Connect with us

articles

മധ്യപ്രദേശിനെ പഠിക്കാത്ത കോൺഗ്രസ്സ് ഹരിയാനയിലും തോറ്റു

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തുടർഭരണം ലഭിച്ചതിന് തുല്യമായ വിജയമാണ് ഹരിയാനയിൽ ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്. സ്വന്തമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നടപ്പാക്കിയ മുൻ മുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ്സിന്റെ കൈവെള്ളയിലെന്ന് കരുതിയ ഭരണം ഇല്ലാതാക്കുകയും ബി ജെ പിക്ക് ഹാട്രിക് വിജയം സമ്മാനിക്കുകയും ചെയ്തു. ഹരിയാനയിലെ കോൺഗ്രസ്സ് പരാജയത്തിന് കാരണം മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ സമാന നിലപാടാണ്.

Published

|

Last Updated

പഞ്ചാബ് സംസ്ഥാനം വിഭജിച്ച് 1996ൽ ഹരിയാന സംസ്ഥാനം രൂപീകൃതമായതിനു ശേഷം ഒരുപാർട്ടി തുടർച്ചയായി മൂന്ന് തവണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടുന്നത് ആദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ പ്രധാന കക്ഷികളായ ബി ജെ പി യും കോൺഗ്രസ്സും നേർക്കു നേർ മത്സരിച്ച തിരഞ്ഞെടുപ്പാണിത്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള തിരഞ്ഞെടുപ്പ് എന്ന പ്രാധാന്യവും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുണ്ടായിരുന്നു.

ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി ഭരണത്തുടർച്ച നിലനിർത്തിയതിനോടൊപ്പം 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം നിലനിൽക്കെ കഴിഞ്ഞ ഡിസംബറിൽ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് തുടർഭരണം ലഭിച്ചതിന് തുല്യമായ വിജയമാണ് ഹരിയാനയിൽ ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്. അണികളുടെ വികാരവും ഹൈക്കമാൻഡിന്റെ നിർദേശങ്ങളും അവഗണിച്ച് സ്വന്തമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ നടപ്പാക്കിയ മുൻമുഖ്യമന്ത്രി കമൽനാഥ് കോൺഗ്രസ്സിന്റെ കൈവെള്ളയിലെന്ന് കരുതിയ ഭരണം ഇല്ലാതാക്കുകയും ബി ജെ പിക്ക് ഹാട്രിക് വിജയം സമ്മാനിക്കുകയും ചെയ്തു. ഹരിയാനയിലെ കോൺഗ്രസ്സ് പരാജയത്തിന് കാരണം മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുടെ സമാന നിലപാടാണ്. എ ഐ സി സി സെക്രട്ടറി കുമാരി സെൽജയെ പോലും അവഗണിച്ച് ഹൈക്കമാൻഡ് ഹൂഡയെ കയറൂരി വിടുകയും ചെയ്തു.

കോൺഗ്രസ്സിനെ അപേക്ഷിച്ച് ഹരിയാനയിൽ ബി ജെ പി ദുർബലമായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ബി ജെ പിയെ ജനങ്ങളിൽ നിന്ന് അകറ്റിയിരുന്നു. കർഷകരുടെ എതിർപ്പും അഗ്‌നിപഥ് പദ്ധതി തുടങ്ങിയവയും ബി ജെ പി സർക്കാറിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് കണക്കുകൂട്ടി തിരഞ്ഞെടുപ്പ് നിരീക്ഷകർ കോൺഗ്രസ്സിന്റെ വിജയം പ്രവചിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ അഞ്ചിന് വോട്ടെടുപ്പിന് ശേഷം പുറത്തുവിട്ട എക്സിറ്റ് പോളുകളും കോൺഗ്രസ്സിന് നല്ല വിജയം പ്രവചിക്കുകയുണ്ടായി. 90 അംഗ നിയമസഭയിൽ 60 സീറ്റ് വരെ കോൺഗ്രസ്സ് നേടുമെന്നായിരുന്നു പ്രവചനം.

എന്നാൽ നിരീക്ഷകരുടെ നിരീക്ഷണവും എക്‌സിറ്റ് പോൾ പ്രവചനവും തെറ്റായിരുന്നുവെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്. അമിത ആത്മവിശ്വാസവും പാർട്ടിയിലെ അനൈക്യവും കോൺഗ്രസ്സിനെ തളർത്തിയപ്പോൾ താഴെ തട്ടിലിറങ്ങി പ്രവർത്തിച്ച ബി ജെ പി നേട്ടമുണ്ടാക്കി. ജാട്ട് -മുസ്്ലിം വോട്ടുകളിൽ കോൺഗ്രസ്സ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ജാട്ട് ഇതര വോട്ടുകൾ ഏകോപിപ്പിക്കുന്നതിലായിരുന്നു ബി ജെ പിയുടെ ശ്രദ്ധ. കോൺഗ്രസ്സ് ജയിച്ചാൽ ഭൂപീന്ദർ സിംഗ് ഹൂഡ ഹരിയാന മുഖ്യമന്ത്രിയാകുമെന്ന് ജാട്ടുകളല്ലാത്തവർ കണക്കുകൂട്ടി. അവർ നിശബ്ദമായി ബി ജെ പിയെ സഹായിച്ചു.

27 ശതമാനം വരുന്ന ജാട്ട് വോട്ടുകളിൽ കോൺഗ്രസ്സ് അമിതമായി പ്രതീക്ഷ വെച്ചുപുലർത്തിയത് ശരിയല്ലെന്ന് തെളിയിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. തുടക്കത്തിൽ ചില ജാട്ട് ആധിപത്യമുള്ള പ്രദേശങ്ങളിൽ കോൺഗ്രസ്സ് മുന്നിട്ടുനിന്നപ്പോൾ പിന്നീട് ഫലം മാറിമറിഞ്ഞു. നിർണായകമായ പല സീറ്റുകളും ബി ജെ പിക്ക് അനുകൂലമായി മാറി. ഭൂപീന്ദ്ര സിംഗ് ഹൂഡയുടെ ശക്തികേന്ദ്രമായ സോനിപത്തിലെ ആറ് സീറ്റിൽ നാലും ബി ജെ പി നേടി.

എ ഐ സി സി സെക്രട്ടറിയും എം പിയുമായ കുമാരി സെൽജക്ക് അർഹമായ പരിഗണന ലഭിക്കാതിരുന്നതും കോൺഗ്രസ്സിന്റെ പരാജയത്തിന് കാരണമായി. വിഭാഗീയതയും തെറ്റായ സ്ഥാനാർഥി നിർണയവും കോൺഗ്രസ്സിന് ഏതാണ്ട് 13 സീറ്റുകൾ ഇല്ലാതാക്കി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എ എ പി യുമായി ചേർന്നു മത്സരിച്ച് മികച്ച വിജയം കരസ്ഥമാക്കിയ കോൺഗ്രസ്സ്, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് വീമ്പു പറഞ്ഞ് എ എ പിയെ അകറ്റിനിർത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ 89 സീറ്റുകളിൽ മത്സരിച്ച എ എ പിക്ക് ഒരു സീറ്റും നേടാനായില്ലെങ്കിലും പാർട്ടി 1.65 ശതമാനം വോട്ട് നേടുകയുണ്ടായി. കോൺഗ്രസ്സിനെക്കാൾ 0.85 ശതമാനം വോട്ടുകളാണ് ബി ജെ പി നേടിയതെന്നറിയുമ്പോൾ എ എ പിക്ക് ലഭിച്ച 1.65 ശതമാനം വോട്ട് അത്രകുറവായി കരുതാനാവില്ല. ഹരിയാനയിലെ ഉച്ചന കലൻ മണ്ഡലത്തിൽ ബി ജെ പിയുടെ ദേവേന്ദർ ചതർഭുജ് അത്രിയോട് കോൺഗ്രസ്സ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് പരാജയപ്പെട്ടത് വെറും 32 വോട്ടുകൾക്കാണ്. സംസ്ഥാന കോൺഗ്രസ്സ് നേതൃത്വം പക്വതയോടെ നിയമസഭാ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നുവെങ്കിൽ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നു. കോൺഗ്രസ്സ്- ആം ആദ്മി പാർട്ടി സഖ്യത്തെ കുറിച്ച് ചർച്ച നടന്നിരുന്നുവെങ്കിലും സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്താനായില്ല.

പത്ത് സീറ്റ് ആവശ്യപ്പെട്ട എ എ പിക്ക് നാല് സീറ്റുകളിൽ കൂടുതൽ നൽകാനാകില്ല എന്ന നിലപാടായിരുന്നു കോൺഗ്രസ്സ് സ്വീകരിച്ചത്. ബി ജെ പി ചില മന്ത്രിമാരെ വരെ മാറ്റിനിർത്തി പുതുമുഖങ്ങൾക്ക് മത്സരിക്കാൻ അവസരം നൽകിയപ്പോൾ കോൺഗ്രസ്സ് പലതവണ മത്സരിച്ചവർക്കുതന്നെ അവസരം നൽകുകയായിരുന്നു. ഫലപ്രഖ്യാപനത്തിനു ശേഷം കോൺഗ്രസ്സിലെ ദളിത് മുഖമായ കുമാരി സെൽജ നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ്സിലെ അനൈക്യമാണ് പരാജയ കാരണമെന്ന് തുറന്നുപറയുകയുണ്ടായി. പാർട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പാർട്ടി ദേശീയ നേതൃത്വം തയ്യാറാകണമെന്നും കോൺഗ്രസ്സ് പ്രവർത്തകരുടെ വേദന പരിഹരിക്കുന്നതിന് പാർട്ടി ഹൈക്കമാൻഡ് വഴി കണ്ടെത്തണമെന്നും സെൽജ പ്രസ്താവനയിൽ പറഞ്ഞു. ഹൂഡക്കെതിരെയാണ് സെൽജ വിരൽ ചൂണ്ടുന്നതെന്ന് വ്യക്തം. അധികാരത്തിലെത്താനുള്ള കോൺഗ്രസ്സിന്റെ പ്രയാണത്തിന് തടയിട്ടവരെ കോൺഗ്രസ്സ് ഹൈക്കമാൻഡ് തിരിച്ചറിയുമെന്ന് അവർ വിശ്വാസം പ്രകടിപ്പിച്ചു.

ബി ജെ പിയുടെ അപ്രതീക്ഷിത വിജയത്തിന്റെ പിന്നിലെ രഹസ്യം സംസ്ഥാനത്തെ ജാട്ട് ഇതര 35 ജാതി ഒ ബി സി ഗ്രൂപ്പുകളുടെ ഏകീകരണമായിരുന്നു. കിഴക്കൻ, തെക്കൻ ഹരിയാനയിലെ ജാട്ട് ഇതര മേഖലകളിലെ ആധിപത്യം ബി ജെ പി നിലനിർത്തി. ബി ജെ പിക്കെതിരായ ഭരണവിരുദ്ധത തിരിച്ചറിഞ്ഞിട്ടും ഭൂപീന്ദർ സിംഗ് ഹൂഡയും കുമാരി സെൽജയും തമ്മിലുള്ള ഭിന്നത തടയാൻ കോൺഗ്രസ്സിന് കഴിയാതെ പോയി. ഇത് പാർട്ടിയുടെ സാധ്യതകൾ ഇല്ലാതാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അനുകൂലമായി നിലകൊണ്ട ദളിത് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുന്നതിലും ബി ജെ പി വിജയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ കോൺഗ്രസ്സ് എം പി കുമാരി സെൽജയോട് ബി ജെ പി നേതാക്കൾ അനുഭാവം പ്രകടിപ്പിച്ചത് പാർട്ടിക്ക് ഗുണം ചെയ്തു. ബി ജെ പിയെപ്പോലെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്സിനായില്ല. സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് കൊമ്പന്മാരിൽ പലരും പിണങ്ങിപ്പോകുകയും ചിലർ റിബൽ സ്ഥാനാർഥികളായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വോട്ടുചോർച്ച തടയാൻ ബി ജെ പിക്ക് സാധിച്ചു. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചതും ബി ജെ പിക്ക് തുണയായി.