From the print
കോൺഗ്രസ്സ് സ്വാധീനം ചുരുങ്ങുന്നു
ഝാർഖണ്ഡിലെ ഇന്ത്യ വിജയം ആശ്വാസകരമാണെങ്കിലും ഹരിയാനയിലെ പതനത്തിനു ശേഷം മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനം നഷ്ടപ്പെട്ടത് ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്സിന്റെ മേധാവിത്വം ദുർബലപ്പെടാൻ ഇടയാക്കും.
		
      																					
              
              
            മുംബൈ / റാഞ്ചി | മഹാരാഷ്ട്രയിൽ പാർട്ടിയുടെ എക്കാലത്തെയും മോശം പ്രകടനവുമായാണ് കോൺഗ്രസ്സ് തോൽവി വഴങ്ങിയിരിക്കുന്നത്. ഝാർഖണ്ഡിലാകട്ടെ, ഭരണകക്ഷിയായ ജെ എം എമ്മിന്റെ ഭരണപങ്കാളിയെന്നതിനപ്പുറം സ്വാധീനമുണ്ടാക്കാൻ അവർക്കായതുമില്ല. ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾ താരതമ്യേന മികച്ച പ്രകടനം നടത്തുന്പോൾ കോൺഗ്രസ്സിന്റെ നില അടുത്തിടെയായി പരുങ്ങലിലാണ്. ഝാർഖണ്ഡിലെ ഇന്ത്യ വിജയം ആശ്വാസകരമാണെങ്കിലും ഹരിയാനയിലെ പതനത്തിനു ശേഷം മഹാരാഷ്ട്ര പോലൊരു വലിയ സംസ്ഥാനം നഷ്ടപ്പെട്ടത് ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്സിന്റെ മേധാവിത്വം ദുർബലപ്പെടാൻ ഇടയാക്കും.
ഉപതിരഞ്ഞെടുപ്പിൽ നന്ദെഡ് മണ്ഡലത്തിൽ ബി ജെ പിയോട് പരാജയപ്പെട്ടതോടെ ലോക്‌സഭയിലെ കോൺഗ്രസ്സിന്റെ അംഗബലം 98 ആയി കുറഞ്ഞു. മഹാ വികാസ് അഘാഡിയുടെ മോശം പ്രകടനത്തോടെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയും ഇല്ലാതാക്കി. മറുവശത്ത്, ഉജ്ജ്വല വിജയത്തോടെ അടുത്ത തിരഞ്ഞെടുപ്പിൽ എൻ ഡി എ ഉപരിസഭയിൽ ഭൂരിപക്ഷം നേടും.
മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ എം വി എയുടെ പ്രബല കക്ഷിയായിരുന്നിട്ടു കൂടി, പ്രതിപക്ഷ സഖ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെടുകയും എൻ ഡി എ തരംഗത്തിനു മുന്നിൽ തകർന്നുവീഴുകയും ചെയ്തു. എം വി എയിൽ നിന്ന് ഏറ്റവും കൂടുതൽ സീറ്റുകളിൽ (101) മത്സരിച്ച കോൺഗ്രസ്സ്, 16 മണ്ഡലങ്ങളിൽ മാത്രമാണ് വിജയിച്ചത്. എങ്കിലും, മുന്നണിയിൽ ഏറ്റവും വലിയ പതനം ശരദ് പവാറിന്റെ എൻ സി പിക്കാണ്. 86ൽ മത്സരിച്ച അവർക്ക് പത്ത് സീറ്റ് മാത്രമാണ് നേടാനായത്. ശിവസേന (യു ബി ടി) അൽപ്പം കൂടി മെച്ചപ്പെട്ട ഫലം നേടി. 95ൽ മത്സരിച്ചപ്പോൾ 21 സീറ്റുകളിലാണ് ഉദ്ധവിന്റെ പാർട്ടിയുടെ ജയം. മത്സരിച്ച 149ൽ 132 സീറ്റുകളിലും ജയിച്ച ബി ജെ പിയുടെ പ്രകടനത്തിന് മുന്നിൽ സംസ്ഥാനത്തെ മറ്റെല്ലാ പാർട്ടികളും നിഷ്പ്രഭമായി. മഹായുതിയിൽ ബി ജെ പിക്ക് 26.46, ശിവസേനക്ക് 12.47, എൻ സി പിക്ക് 9.35 ശതമാനവും എം വി എയിൽ കോൺഗ്രസ്സിന് 11.89, എൻ സി പി- എസ് പിക്ക് 11.25, ശിവസേന- യു ബി ടിക്ക് 10.28 ശതമാനവുമാണ് വോട്ട് വിഹിതം.
മുൻ തിരഞ്ഞെടുപ്പുകളിൽ, ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജയിക്കാനോ നില മെച്ചപ്പെടുത്താനോ പാടുപെട്ട കോൺഗ്രസ്സിന്റെ ദൗർബല്യം അതേ പോലെ തുടരുന്നുവെന്നാണ് മഹാരാഷ്ട്ര തെളിയിക്കുന്നത്. ഹരിയാനയിൽ ബി ജെ പി സർക്കാറിനെതിരെ ഉണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം മുതലെടുത്ത് വിജയം സ്വന്തമാക്കാൻ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും കോൺഗ്രസ്സിന് സാധിച്ചിരുന്നില്ല. ഇപ്പോൾ മഹാരാഷ്ട്രയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈ നിലനിർത്താനും അവർക്ക് കഴിഞ്ഞില്ല. ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസ് വിജയം നേടിയപ്പോൾ, അവരുടെ ചെറിയ സഖ്യകക്ഷിയെന്ന പദവി മാത്രമേ കോൺഗ്രസ്സിന് ലഭിച്ചുള്ളൂ.
പ്രാദേശിക കക്ഷികൾ കോൺഗ്രസ്സിനെ പിന്തള്ളുന്നത് തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ മുന്നണിയിൽ കോൺഗ്രസ്സ് ഇനിയും ദുർബലമായേക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


