Kerala
കോൺഗ്രസ് നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ എത്തും
കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ എന്നിവരാണ് എ ഐ സി സി നിരീക്ഷകരായി എത്തുന്നത്.
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ മികച്ച വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം വ്യാഴാഴ്ച ചേരും. 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയ സാഹചര്യത്തിൽ ഭരണരൂപീകരണ നടപടികൾ വേഗത്തിലാക്കാനാണ് മുന്നണിയുടെ തീരുമാനം.
ഹൈക്കമാൻഡ് നിശ്ചയിച്ച പ്രത്യേക നിരീക്ഷകർ നാളെ രാത്രിയോടെ തിരുവനന്തപുരത്തെത്തും. കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ എന്നിവരാണ് എ ഐ സി സി നിരീക്ഷകരായി എത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എം എൽ എമാരെ ഇവർ നേരിൽ കണ്ട് അഭിപ്രായം തേടും. ഓരോ അംഗത്തിന്റെയും പിന്തുണ ആർക്കാണെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷമായിരിക്കും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക.
വിജയാവേശം നിലനിൽക്കുമ്പോൾ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കി അധികാരം ഏൽക്കണമെന്ന ആലോചനയിലാണ് യു ഡി എഫ് നേതൃത്വം. മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കുന്നത് ഭരണത്തുടക്കം സുഗമമാക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ചത്തെ യോഗം നിർണ്ണായകമാകും.
Summary
The Congress party has scheduled its Legislative Party meeting for Thursday to discuss the selection of the next Chief Minister of Kerala following the UDF’s decisive victory with 102 seats. AICC observers, including Mukul Wasnik and Ajay Maken, will arrive in Thiruvananthapuram to collect individual opinions from the 63 newly elected Congress MLAs. The leadership aims to complete the cabinet formation and swearing-in ceremony quickly to maintain the momentum of their electoral success.







