബംഗാളിൽ പുതുതായി അധികാരത്തിലേറിയ സുവേന്ദു അധികാരി സർക്കാർ നടത്തിയ നിയമനം. സംസ്ഥാന ചീഫ് സെക്രട്ടറിയായി മനോജ് കുമാർ അഗർവാളിനെ നിയമിച്ച നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ബംഗാളിൽ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ (സി ഇ ഒ) പദവി വഹിച്ചിരുന്ന വ്യക്തിയാണ് മനോജ് കുമാർ അഗർവാൾ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ) പ്രക്രിയയിലൂടെ 91 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ബി ജെ പിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാണ് ഈ വെട്ടിമാറ്റൽ നടന്നതെന്ന ആരോപണം ഇപ്പോൾ കൂടുതൽ ശക്തമാകുകയാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെങ്കിലും തങ്ങളുടെ പരാജയത്തിന് കാരണമായത് ഇത്തരത്തിലുള്ള വോട്ടർ പട്ടികയിലെ ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിയമനം നടന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പോലുള്ള അതീവ നിർണായക പ്രക്രിയയിൽ ഗുരുതര ആരോപണങ്ങൾ നേരിട്ട ഒരു ഉദ്യോഗസ്ഥൻ, ആ പ്രക്രിയക്ക് തൊട്ടുപിന്നാലെ തന്നെ ഉന്നത ഭരണപദവികളിലേക്ക് ഉയർത്തപ്പെടുന്നത് സ്വാഭാവികമായും വലിയ സംശയങ്ങൾക്ക് വഴിമരുന്നിടും. പരിചയസമ്പന്നരും യോഗ്യരുമായ വ്യക്തികളെ ഭരണമേഖലയിൽ നിയമിക്കുന്നതിൽ എന്താണ് തെറ്റെന്ന ന്യായീകരണമാണ് സുവേന്ദു അധികാരി സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. മിക്കപ്പോഴും നിയമത്തിലെ സാങ്കേതികത്വങ്ങൾ കൂട്ടുപിടിച്ചാണ് ഇത്തരം വിവാദ നിയമനങ്ങളെ ഭരണകൂടങ്ങൾ പ്രതിരോധിക്കാറുള്ളത്. പക്ഷേ, കേവലം നിയമവ്യാഖ്യാനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഭരണഘടനയുടെ ആത്മാവ്. നീതി, ജനവിശ്വാസം, സുതാര്യത, പൊതുനന്മ തുടങ്ങിയ ഉയർന്ന മൂല്യങ്ങളിൽ കൂടി അധിഷ്ഠിതമാണത്. ഒരു നിയമനം നിയമപരമായി സാധുവായതു കൊണ്ട് മാത്രം കാര്യമായില്ല, അത് സുതാര്യവും നീതിപൂർവവുമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും
വേണം.

വ്യക്തികളുടെ കഴിവിനും യോഗ്യതക്കുമപ്പുറം, ഭരണകൂടവും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളും തമ്മിൽ കൃത്യമായൊരു നൈതിക ദൂരം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ഉദ്യോഗസ്ഥൻ തന്റെ
ഔദ്യോഗിക പദവിയിലിരിക്കെ സ്വീകരിച്ച തീരുമാനങ്ങൾ പിൽക്കാലത്ത് ലഭിക്കാനിരിക്കുന്ന പദവികൾ മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നുവെന്ന സംശയം ജനമനസ്സുകളിൽ ഇട്ടുനൽകുന്നത് ജനാധിപത്യത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച് അധികം വൈകാതെ തന്നെ രഞ്ജൻ ഗൊഗോയിക്ക് രാജ്യസഭാ അംഗത്വം നൽകിയ സംഭവത്തെയാണ് മനോജ് കുമാർ അഗർവാളിന്റെ നിയമനം അനുസ്മരിപ്പിക്കുന്നത്. നരേന്ദ്ര മോദി സർക്കാറിന് രാഷ്ട്രീയമായി പ്രത്യേക താത്പര്യമുള്ള സുപ്രധാന കേസുകളിൽ അനുകൂല വിധി പുറപ്പെടുവിച്ചതിനുള്ള പാരിതോഷികമാണ് ഗൊഗോയിയുടെ രാജ്യസഭാ സീറ്റെന്ന് അന്ന് വലിയ തോതിൽ ആരോപിക്കപ്പെട്ടിരുന്നു. മോദി സർക്കാറിനെ പ്രതിരോധത്തിലാക്കിയ റഫേൽ യുദ്ധവിമാന അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് നൽകിയതും ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബഞ്ചായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കാതെ ദീർഘകാലം മാറ്റിവെച്ചത് ഭരണകൂടത്തെ സഹായിക്കാനായിരുന്നുവെന്ന വിമർശവും ഉയർന്നുവന്നിരുന്നു.

ജഡ്ജിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വിരമിച്ച ഉടനെ രാഷ്ട്രീയ പദവികൾ നൽകുന്നത്, അവർ സേവന കാലത്ത് കൈക്കൊണ്ട തീരുമാനങ്ങളെയും വിധിപ്രസ്താവങ്ങളെയും എന്നെന്നേക്കുമായി സംശയത്തിന്റെ നിഴലിലാക്കുമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് എ പി ഷാ, ജസ്റ്റിസ് മദൻ ബി ലോകൂർ തുടങ്ങി നിരവധി പ്രമുഖർ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ, സുപ്രീം കോടതി ജഡ്ജിമാർ, അന്വേഷണ ഏജൻസികളുടെ മേധാവികൾ, വിരമിച്ച ബ്യൂറോക്രാറ്റുകൾ എന്നിവരെ രാഷ്ട്രീയ പദവികളിൽ നിയമിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചു വരികയാണ്. അധികാരത്തിലിരിക്കുന്ന സർക്കാറുകൾക്ക് ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ഇംഗിതങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്താമെന്ന തെറ്റായ ധാരണ സമൂഹത്തിൽ വളരാൻ ഇത് കാരണമാകും. ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള ജനവിശ്വാസം തകരുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം.

ഭരണകൂടത്തെ വിമർശനാത്മകമായി സമീപിക്കേണ്ട ഉദ്യോഗസ്ഥർ പോലും തങ്ങളുടെ ഭാവിയിലെ പദവികൾ പരിഗണിച്ച് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാൻ പ്രേരിതരാകുന്നു എന്നത് അതീവ ഗൗരവതരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യത്തിൽ ഈ വിശ്വാസ്യത ഇതിനകം തന്നെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ മാത്രം ഉപയോഗിക്കപ്പെടുന്നു എന്നതും ഗവർണർ പദവി രാഷ്ട്രീയ ആയുധമായി മാറുന്നു എന്നതും ജനാധിപത്യത്തിലെ വലിയ തകർച്ചകളെയാണ്
സൂചിപ്പിക്കുന്നത്.

നിലവിലുള്ള കീഴ്്വഴക്കങ്ങളെയും ധാർമികതയെയും ബലികഴിച്ചുകൊണ്ടുള്ള പശ്ചിമബംഗാളിലെ ഈ വിവാദ നിയമനം ജനാധിപത്യ ചരിത്രത്തിലെ കറുത്ത പാടായി അവശേഷിക്കും. ഭരണഘടനാപരമായ പദവികളെ രാഷ്ട്രീയ ലാഭത്തിനുള്ള ചവിട്ടുപടിയാക്കുന്ന ഈ പ്രവണതക്ക് തടയിട്ടില്ലെങ്കിൽ ഭരണത്തിലും നിയമവ്യവസ്ഥയിലുമുള്ള സാധാരണക്കാരുടെ വിശ്വാസം പൂർണമായും നഷ്ടപ്പെടും. അധികാരത്തിന്റെ ചതുരംഗപ്പലകയിൽ ഉദ്യോഗസ്ഥർ വെറും കരുക്കളായി മാറുമ്പോൾ, പൗരന്മാരും അവരുടെ പരമാധികാരമായ വോട്ടവകാശവും അർഥശൂന്യമായി മാറുകയാണ്
ചെയ്യുന്നത്.

Latest