Connect with us

saji cheriyan

വിവാദ പ്രസംഗം: സജി ചെറിയാനെതിരായ തടസ്സ ഹരജി കോടതി തള്ളി

അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ് തള്ളിയത്.

Published

|

Last Updated

തിരുവല്ല | ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പോലീസ് റഫർ റിപോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തിരുവല്ല ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിച്ചിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ് തള്ളിയത്.

ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹരജിക്കാരന്റെ വാദം. മല്ലപ്പള്ളി വിവാദ പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. പ്രസംഗത്തിൽ ഭരണഘടനാ വിരുദ്ധമായതൊന്നുമില്ലെന്ന് പോലീസ് റിപോർട്ട് നൽകിയിരുന്നു. തുടർന്ന് സജി ചെറിയാൻ ഇന്നലെ മന്ത്രിസഭയിൽ പുനഃപ്രവേശം നേടുകയും ചെയ്തു.

സജി ചെറിയാനെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം സർക്കാറിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ളത്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ പിണറായി വിജയൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയത്.

Latest